For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ജോര്‍ജുകുട്ടി വരുണിനെ അടക്കിയത് രാജാക്കാട് സ്റ്റേഷനിലോ? ദൃശ്യം 2നെക്കുറിച്ചുള്ള കുറിപ്പ് വൈറല്‍!

  |

  മോഹന്‍ലാലിന്‍റെ പിറന്നാളിനോടനുബന്ധിച്ചായിരുന്നു ദൃശ്യം 2നെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം വന്നത്. ജീത്തു ജോസഫ് തന്നെ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിലായിരിക്കും മോഹന്‍ലാല്‍ ഇനി അഭിനയിക്കുന്നതെന്നുള്ള വിവരങ്ഹളും പുറത്തുവന്നിരുന്നു. ദൃശ്യം-ചില കാണാക്കാഴ്ച്ചകള്‍ എന്നുള്ള കുറിപ്പുമായെത്തിയിരിക്കുകയാണ് ശ്യാം വര്‍ക്കല, അദ്ദേഹത്തിന്‍റെ കുറിപ്പിലൂടെ തുടര്‍ന്നുവായിക്കാം.

  'ജോര്‍ജൂട്ടിയില്ലേ? വാതില്‍ തുറന്ന റാണി (മീന) അയാളെ എവിടെയോ കണ്ട ഓര്‍മ്മയില്‍ മനസ്സില്‍ ചികഞ്ഞു. അകത്തേയ്ക്ക് വരൂ, ഉണ്ട്. റാണിക്ക് എന്നെ ഓര്‍മ്മയുണ്ടോ. ഓര്‍മ്മ കാണും, പക്ഷേ ഈ കോലത്തിലായോണ്ട്

  മനസ്സിലാക്കാന്‍ പാടാ..ജോര്‍ജൂട്ടിയെ വിളിക്ക്. റാണി ഒന്നുകൂടി അയാളെ ചുഴിഞ്ഞ് നോക്കി. വലതു കാലിന് കുറച്ച് മുടന്തുണ്ട്, വലതു കൈ മുട്ടിന് താഴെ അറ്റു പോയിരിക്കുന്നു. നെറ്റിയില്‍ നീളത്തില്‍ മുറിവേറ്റ പാട്. വലത് കണ്‍പോള പാതി അടഞ്ഞ മട്ടില്‍. കണ്ണുകള്‍ ചുവന്ന് കലങ്ങിയിരിക്കുന്നു. കഷണ്ടി കയറി നരച്ച മുടിയിഴകള്‍. അയാള്‍ വേച്ച് വേച്ച് സിറ്റൗട്ടിലേയ്ക്ക് കയറി കസേരയില്‍ ഇരിക്കവേ ജോര്‍ജൂട്ടി ഇറങ്ങി വന്നു. ഒപ്പം റാണിയും. അയാള്‍ എഴുന്നേല്‍ക്കാന്‍ ശ്രമിച്ചെങ്കിലും ജോര്‍ജൂട്ടി തടഞ്ഞു കൊണ്ട് എതിരെയുള്ള കസേരയിലിരുന്നു കൊണ്ട് അയാളെ നോക്കി. ജോര്‍ജൂട്ടിയും ഓര്‍മ്മയില്‍ പരതുന്നുണ്ട്...എവിടെയാണ്...?..

  'ജോര്‍ജൂട്ടിയും എന്നെ മറന്നു ല്ലേ. വര്‍ഷം പത്തിരുപതായില്ലേ, ഞാനീ പരുവത്തിലും..'

  അയാള്‍ ചിരിച്ചു കൊണ്ട് റാണിയെ നോക്കി. റാണി ചിരിക്കാന്‍ ശ്രമിച്ചു കൊണ്ട് ജോര്‍ജൂട്ടിക്ക് അടുത്ത് വന്ന് നിന്നു. ജോര്‍ജൂട്ടി കസേരയില്‍ നിന്നും മുന്നോട്ടാഞ്ഞു കൊണ്ട് അയാളെ നോക്കി'സഹ..ദേവന്‍..സാറല്ലേ..?'ആ പേര് കേട്ടതും റാണി ഞെട്ടി,അതെ ഇതയാളാണ്..! ദേഹമാസകലം ഒരു വിറപടര്‍ന്നു കയറി. അതെ..ഇതയാള്‍ തന്നെ..! സഹദേവന്‍ ശബ്ദമില്ലാതെ ചിരിച്ചു.

