69 വയസിലും പ്രവാസി, 365 ദിവസവും ജോലി, ഭക്ഷണം കുബ്ബൂസ്, അച്ഛന് വേണ്ടി ഒന്നും ചെയ്തില്ലെന്ന വിഷമമുണ്ട്; സ്വാസിക
അമ്മയെ കുറിച്ച് വാചാലയാകാറുണ്ടെങ്കിലും അച്ഛനെ കുറിച്ച് വളരെ വിരളമായി മാത്രമെ സ്വാസിക സംസാരിച്ചിട്ടുള്ളു. അടുത്തിടെ നടിയുടെ ഒരു വ്ലോഗ് വീഡിയോയിൽ അച്ഛൻ പ്രത്യക്ഷപ്പെട്ടിരുന്നു. വർഷങ്ങൾ ഏറെയായി പ്രവാസിയാണ് സ്വാസികയുടെ പിതാവ്. രണ്ട് വർഷം കൂടുമ്പോഴാണ് നാട്ടിലേക്ക് ലീവിന് വരുന്നത്. അച്ഛന്റെ പ്രവാസ ജീവിതത്തെ കുറിച്ച് തനിക്ക് പല തെറ്റിദ്ധാരണകളും ഉണ്ടായിരുന്നുവെന്നും അതെല്ലാം മാറിയത് അടുത്തിടെയാണെന്നും അച്ഛന് വേണ്ടി താൻ ഒന്നും ചെയ്തില്ലെന്ന വിഷമം അലട്ടുന്നുണ്ടെന്നും പറയുകയാണിപ്പോൾ നടി.
ഫറ ഷിബ്ലയുമായി നടത്തിയ സൗഹൃദ സംഭാഷണത്തിൽ മനസ് തുറക്കുകയായിരുന്നു നടി. എന്റെ അമ്മയുടെ ആഗ്രഹങ്ങളൊക്കെ സാധിച്ച് കൊടുക്കാൻ എനിക്കിപ്പോൾ പറ്റുന്നുണ്ട്. ഒരുപാട് സ്ഥലങ്ങളിൽ ഞങ്ങൾ ഒരുമിച്ച് യാത്ര ചെയ്തു. ലാലേട്ടനെ കാണണമെന്ന ആഗ്രഹം സാധിച്ച് കൊടുത്തു.

എന്റെ അമ്മൂമ്മയ്ക്ക് ഫ്ലൈറ്റിൽ കയറാൻ ആഗ്രഹം ഉണ്ടായിരുന്നു അതും സാധിച്ച് കൊടുത്തു. എന്റെ കഴിവിന് അനുസരിച്ച് ഇതൊക്കെ അവർക്ക് ചെയ്ത് കൊടുത്തപ്പോൾ ജീവിതത്തിലെ സന്തോഷ നിമിഷങ്ങളായി. പക്ഷെ അച്ഛന് വേണ്ടി ഇങ്ങനൊന്നും ചെയ്യാൻ എനിക്ക് കഴിഞ്ഞിട്ടില്ല. അച്ഛൻ അടുത്തിടെ വിദേശത്തെ ജോലിയിൽ നിന്നും ലീവെടുത്ത് നാട്ടിൽ വന്നു.
അച്ഛന് 69 വയസാണ്. അച്ഛൻ ഗൾഫുകാരനായതുകൊണ്ട് തന്നെ പല തെറ്റിദ്ധാരണകൾ അച്ഛന്റെ അവിടെയുള്ള ജീവിതത്തെ കുറിച്ച് എനിക്കുണ്ടായിരുന്നു. ജോലി ചെയ്തശേഷം അച്ഛൻ നന്നായി റസ്റ്റെടുക്കുന്നുണ്ടാകും എന്നൊക്കെയാണ് ഞാൻ കരുതിയത്. പക്ഷെ ഒരു സാധാരണ ജോലി ഗൾഫിൽ ചെയ്യുന്നയാൾക്ക് അതിന്റേതായ ബുദ്ധിമുട്ടുണ്ട്.
അച്ഛൻ കുബ്ബൂസാണ് മിക്കപ്പോഴും കഴിച്ചുകൊണ്ടിരുന്നതെന്ന് അച്ഛൻ പറഞ്ഞപ്പോഴാണ് അറിയുന്നത്. ഷർട്ട് പോലും അച്ഛൻ വാങ്ങിക്കാറില്ലായിരുന്നു. കാരണം നാട്ടിലേക്ക് രണ്ട് വർഷം കഴിഞ്ഞ് വരുമ്പോൾ പെട്ടി നിറയ്ക്കണമല്ലോ. അച്ഛന് വേറൊരു നല്ല ജോലിക്ക് ശ്രമിക്കാൻ പോലും പറ്റാത്ത സാഹചര്യമായിരുന്നു. വിസയിൽ അടക്കം പ്രശ്നങ്ങളുണ്ടായിരുന്നു. അച്ഛനെ മനസിലാക്കി തുടങ്ങിയത് തന്നെ ഇപ്പോഴാണ്. അച്ഛനെ എവിടേയും ഞാൻ കൊണ്ടുപോയിട്ടില്ല.
ഗൾഫിലാണെങ്കിലും റൂമും ഓഫീസുമല്ലാതെ അച്ഛൻ വേറൊന്നും കണ്ടിട്ടില്ല. 365 ദിവസും ഇരുപത്തിനാല് മണിക്കൂറും ജോലിയാണ് അച്ഛന്. ജീവിതത്തിൽ അച്ഛന് മറ്റൊന്നും ഉണ്ടായിട്ടില്ല. അച്ഛനെ എവിടെ എങ്കിലുമൊക്കെ കൊണ്ടുപോകണമെന്ന് എനിക്കുണ്ട്. പക്ഷെ ഇപ്പോൾ ഹെൽത്ത് ഇഷ്യൂസ് ഉണ്ട്.

