'ഞാൻ എന്റെ പ്ലേറ്റ് കഴുകിവെച്ചാൽ സ്വാസിക ദേഷ്യപ്പെടും, എന്റെ പേരിൽ പ്രേമിനോട് അമ്മ ആറ് മാസത്തോളം മിണ്ടിയില്ല'
ഒരുമിച്ച് സീരിയലിൽ അഭിനയിച്ചശേഷമാണ് സീരിയൽ താരങ്ങളായ പ്രേം ജേക്കബും സ്വാസിക വിജയിയും പ്രണയത്തിലായത്. ഇരുവരും രണ്ട് മതത്തിൽപ്പെട്ടവരായതുകൊണ്ട് തന്നെ വിവാഹം പോലും വളരെ വ്യത്യസ്തമായിരുന്നു. ഒരു മതത്തിന്റെ ആചാര പ്രകാരമായിരുന്നില്ല ചടങ്ങുകൾ നടന്നത്. സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും സാന്നിധ്യത്തിൽ ബീച്ചിൽ വെച്ച് നടന്ന സ്വകാര്യ ചടങ്ങിലാണ് ഇരുവരും വിവാഹിതരായത്. വിവാഹത്തിന് പുടവ നൽകിയതിന് പിന്നാലെ സ്വാസിക പ്രേമിന്റെ കാൽ തൊട്ട് തൊഴുതപ്പോൾ തിരികെ പ്രേമും സ്വാസികയുടെ കാലിൽ തൊട്ടു വണങ്ങിയതിന്റെ ദൃശ്യങ്ങളൊക്കെ വൈറലായിരുന്നു.
പ്രണയം വീട്ടിൽ അറിഞ്ഞപ്പോൾ ഏറ്റവും കൂടുതൽ എതിർപ്പ് പ്രകടിപ്പിച്ചത് പ്രേമിന്റെ മാതാപിതാക്കളായിരുന്നുവത്രെ. വിവാഹത്തിന് സമ്മതം മൂളും മുമ്പ് അമ്മയുമായി പ്രേം നടത്തിയ ശീതയുദ്ധത്തെ കുറിച്ച് സ്വാസിക ജിഞ്ചർ മീഡിയ എന്റർടെയ്ൻമെന്റിന് നൽകിയ ഏറ്റവും പുതിയ അഭിമുഖത്തിൽ വെളിപ്പെടുത്തി.

വിവാഹവുമായി ബന്ധപ്പെട്ട് കുഞ്ചുവിന്റെ (പ്രേം) വീട്ടിൽ ചെറിയ പ്രശ്നമുണ്ടായിരുന്നു. അച്ഛന് പ്രശ്നമുണ്ടായിരുന്നുവെങ്കിലും ഇതുവരെ പറഞ്ഞിട്ടില്ല. അതുപോലെ ഒന്നിലും ഇടപെടാറുമില്ല. പെണ്ണ് കാണാൻ വന്ന് പോയിയെങ്കിലും മുന്നോട്ട് എന്ത് എന്നതൊന്നും അങ്കിൾ (പ്രേമിന്റെ അച്ഛൻ) പറഞ്ഞിരുന്നില്ല. എന്റെ അച്ഛനും അമ്മയും എല്ലാം മാറി മാറി വിളിച്ചെങ്കിലും ഫോൺ എടുത്തില്ല. കുഞ്ചുവിന്റെ അമ്മയും അമ്പിനും വില്ലിനും അടുക്കാതെ നിൽക്കുകയായിരുന്നു.
പക്ഷെ ഇപ്പോൾ പ്രശ്നങ്ങളൊന്നുമില്ല. ആ സമയത്ത് പ്രേം ഭയങ്കര ടെൻഷനിലായിരുന്നു. കാരണം അമ്മ മിണ്ടുന്നുണ്ടായിരുന്നില്ല. അഞ്ച്, ആറ് മാസം മിണ്ടിയില്ല. ആൺകുട്ടികൾക്ക് അമ്മ പ്രഷ്യസാണല്ലോ. അതുകൊണ്ട് തന്നെ അമ്മയ്ക്ക് സമ്മതമല്ലാത്തതിനാൽ കുഞ്ചു റിലേഷൻഷിപ്പിൽ നിന്ന് പിന്മാറുമോയെന്ന ടെൻഷൻ എനിക്കുണ്ടായിരുന്നു.
പക്ഷെ ആ കോൾഡ് വാർ നടക്കുന്നതിനിടയിൽ ആര് വന്നാലും വന്നില്ലെങ്കിലും ഞാൻ നിന്നെ കല്യാണം കഴിക്കുമെന്ന് പ്രേം എന്നോട് പറഞ്ഞിരുന്നു. അപ്പോഴാണ് എനിക്ക് സന്തോഷമായത്. പ്രേമിന്റെ ചേട്ടനും കട്ട സപ്പോർട്ടായിരുന്നുവെന്ന് സ്വാസിക പറയുന്നു. ഒരു കോൾഡ് വാർ പോലെ ഉണ്ടായിരുന്നു. ഇത്രയും പ്രശ്നങ്ങളുണ്ടായത് നല്ലതിനാണെന്ന് ഇപ്പോൾ മനസിലായി എന്നാണ് പ്രേം പറഞ്ഞത്.
അമ്മയ്ക്ക് കുഞ്ചുവും അദ്ദേഹത്തിന്റെ ചേട്ടനും അഭിനയത്തിലേക്ക് പോയതിനോട് താൽപര്യമില്ലായിരുന്നു. മക്കൾ ജോലി ചെയ്യണമെന്ന ആഗ്രഹമായിരുന്നു. അതിനിടയിലാണ് അഭിനയ മേഖലയിൽ നിന്നും ഒരാൾ കൂടി കുടുംബത്തിലേക്ക് വരുന്നുവെന്ന് അമ്മ അറിഞ്ഞത്. അതും അമ്മയ്ക്ക് ഇഷ്ടമായിട്ടുണ്ടാവില്ല. പക്ഷെ അമ്മ അതേ കുറിച്ച് ഇപ്പോൾ സംസാരിക്കുന്നില്ല. എല്ലാത്തിനും അമ്മ സപ്പോർട്ടായി.