  ജോര്‍ജൂട്ടി ഓര്‍ത്തെടുക്കുമെന്ന് എനിക്കറിയാരുന്നു. എനിക്കൊരു ചായ തരാനുണ്ടാകോ, വെള്ളമായാലും മതി.' സഹദേവന്‍ റാണിയെ നോക്കി.

  റാണി അയാളെ തന്നെ നോക്കി മരവിച്ച് നില്‍പ്പാണ്. പേടിക്കണ്ട റാണി ..ഞാന്‍ കുഴപ്പത്തിനൊന്നും വന്നതല്ല. സഹദേവന്‍ ശാന്തമായ മുഖത്തോടെ ഇരുവരെയും നോക്കി. റാണി ചിരി വരുത്താന്‍ ശ്രമിച്ച് കൊണ്ട് അകത്തേയ്ക്ക് കയറിപ്പോയി. ജോര്‍ജൂട്ടി ഞെട്ടല്‍ മറച്ച് സ്വാഭാവികമായ് ചിരിക്കാന്‍ ശ്രമിച്ച് കസേരയില്‍ ചാരിയിരുന്നു. സാറിപ്പോ... ഇതെന്താ പറ്റിയത്...ആകെ മാറിയല്ലോ. കണ്ടിട്ട് വിശ്വസിക്കാന്‍ പറ്റുന്നില്ല.' ജോര്‍ജൂട്ടി സഹദേവനെ അടിമുടി വീക്ഷിച്ചു കൊണ്ടേയിരുന്നു. മനസ്സിലുള്ള സഹദേവന്റെ ചിത്രം എത്രയൊക്കെ മാറ്റി വരയ്ക്കാന്‍

  ശ്രമിച്ചിട്ടും മുന്നിലുള്ള രൂപവുമായി പൊരുത്തപ്പെടുന്നില്ല. അത്രയ്ക്ക് മാറിപ്പോയിരുന്നു സഹദേവന്‍.

  Drishyam 1

  ഒരു കണക്കിന് ഈ കോലം നല്ലതാ..ആര്‍ക്കും മനസ്സിലാകില്ലല്ലോ. പഴയ സഹദേവന്‍ അത്ര നല്ലവനൊന്നുമല്ലെന്ന് ജോര്‍ജജൂട്ടിക്കറിയില്ലേ. സഹദേവന്‍ ചിരിച്ചു കൊണ്ട് പാതി അറ്റുപോയ വലതു കൈയ്യിലേയ്ക്ക് നോക്കി. ഒരു കേസ് വന്ന് പെട്ടു..

  കാശ് കൊറേ കിട്ടി പക്ഷേ.., ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ പിള്ളേര് വീട്ടില്‍ കയറി പണി തന്നു. ഈ കൈ അറ്റുപോയതും, മുഖത്ത് തന്നിട്ടു പോയതൊന്നുമല്ല...കൊല്ലാതെ വിട്ടുകളഞ്ഞു അതായിരുന്നു പണി..!' റാണി ചായ സഹദേവന് നേരെ നീട്ടി.

  സഹദേവന്‍ ചിരിയോടെ ചായയെടുത്ത് മൊത്തി.

  ആ കേസ് പിന്നെ എടങ്ങേറായി. പണി പോയി. യൂണിഫോം എന്നും കൂടെയുണ്ടാകുമെന്ന് കരുതി.. അതു കൊണ്ട് സമ്പാദിക്കാനൊന്നും മിനക്കെട്ടില്ല. ഒരു മകളുണ്ടായിരുന്നതിനെ കെട്ടിച്ചയച്ചു. ഓട്ടോഡ്രൈവറാ. മലപ്പുറത്ത് കവളപ്പാറ.

