തിയറ്ററുകളെ പൂരപ്പറമ്പാക്കി മെഗാസ്റ്റാര്‍, സെയ് റാ നരസിംഹ റെഡ്ഡിയുടെ ആദ്യ പ്രേക്ഷക പ്രതികരണം
മെഗാസ്റ്റാര്‍ ചിരഞ്ജീവി നായകനായി അഭിനയിച്ച ബ്രഹ്മാണ്ഡ ചിത്രം സെയ് റാ നരസിംഹ റെഡ്ഡി തിയറ്ററുകളിലേക്ക് എത്തി. മാസങ്ങളായി ഇന്ത്യന്‍ സിനിമാലോകം ഒന്നടങ്കം ആകാംഷയോടെ കാത്തിരിക്കുകയായിരുന്നു. ബാഹുബലിയ്ക്ക് ശേഷം അതിനെ വെല്ലുന്നൊരു ബിഗ് ബജറ്റ് ചിത്രമെന്ന പേരിലാണ് സെയ് റാ നരസിംഹ റെഡ്ഡി എത്തിയത്. ഗാന്ധി ജയന്തി ദിനമായതിനാല്‍ സിനിമ കാണാന്‍ ആള്‍ തിരക്കും വര്‍ദ്ധിച്ചു.
ഇന്ത്യയിലെ തന്നെ പല ഭാഷകളിലും ഒരേ സമയത്ത് റിലീസിനെത്തിയിരിക്കുന്ന സിനിമ കേരളത്തിലും വലിയ പ്രധാന്യത്തോടെ തന്നെയാണ് എത്തിയത്. ആദ്യ ഷോ കഴിയുമ്പോള്‍ തന്നെ നല്ല പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ചിരഞ്ജീവിയുടെ കരിയറിലെ ഏറ്റവും മികച്ച സിനിമയാണെന്നാണ് സെയ് റാ നരസിംഹ റെഡ്ഡിയെ കുറിച്ചുള്ള പ്രേക്ഷക പ്രതികരണം.

ചിത്രീകരണം ആരംഭിച്ചത് മുതല്‍ ആകാംഷ തന്ന് കൊണ്ടിരുന്ന സെയ് റാ നരസിംഹ റെഡ്ഡി തിയറ്ററുകളില്‍ നിന്നും ജൈത്രയാത്ര തുടങ്ങി. അമിതാഭ് ബച്ചന്‍, നയന്‍താര, വിജയ് സേതുപതി, തമന്ന, രവി കിഷന്‍, നിഹാരിക, ജഗപതി ബാബു, സുദീപ്, എന്നിങ്ങനെ വമ്പന്‍ താരങ്ങള്‍ അണിനിരന്ന ചിത്രം പ്രതീക്ഷകള്‍ നിലനിര്‍ത്തിയെന്ന് തന്നെയാണ് ആദ്യം ലഭിച്ച റിപ്പോര്‍ട്ടുകളില്‍ നിന്നും വ്യക്തമാക്കുന്നത്. സിനിമയിലെ പ്രമുഖരായ എല്ലാ താരങ്ങളുടെ പ്രകടനവും എടുത്ത് പറയാന്‍ പാകത്തിനുള്ളതാണെന്നാണ് കമന്റുകള്‍.

നയന്‍താരയും തമന്നയുമായിരുന്നു നായികമാര്‍. നയന്‍സിന്റെ ശക്തമായ പ്രകടനം പലപ്പോഴും കണ്ടത് പോലെ തന്നെയാണ് സെയ് റാ നരസിംഹ റെഡ്ഡിയിലും. എന്നാല്‍ അതിലും മനോഹരമാക്കിയത് തമന്നയാണ്. ബാഹുബലിയില്‍ തമന്ന തിളങ്ങി. എങ്കിലും അഭിനയ പ്രധാന്യം കൊണ്ടും പ്രകടനം കൊണ്ടും സെയ് റാ നരസിംഹ റെഡ്ഡി നടിയുടെ കരിയറിലെ വലിയൊരു വിജയം തന്നെയായിരിക്കുമെന്നും പ്രേക്ഷകര്‍ പറയുന്നു. ഡാന്‍സ് ചെയ്ത് കൊണ്ട് സംഘട്ടനം നടത്തുന്ന തമന്നയുടെ ഒരു രംഗമാണ് ഏറ്റവും പ്രശംസിക്കപ്പെട്ടത്.

ചിരഞ്ജീവിയുടെ ഗുരുവിന്റെ വേഷത്തിലെത്തിയ അമിതാഭ് ബച്ചനും മികച്ചതാക്കി. വിജയ് സേതുപതി, സുദീപ് കിച്ചാ എല്ലാവരും മനോഹരമാക്കി. അതുപോലെ സിനിമയിലെ ബിജിഎം അത്യുഗ്രനാണ്. സിനിമയുടെ ഇന്‍ട്രോയില്‍ അനുഷ്‌ക ഷെട്ടിയുടെ വരവും പ്രേക്ഷകരെ ഏറെ ആകര്‍ഷിക്കുന്നതാണെന്നും ആദ്യ പ്രതികരണങ്ങളില്‍ നിന്നും വ്യക്തമാവുന്നു.

ഇന്ത്യയുടെ ആദ്യ സ്വാതന്ത്ര്യ സമരസേനാനിയായിരുന്ന ഉയ്യാലവാട നരസിംഹ റെഡ്ഡിയുടെ കഥയെ ആസ്പദമാക്കി ഒരുക്കിയ ബയോപിക് ചിത്രമാണ് സെയ് റാ നരസിംഹ റെഡ്ഡി. സുരേന്ദ്രര്‍ റെഡ്ഡിയാണ് സംവിധാനം ചെയ്യുന്നത്. സ്വതന്ത്ര്യത്തിന് വേണ്ടി പോരാടുന്ന സിനിമ ആയതിനാല്‍ ആക്ഷന്‍ രംഗങ്ങള്‍ക്ക് വലിയ പ്രധാന്യമാണ് സിനിമയിലുള്ളത്. 55 കോടിയോളം മുതല്‍ മുടക്കിലാണ് സെയ് റാ നരസിംഹ റെഡ്ഡിയിലെ യുദ്ധരംഗം മാത്രം ഷൂട്ട് ചെയ്തിരിക്കുന്നത്.

സിനിമയെ കുറിച്ചുള്ള പോസിറ്റീവ് റിവ്യൂ വന്നതോടെ ബോക്‌സോഫീസില്‍ വിപ്ലവം സൃഷ്ടിക്കുമെന്നാണ് അറിയുന്നത്. ആദ്യദിനം എത്ര കോടി സ്വന്തമാക്കുമെന്ന് തരത്തിലുള്ള പ്രവചനങ്ങള്‍ ഇതിനകം നടന്നിട്ടുണ്ട്. ഇന്ന് രാത്രിയോടെ ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍ വരുന്നതോടെ ഏകദേശ രൂപം ലഭിക്കും. കേരളത്തിലും വലിയ സ്വീകരണമാണ് സെയ് റാ നരസിംഹ റെഡ്ഡിയ്ക്ക് കിട്ടിയിരിക്കുന്നത്.


Click it and Unblock the Notifications