യാത്ര ചെയ്യാൻ അത് ബുദ്ധിമുട്ടാണ്. നമ്മൾ വിചാരിക്കുന്നത് പോലെയാവില്ല പല ആളുകളുടേയും ജീവിതമെന്ന് ഞാൻ മനസിലാക്കി. അച്ഛന് വേണ്ടി ഒന്നും ചെയ്യാൻ പറ്റിയില്ലെന്ന വിഷമം എനിക്കുണ്ട്. ആരോഗ്യം മെച്ചപ്പെട്ട് അച്ഛനുമായി യാത്ര പോകാൻ പറ്റട്ടെയെന്ന് ആഗ്രഹിക്കുന്നു. പൈസ നമുക്ക് വേണം. പക്ഷെ പൈസയുണ്ടാക്കാനുള്ള ഓട്ടത്തിനിടയിൽ ഇതുപോലെ പല കാര്യങ്ങളും മറന്ന് പോകുന്നു.
ഞാൻ ഒന്ന് വിചാരിച്ചിരുന്നുവെങ്കിൽ ഇന്റസ്ട്രിയിൽ നിൽക്കുന്ന സമയത്ത് തന്നെ അച്ഛനെ നേരത്തെ അവധിക്ക് നാട്ടിലേക്ക് കൊണ്ടുവരാമായിരുന്നു. രണ്ട് വർഷം കഴിയാൻ അച്ഛന് കാത്തുനിൽക്കേണ്ടി വരുമായിരുന്നില്ല. ഫങ്ഷനിൽ പങ്കെടുക്കാനും യാത്ര ചെയ്യാനുമൊക്കെ കഴിഞ്ഞേനെ. ഫാമിലി വാല്യൂസ് ഞാൻ കൂടുതൽ മനസിലാക്കി തുടങ്ങി എന്നും സ്വാസിക പറയുന്നു.
തമിഴിൽ അടക്കം തിരക്കുള്ള താരമാണിപ്പോൾ സ്വാസിക. ലബ്ബർ പന്തിനുശേഷം തമിഴിലും മലയാളത്തിലുമെല്ലാം നിരവധി ഓഫറുകൾ താരത്തിന് ലഭിക്കുന്നു. ഒരു വർഷം മുമ്പായിരുന്നു നടിയുടെ വിവാഹം. സീരിയൽ-സിനിമ താരം പ്രേം ജേക്കബാണ് ഭർത്താവ്. മാമൻ, തമ്മുഡു തുടങ്ങിയവയാണ് നടിയുടെ ലേറ്റസ്റ്റ് റിലീസുകൾ. തെലുങ്ക് ചിത്രമാണ് തമ്മുഡു.


Click it and Unblock the Notifications