  പിന്നെ ഞാനും എന്റെ ഭാര്യേം അവിടെയൊരു പെട്ടിക്കടയിക്കെയിട്ടങ്ങ് കൂടി സുഖമായിരുന്നു..സ്വസ്ഥം പക്ഷേ, സഹദേവന്റെ മുഖം വാടി. നെടുവീര്‍പ്പിട്ടുകൊണ്ട് ഗ്ലാസിലുണ്ടായിരുന്ന ചായ ഒറ്റ വലിക്ക് കുടിച്ചു.

  'അവിടെയല്ലേ...ഉരുള്‍പൊട്ടി, ജോര്‍ജൂട്ടി പാതിയില്‍ നിര്‍ത്തി. സഹദേവന്‍ നെടുവീര്‍പ്പോടെ 'അതെ'യെന്ന് തലയാട്ടി. മ്...ഹ്..എന്റെ ഭാര്യ പോയി....

  ഒപ്പം എന്റെ മോളും...ആറ്റ് നോറ്റ് ഞങ്ങള്‍ക്ക് വൈകിയുണ്ടായൊരു പേരക്കുട്ടീം....!

  മരുമോന്‍ ചെക്കനേം, എന്നെയും ദൈവം ബാക്കി വച്ചു..മരിച്ചവരെ ഓര്‍ത്ത് കരയാനാരെങ്കിലും വേണ്ടേ.സഹദേവന്‍ നിറഞ്ഞ കണ്ണ് തുടച്ചു. മുന്നിലിരുന്നു കരയുന്ന സഹദേവനെ ജോര്‍ജൂട്ടിക്ക് വിശ്വസിക്കാനായില്ല.

  ഇത് സഹദേവന്‍ തന്നെയാണോ...! പഴയ സഹദേവന്റെ തരിമ്പ് പോലും തന്റെ മുന്നിലിരിക്കുന്ന ഈ മനുഷ്യനിലില്ല. ജോര്‍ജൂട്ടി എന്ത് പറയണെന്നറിയാതെ റാണിയെ നോക്കി. റാണി ആകെ വിയര്‍ത്ത് നില്‍പ്പാണ്.

  അതൊക്കെ പോട്ടെ.. ഞാന്‍ വന്നത് എന്റെ കഥ പറഞ്ഞ് മൂക്ക് പിഴിയാനല്ല ജോര്‍ജൂട്ടി..

  ആ പഴയ കേസില്ലേ... വരുണ്‍ പ്രഭാകര്‍... അതിനെ കുറിച്ച് ചിലത് പറയാനാ...നമ്മള്‍ മൂന്ന് പേര്‍ക്കിടയില്‍ മാത്രമേ ഇക്കാര്യം നില്‍ക്കൂ. നിങ്ങളെ വീണ്ടും കുഴപ്പത്തിലാക്കാനല്ല ഞാന്‍ വന്നത്..പക്ഷേ..ഇതെനിക്ക് പറയാതെ വയ്യ..

  ചിലതൊക്കെ ജോര്‍ജൂട്ടിക്ക് എന്നോട് പറയേണ്ടിയും വരും. സഹദേവന്‍ വളരെ ശാന്തനായാണ് സംസാരിച്ചത്. ജോര്‍ജൂട്ടി കുറുകിയ മിഴികളോടെ സഹദേവനെ നോക്കി.

  റാണിയുടെ മിഴികളിലും ഭയമിരുണ്ടു കൂടി. ഈശ്വരാ...ഇത്രയും വര്‍ഷങ്ങള്‍ക്ക് ശേഷം...വീണ്ടും..'