ഞാൻ ഹിന്ദുവാണ്, നടിയാണ് എന്നതൊക്കെയാവാം അമ്മയ്ക്ക് ഞങ്ങളുടെ ബന്ധത്തോട് എതിർപ്പ് തോന്നാൻ കാരണമായത്. എല്ലാം ഇപ്പോൾ മാറി. കുഞ്ചുവിനേക്കാൾ അമ്മയ്ക്ക് ഇപ്പോൾ പ്രിയം എന്നോടാണ്. അമ്മ എന്റെ ഇഷ്ടങ്ങളെല്ലാം ഇപ്പോൾ നോക്കുന്നുണ്ടെന്നും അമ്മായിയമ്മയെ കുറിച്ച് സംസാരിക്കവെ സ്വാസിക പറഞ്ഞു.
സ്വാസികയുടെ വീട്ടിൽ നോൺ വെജ് ഉണ്ടാക്കുന്നത് പോലും തനിക്ക് വേണ്ടി മാത്രമാണെന്നും പ്രേം സ്വാസികയുടെ അമ്മയെ കുറിച്ച് സംസാരിക്കവെ പറഞ്ഞു. വിവാഹശേഷം താൻ കഴിച്ച പ്ലേറ്റ് കഴിവെക്കാൻ പോലും സ്വാസിക സമ്മതിക്കാറില്ലെന്നും ചില കാര്യങ്ങളിൽ സ്വാസിക ഇത്തരത്തിലാണെന്നും പ്രേം പറയുന്നു.
വിവാഹത്തിന് മുമ്പ് ഞാൻ കഴിച്ച പ്ലേറ്റ് ഞാൻ തന്നെയാണ് കഴുകി വെച്ചിരുന്നത്. ഇപ്പോൾ സ്വാസിക അതിന് സമ്മതിക്കാറില്ല. ഞാനെങ്ങാനും പ്ലേറ്റ് കഴുകിവെക്കാൻ കൊണ്ടുപോയാൽ സ്വാസിക ദേഷ്യപ്പെടും.
നല്ല കാര്യം ചെയ്താലും ദേഷ്യമാണെന്ന് പ്രേം പറഞ്ഞു. അതിനുള്ള മറുപടിയായി സ്വാസിക പറഞ്ഞത് ഇങ്ങനെയാണ്... എനിക്ക് ഭർത്താവിന്റെ പ്ലേറ്റ് കഴുകാനും കാപ്പി കൊണ്ടുകൊടുക്കാനുമെല്ലാം ആഗ്രഹമുണ്ട്. അതെന്റെ അവകാശമാണ്. ആളുകളെ ട്രീറ്റ് ചെയ്യാൻ എനിക്കിഷ്ടമാണ്. പക്ഷെ എല്ലാ പണിയും ചെയ്യാൻ എനിക്ക് ഇഷ്ടമല്ല.
തുണി അയേൺ ചെയ്യാനൊന്നും എനിക്ക് ഇഷ്ടമല്ല. എനിക്ക് തുണി തേച്ച് ശീലമില്ലെന്നും സ്വാസിക പറയുന്നു. പ്രണയിച്ച് നടന്നിരുന്ന കാലത്ത് സിനിമയുടെ പ്രമോഷനെന്ന് അമ്മയോട് കള്ളം പറഞ്ഞ് പ്രേമിനെ കാണാൻ മുംബൈയിൽ പോയ കഥകളും സ്വാസിക വെളിപ്പെടുത്തി.


Click it and Unblock the Notifications