ആ തീരുമാനത്തില്‍ ഇപ്പോഴും കുറ്റബോധമില്ല! സീരിയലില്‍ നിന്നാണ് എല്ലാം സമ്പാദിച്ചതെന്നും സ്വാസിക!
മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീലും ഒരുപോലെ സജീവമായ അഭിനേത്രികളിലൊരാളാണ് സ്വാസിക. സിനിമയിലൂടെയാണ് അഭിനയം തുടങ്ങിയതെങ്കിലും താരത്തിന്റെ കരിയര്‍ മാറി മറിഞ്ഞത് സീരിയലിലൂടെയായിരുന്നു. അഭിനയം മാത്രമല്ല നൃത്തത്തിലും കഴിവ് തെളിയിച്ചാണ് താരം മുന്നേറുന്നത്. സ്‌റ്റേജ് പരിപാടികളുമായും സജീവമാണ് താരം. കുട്ടിക്കാലം മുതലേ തന്നെ അഭിനയമായിരുന്നു ലക്ഷ്യമിട്ടത്. വലുതായപ്പോള്‍ ആ മോഹം സാക്ഷാത്ക്കരിക്കുകയായിരുന്നു താരം. തമിഴ് സിനിമയിലും അഭിനയിച്ചിരുന്നുവെങ്കിലും അത് അത്ര ഗുണകരമായി മാറിയിരുന്നില്ലെന്ന് താരം പറയുന്നു. കേരളകൗമുദിക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു സ്വാസിക മനസ്സുതുറന്നത്.
കുട്ടിക്കാലം മുതലേ നൃത്തം പഠിച്ചിരുന്നു. അതിനാലാവാം അഭിനയം മനസ്സിലേക്ക് കയറിയത്. ചെറുപ്പത്തില്‍ കണ്ണാടിക്ക് മുന്നില്‍ വെച്ചായിരുന്നു അഭിനയം. പാട്ടോ സിനിമയോ സീരിയലോ ഒക്കെ കണ്ടാല്‍ അത് അനുകരിക്കാന്‍ ശ്രമിക്കാറുണ്ടായിരുന്നു. തന്നിലെ കലാകാരിയെ വളര്‍ത്തുന്നതില്‍ നൃത്തവും ഒരുപാട് സഹായിച്ചിട്ടുണ്ടെന്ന് സ്വാസിക പറയുന്നു. പൂജ വിജയ് എന്ന പേരുമായി അഭിനയ ജീവിതം തുടങ്ങിയ താരം പിന്നീട് സ്വാസികയെന്ന പേര് സ്വീകരിക്കുകയായിരുന്നു. സീരിയലില്‍ നിന്നും വന്നയാളാണെന്ന തരത്തില്‍ ഒരിടത്തുനിന്നും തന്നെ മാറ്റിനിര്‍ത്തിയിട്ടില്ലെന്ന് മുന്‍പ് താരം പറഞ്ഞിരുന്നു. സീതയെന്ന സീരിയലിനെക്കുറിച്ചും മോഹന്‍ലാലിനൊപ്പമുള്ള അഭിനയത്തെക്കുറിച്ചുമൊക്കെ തുറന്നുപറഞ്ഞാണ് താരം ഇപ്പോള്‍ എത്തിയിട്ടുള്ളത്.

സീതയായുള്ള വരവ്
മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിലൊന്നായിരുന്നു സീത. സീതയെന്ന ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ചത് സ്വാസികയായിരുന്നു. ഇന്ദ്രനെന്ന നായകനായെത്തിയത് ഷാനവാസായിരുന്നു. സീത-ഇന്ദ്രന്‍ കെമിസ്ട്രിക്ക് ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്. സിനിമ ലഭിക്കാതെ വന്നപ്പോഴായിരുന്നു സീരിയല്‍ സ്വീകരിച്ചതെന്നും ആ തീരുമാനം കരിയറില്‍ വഴിത്തിരിവായി മാറുകയായിരുന്നുവെന്നും താരം പറയുന്നു. വലിയ പ്രശസ്തിയാണ് സീത തന്നത്. സീരിയലില്‍ നിന്നാണ് താന്‍ എല്ലാം സമ്പാദിച്ചതെന്നും സ്വാസിക പറയുന്നു.

മോഹന്‍ലാലിനൊപ്പം
മോഹന്‍ലാലിനൊപ്പം സെല്‍ഫിയെടുക്കണമെന്നായിരുന്നു മുന്‍പ് ആഗ്രഹിച്ചത്. ഇട്ടിമാണിയിലൂടെയാണ് താന്‍ ആ മോഹം സഫലീകരിച്ചതെന്നും സ്വാസിക പറയുന്നു. നേരത്തെ അദ്ദേഹത്തിനൊപ്പം സ്റ്റേജ് ഷോ ചെയ്തിട്ടുണ്ട്. അതുകൊണ്ട് പ്രത്യേകിച്ച് ടെന്‍ഷനൊന്നുമുണ്ടായിരുന്നില്ല. അദ്ദേഹത്തിനൊപ്പം അഭിനയിക്കുമ്പോള്‍ ഒരു പോസിറ്റീവ് ഫീല്‍ അനുഭവപ്പെടാറുണ്ട്. തന്റെ അഭിനയത്തെ അദ്ദേഹം ഒരുപാട് സഹായിച്ചിട്ടുണ്ടെന്നും താരം പറയുന്നു.

തേപ്പുകാരിയെന്ന വിളി
കട്ടപ്പനയിലെ ഋത്വിക് റോഷനില്‍ അഭിനയിച്ചതോടെയാണ് തേപ്പുകാരി എന്ന് വിളിക്കാന്‍ തുടങ്ങിയത്. നീതു എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമയിലുള്ളവരും തന്നെ ശ്രദ്ധിച്ച് തുടങ്ങിയത് ഈ കഥാപാത്രത്തെ ഏറ്റെടുത്തതോടെയാണ്. അതിന് പിന്നാലെയായി നിരവധി മികച്ച അവസരങ്ങളാണ് ലഭിച്ചത്. കരിയര്‍ ബ്രേക്ക് ചിത്രമായി മാറുകയായിരുന്നു അത്. നീതുവിനെ ഇപ്പോഴും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നുണ്ട്. തേപ്പുകാരിയെന്നായിരുന്നു ഒരുകാലത്ത് എല്ലാവരും താരത്തെ വിശേഷിപ്പിച്ചിരുന്നത്.

7 വര്‍ഷം കാത്തിരുന്നു
ഒന്നും രണ്ടുമല്ല 7 വര്‍ഷമാണ് താന്‍ കാത്തിരുന്നതെന്നും സ്വാസിക പറയുന്നു. തമിഴ് ചിത്രമായ വൈഗയിലൂടെയായിരുന്നു അഭിനയ ജീവിതത്തിന് തുടക്കമിട്ടത്. സിനിമ വിജയമായിരുന്നുവെങ്കിലും വലിയ അവസരങ്ങളൊന്നും തനിക്ക് ലഭിച്ചിരുന്നില്ലെന്നും താരം ഓര്‍ത്തെടുക്കുന്നു. പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്ന തരത്തിലുള്ള കഥാപാത്രങ്ങളെയൊന്നും അക്കാലത്ത് ലഭിച്ചിരുന്നില്ല. 7 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലായാണ് മികച്ച അവസരങ്ങളും കഥാപാത്രവും തന്നെത്തേടിയെത്തിയതെന്നും സ്വാസിക പറയുന്നു.


Click it and Unblock the Notifications