  ഇവിടെ തെളിവെടുപ്പിനു വരുന്നതിന്റെ തലേ ദിവസം വരുണിന്റെ അച്ഛന്‍ എന്നെ നേരില്‍ കാണണമെന്ന് പറഞ്ഞിട്ട് ഞങ്ങള്‍ പണി നടക്കുന്ന പുതിയ സ്റ്റേഷന്റെ മുന്നില്‍ വച്ച് മീറ്റ് ചെയ്തിരുന്നു. മറ്റൊന്നിനുമല്ല ജോര്‍ജ്കുട്ടിയോടുള്ള വ്യക്തി വൈരാഗ്യത്തിന്റെ പേരില്‍ കേസ് വഴിതിരിച്ച് വിടരുതെന്നും,അന്വേഷണം ശരിയായ രീതിയില്‍ നടത്തി മകനെ കണ്ടെത്തണമെന്ന് അപേക്ഷിക്കാന്‍..!

  Drishyam 2

  ദൃശ്യം 2 മോഹന്‍ലാലിന്‍റെ അടുത്ത സിനിമ | Filmibeat Malayalam

  അന്ന് അദ്ദേഹത്തിന്റെ വണ്ടിയില്‍ വരുണിന്റെ വളര്‍ത്തുനായ റൂണിയും ഉണ്ടായിരുന്നു.ഞങ്ങള്‍ സംസാരിച്ചു കൊണ്ടിരിക്കേ റൂണി വണ്ടിയില്‍ നിന്നും ചാടിപ്പോയി. രാത്രിയായതു കൊണ്ട് തിരയാന്‍ നിന്നില്ല ...

  രാവിലെ തിരഞ്ഞ് കണ്ടുപിടിച്ച് വീട്ടിലെത്തിക്കാമെന്ന് ഞാന്‍ സാറിനോട് പറയുകയും ചെയ്തു. എന്തെങ്കിലും ഓര്‍മ്മ വരുന്നുണ്ടോ ജോര്‍ജൂട്ടീ.?..ആ പട്ടിയെ.... ഓര്‍മ്മയുണ്ടോ?..ഏതാണാ പട്ടിയെന്ന് മനസ്സിലായോ? സഹദേവനില്‍ അപ്പോള്‍ പഴയ പോലീസുകാരന്റെ ശൗര്യമുണര്‍ന്നത് ജോര്‍ജൂട്ടി മനസ്സിലാക്കി.

  'സാറെന്തൊക്കെയാ ഈ പറയുന്നേ. സാറല്ലേ അവിടെയുണ്ടായിരുന്നത്..

  അത് എന്നോട് ചോദിച്ചാലോ എനിക്കൊരു പട്ടിയെയും അറിയില്ല..'

  ജോര്‍ജൂട്ടി ചിരിച്ചു കൊണ്ട് റാണിയെ നോക്കി. റാണി പരിഭ്രമം മറച്ച് ചിരിച്ചു. ജോര്‍ജൂട്ടി പറഞ്ഞത് ശരിയല്ല എന്ന് കുറച്ചു കഴിയുമ്പോള്‍ ജോര്‍ജൂട്ടി തന്നെ പറയും.. അത് വിടാം. ഇനി ഞാന്‍ മിനഞ്ഞെടുത്ത ഒരു കഥ പറയാം..വെറും കഥ. ജോര്‍ജൂട്ടിയോ

  റാണിയോ!, കല്ല്യാണം കഴിഞ്ഞ നിങ്ങളുടെ മകളോ...ആരോ ഒരാളാണ് വരുണിനെ കൊന്നത്. നിങ്ങള്‍ സമ്മതിച്ചാലും ഇല്ലെങ്കിലും അതാണ് സത്യം...

  വരുണിന്റെ ബോഡി ഇവിടെ ഈ പറമ്പില്‍ തന്നെയാണ് കുഴിച്ചിട്ടതും..

  പക്ഷേ, തെളിവെടുക്കുന്നതിന്റെ തലേ ദിവസം ജോര്‍ജ്ജൂട്ടി ആ ബോഡി ഇവിടെ നിന്നും മാറ്റി. തറപ്പണി നടക്കാനിരുന്ന രാജാക്കാട് പോലീസ് സ്റ്റേഷന്റെ മണ്ണിനടിയിലേയ്ക്ക്...അന്ന് ഞാനും വരുണിന്റെ അച്ഛനും പുതിയ സ്റ്റേഷന്റെ മുന്നില്‍ നിന്ന് സംസാരിക്കുമ്പോള്‍ ജോര്‍ജൂട്ടി അകത്ത് വരുണിനെ കുഴിച്ചിടുന്ന തിരക്കിലായിരുന്നു. ജോര്‍ജൂട്ടി ഞങ്ങളെ കണ്ടിരിക്കാം. കണ്ടില്ലായിരിക്കാം. അതെനിക്ക് ഉറപ്പില്ല. അന്ന് വരുണിന്റെ വളര്‍ത്തു നായ ചാടിപ്പോയതും ഇപ്പോഴാണ് ജോര്‍ജൂട്ടി അറിയുന്നത്.

  Drishyam 3

  കൃത്യമായി പറഞ്ഞാല്‍ പുതിയ സ്റ്റേഷനില്‍ എസ് ഐ ഇരിക്കുന്നത് മറവ് ചെയ്ത വരുണിന്റെ ബോഡിക്ക് മുകളിലാണ്...ല്ലേ ജോര്‍ജൂട്ടീ...??!ജോര്‍ജ്ജൂട്ടി ദേഷ്യത്തില്‍ ചാടിയെഴുന്നേറ്റു, റാണി ആകെ ഞെട്ടിത്തരിച്ചു നിന്നു പോയി. നിങ്ങള്‍ ആവശ്യമില്ലാതെ ഓരോ കഥ മെനഞ്ഞിട്ട് ഞാനത് സമ്മതിക്കണോ, നിങ്ങള്‍ പോണം സാറേ എനിക്ക് കുറച്ച് തിരക്കുണ്ട്. നിങ്ങളാരാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ ആട്ടിയിറക്കി വിടണമായിരുന്നു...അത്രത്തോളം നിങ്ങള്‍ ഞങ്ങളെ ദ്രോഹിച്ചിട്ടുണ്ട്..വീണ്ടും വന്നിരിക്കുവാണല്ലേ

  ...'

  സഹദേവന്‍ ചിരിച്ചു. കേസ് കൊടുമ്പിരി കൊണ്ട് നിന്ന സമയത്ത് പോലും ജോര്‍ജ്ജൂട്ടി ഇത്ര ദേഷ്യപ്പെട്ടിട്ടില്ല. ഞാന്‍ പറഞ്ഞില്ലേ എനിക്ക് നിങ്ങളെ ഉപദ്രവിക്കണ്ട...

  ജോര്‍ജ്ജൂട്ടിക്കറിയാം ഞാനിപ്പോള്‍ ഇവിടെ പറഞ്ഞ കാര്യങ്ങള്‍ അറിയേണ്ടവരെ അറിയിച്ചാല്‍ എല്ലാം താറുമാറാകുമെന്ന്. എനിക്ക് നിങ്ങളോടെ പകയുണ്ടായിരുന്നെങ്കില്‍ ഞാന്‍ അതായിരിക്കില്ലേ ആദ്യം ചെയ്യുക..?'ജോര്‍ജ്ജൂട്ടി സഹദേവനെ നോക്കി.ഇരിക്ക് ജോര്‍ജ്ജൂട്ടി.. റാണിയും ഇരിക്ക്..'സഹദേവന്‍ ചിരിച്ചു കൊണ്ട് പറഞ്ഞു.

  ജോര്‍ജ്ജൂട്ടിയും, റാണിയും പരസ്പരം നോക്കിക്കൊണ്ട് സെറ്റിയില്‍ ഇരുന്നു. ഇത്രയും വര്‍ഷങ്ങള്‍ക്ക് ശേഷം ഞാന്‍ ഇതെങ്ങെനെ അറിഞ്ഞെന്നാകും..പറയാം. അന്നിവിടെ തെളിവെടുപ്പില്‍ വരുണിന്റെ ബോഡിക്ക് പകരം പശുവിനെ തോണ്ടിയെടുത്ത് കേസ് മുഴുവന്‍ ജോര്‍ജൂട്ടിക്ക് അനുകൂലമായി. എനിക്ക് സ്ഥലം മാറ്റം കിട്ടി. രണ്ടാഴ്ച്ച കഴിഞ്ഞ് എസ് ഐ സാറിനെ ഒരു കേസ് ഫയല്‍ ഏല്‍പ്പിക്കാന്‍ ഞാന്‍ നമ്മുടെ പുതിയ പോലീസ് സ്റ്റേഷനില്‍ വന്നപ്പോള്‍ ഞാനവിടെ റൂണിയെ കണ്ടു. ഞാന്‍ നേരത്തെ പറഞ്ഞ വരുണിന്റെ പെറ്റ്. രണ്ടാഴ്ച്ചയ്ക്ക് മുന്‍പ്

  അതിനെ ആരോ ഉപദ്രവിച്ചിട്ട് അവിടെയുള്ള ജോലിക്കാര്‍ തന്നെ മരുന്ന് വച്ച് കെട്ടിക്കൊടുത്തിരുന്നു.

  ഞാന്‍ സ്റ്റേഷനില്‍ ചെല്ലുമ്പോള്‍ എസ് ഐ ഇരിക്കുന്ന ടേബിളിനു കീഴില്‍ നിന്ന് കോണ്‍സ്റ്റ്രബിള്‍സ് രണ്ട് പേര്‍ റൂണിയെ ലാത്തി കൊണ്ട് തട്ടി പുറത്തിറക്കുന്ന കാഴ്ച്ചയാണ് കാണുന്നത്. എത്ര ആട്ടിപ്പായിച്ചാലും ആ പട്ടി പിന്നെയും ആ ടേബിളിനു കീഴില്‍ വന്ന് കിടക്കുമെന്ന് കോണ്‍സ്ട്രബിള്‍ പറഞ്ഞത് എനിക്ക് ഇപ്പോഴും ഓര്‍മ്മയുണ്ട്. ഞാനപ്പോള്‍ തന്നെ വരുണിന്റെ അച്ഛനെ വിളിച്ചു റൂണിയുടെ കാര്യം പറഞ്ഞു. കാണാതെ പോയ മകനെ ഇതു വരെ കണ്ടുകിട്ടിയില്ല.

  അവന്റെ പട്ടിയെ കണ്ടു പിടിച്ചു അല്ലേ...നിങ്ങള്‍ക്ക് നാണമുണ്ടോ ഇത് വിളിച്ച് പറയാന്‍..' ഇതായിരുന്നു പ്രതികരണം ഞാന്‍ പിന്നെ അത് വിട്ടു...'

  സഹദേവന്‍ ജോര്‍ജൂട്ടിയെ നോക്കി.ജോര്‍ജൂട്ടി എല്ലാം കേട്ടു കൊണ്ട്

  തല കുമ്പിട്ട് നിലത്തേയ്ക്ക് നോക്കിയിരുപ്പാണ്. ജോര്‍ജൂട്ടിയുടെ കൈയ്യില്‍ പിടിച്ച് കൊണ്ട് പരിഭ്രമത്തില്‍ റാണി സഹദേവനെയും,ജോര്‍ജൂട്ടിയെയും മാറി മാറി നോക്കി.

  സഹദേവന്‍ തുടര്‍ന്നു. ജോര്‍ജ്ജൂട്ടി വരുണിനെ പോലീസ് സ്റ്റേഷനില്‍ കുഴിച്ചിടുന്ന നേരം കാറിനുള്ളില്‍ നിന്നും വരുണിനെ മണം പിടിച്ച് റൂണി കാറില്‍

  നിന്നും പുറത്തിറങ്ങിയതാകും. അവന്‍ കുരച്ച് ബഹളം വച്ചിരിക്കാം.. ജോര്‍ജൂട്ടിയെ ആക്രമിക്കാനും ശ്രമിച്ചിരിക്കാം. പിന്നെ വന്ന് കുഴി മാന്തിയാലോന്ന് ഭയന്നിട്ടാകാം

  കൈയ്യിലിരുന്ന പിക്കാസോ തൂമ്പയോ വച്ച് ജോര്‍ജൂട്ടി റൂണിയെ വെട്ടി.. കൊല്ലാന്‍ വേണ്ടി തന്നെ...!...പക്ഷേ റൂണി രക്ഷപെട്ടു.. ഇതാണ് സത്യം...

  ഇപ്പോള്‍ രാജാക്കാട് സ്റ്റേഷനില്‍ കുഴി തോണ്ടിയാല്‍ വരുണിന്റെ അസ്ഥിക്കൂടം കിട്ടും ജോര്‍ജൂട്ടീ ഇതാണുണ്ടായത്. ഇതല്ലേ സത്യം...'

  Drishyam 4

  ജോര്‍ജൂട്ടി ഒന്നും മിണ്ടിയില്ല. റാണി എല്ലാം കേട്ട് അമ്പരന്നിരിക്കുകയാണ്. അവള്‍ ജോര്‍ജൂട്ടിയുടെ കൈയ്യില്‍ അമര്‍ത്തിപ്പിടിച്ചു. നിങ്ങളെ..നിങ്ങളുടെ കുടുംബത്തെ തകര്‍ക്കാന്‍ ശേഷിയുള്ള എന്തോ ഒരു കാരണം വരുണില്‍ ഉണ്ടായിരുന്നു...

  അവന്‍ മരണത്തില്‍ കുറഞ്ഞ് ഒന്നും അര്‍ഹിക്കുന്നില്ല എന്ന് നിങ്ങള്‍ അടിയുറച്ച് വിശ്വസിക്കുന്നു..തീരുമാനിച്ചിരുന്നു... അതു കൊണ്ടാണ് നിങ്ങള്‍ ഇത്രയധികം ഫൈറ്റ് ചെയ്ത് പിടിച്ചു നിന്നത്. കുറച്ചെങ്കിലും കുറ്റബോധം വരുണിന്റെ മരണത്തില്‍ ജോര്‍ജൂട്ടിക്കുണ്ടായിരുന്നെങ്കില്‍ കൊന്നത് ജോര്‍ജൂട്ടിയല്ലെങ്കില്‍ കൂടി

  ഭാര്യക്കും മകള്‍ക്കും വേണ്ടി ജോര്‍ജൂട്ടി കുറ്റം ഏറ്റ് ജയിലില്‍ പോയേനെ..!

  വരുണിന്റെ മരണത്തിന് പിന്നിലെ കാരണം ...അത് നിങ്ങള്‍ക്ക് മാത്രമേ അറിയൂ...എനിക്ക് അറിയുകയും വേണ്ട... ജോര്‍ജൂട്ടിയുടെ ഈ മൗനം മാത്രം മതിയെനിക്ക്...

  എന്റെ നിഗമനങ്ങള്‍ ശരിയായിരുന്നുവെന്ന ആശ്വാസം മതിയെനിക്ക്...'

  സഹദേവന്‍ പതിയെ എഴുന്നേറ്റു. ഞാനെന്നാ....ഇനിയും നിങ്ങളെ ബുദ്ധിമുട്ടിക്കുന്നില്ല...'ജോര്‍ജൂട്ടി അനങ്ങിയില്ല,റാണി എഴുന്നേറ്റ് കൊണ്ട് ജോര്‍ജ്ജൂട്ടിയെ തട്ടി വിളിച്ചു. ജോര്‍ജൂട്ടി എഴുന്നേറ്റു. സഹദേവന്‍ ചെരുപ്പിട്ടു കൊണ്ട് ജോര്‍ജൂട്ടിയെ നോക്കി ചിരിച്ചു. ഞാനിവിടെ വന്നിട്ടില്ലാന്ന് കരുതിക്കോ, സഹദേവന്‍ തിരിഞ്ഞ് നടക്കാന്‍ തുടങ്ങി. ഇ..ഇ..ഇതെങ്ങെനെ...ഇപ്പോള്‍...എവിടുന്ന്....നിങ്ങള്‍ക്കീ സത്യം മനസ്സിലാക്കാന്‍ എങ്ങെനെ പറ്റി..ഞാനിത് എന്റെ ഭാര്യയോട് പോലും പറഞ്ഞിട്ടില്ല...'ജോര്‍ജൂട്ടിക്ക് ഞെട്ടലും പരിഭ്രമവും പൂര്‍ണ്ണമായും മാറിയിട്ടുണ്ടായിരുന്നില്ല.

  സഹദേവന്‍ നിന്നു,തിരിഞ്ഞ് നോക്കാതെ പുഞ്ചിരിച്ചു. ഉരുള്‍ പൊട്ടലില്‍ ഒരു മല മുഴുവനായും തെറിച്ച് ഞങ്ങള്‍ കുറെ പേരുടെ വീടിനു മുകളില്‍ വീണു.

  വീടിന്റെ ഒരടയാളം പോലും അവിടെ കാണാനുണ്ടായിരുന്നില്ല. എന്റെ സുലു..സുലോചന...മകള്‍..പേരക്കുട്ടി. പിന്നെ കുറെ...കുറെ..ആളുകള്‍..

  എല്ലാവരും ജീവനോടെ അടക്കം ചെയ്യപ്പെട്ടു. കുറച്ച് നേരം സഹദേവന്‍

  കണ്ണടച്ച് മൗനമായ് നിന്നു. എനിക്കൊരു വളര്‍ത്തു നായയുണ്ടായിരുന്നു മോളിക്കുട്ടി..

  എങ്ങെനെയോ അവള്‍ രക്ഷപെട്ടു. വിവരമറിഞ്ഞ് ഞാനും മരുമോന്‍ ചെക്കനും ഓടിപ്പാഞ്ഞ് വന്നപ്പോള്‍ വീട് നിന്നിടത്ത് ഒരടയാളമായി

  ന്റെ മോളിക്കുട്ടി ചുരുണ്ട് കൂടി കിടക്കുന്നു... ഞങ്ങളെ കണ്ട് അവള്‍ ശബ്ദമില്ലാതെ കരഞ്ഞു സഹദേവന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി.

  ദിവസങ്ങളോളം മോളിക്കുട്ടി അവിടെ നിന്നനങ്ങിയില്ല. മോളിക്കുട്ടിയാണ് എനിക്ക്

  വരുണ്‍ എവിടെയാണെന്ന് പറഞ്ഞു തന്നത്...ജോര്‍ജൂട്ടിക്ക് മാത്രമറിയാവുന്ന ആ സത്യം എനിക്ക് കാട്ടി തന്നത്.ജോര്‍ജൂട്ടി....നീയും വിശ്വസ്തനായ ഒരു വളര്‍ത്തു നായയാണ്,നിന്നെ തകര്‍ക്കാന്‍ വന്നവനെ കുഴിച്ചിട്ട് അതിനു മുകളില്‍ സ്വന്തം കുടുംബത്തിനു വേണ്ടി കാവല്‍ നില്‍ക്കുന്ന നായ.. കുടുംബമില്ലാതാകുന്നവന്റെ നെഞ്ചിലെ പിടപ്പ് പഴയ സഹദേവനറിയിലായിരുന്നു. ഇപ്പോ ശരിക്കറിയാം...

  ജോര്‍ജൂട്ടിയെയും.. മോളിക്കുട്ടിയോട് ക്ഷമിച്ചേക്ക് ജോര്‍ജൂട്ടീ. സഹദേവന്‍ കണ്ണ് തുടച്ചു കൊണ്ട് മുന്നോട്ട് നടന്നു. പഴയ സഹദേവന്‍ പോലീസ് നടന്നകലുന്നത് ജോര്‍ജൂട്ടി മരവിപ്പോടെ നോക്കി നിന്നു.

  English summary
  Syam Varkala's facebook post about Drishyam 2
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more
  X