നടിയുടെ കൂടെയുള്ള എന്റെ കിടപ്പറ രംഗം കണ്ട് ഭാര്യ കരഞ്ഞു! അതിന് സംവിധായകനെ തല്ലിയിട്ടുണ്ടെന്ന് നടന്‍ ടിജി രവി
നടന്‍ ടിജി രവിയെ കുറിച്ച് പറയുമ്പോള്‍ മലയാള സിനിമയിലെ കിടിലനൊരു വില്ലന്റെ രൂപം മനസില്‍ തെളിയും. അത്രത്തോളം ഇംപാക്ട് ഉണ്ടാക്കാന്‍ നടന് സാധിച്ചിരുന്നു. ഒരു കാലത്ത് സ്ഥിരമായി വില്ലന്‍ റോളുകള്‍ ചെയ്ത് കൊണ്ടാണ് ടിജി രവി ശ്രദ്ധേയനാവുന്നത്. ബലാത്സംഗവും സ്ത്രീകളെ ഉപദ്രവിക്കുന്നതുമായ കഥാപാത്രങ്ങളായിരുന്നു നടന്‍ കൂടുതലായി ചെയ്തിട്ടുള്ളത്.
സ്‌ക്രീനില്‍ താനഭിനയിക്കുന്നത് കണ്ടാല്‍ ഭാര്യയ്ക്ക് യാതൊരു കുഴപ്പവുമില്ലായിരുന്നു എന്നാണ് ടിജി രവി പറയുന്നത്. എന്നാല്‍ ഒരിക്കല്‍ എന്റെ ഭാര്യയ്ക്ക് കരയേണ്ട സാഹചര്യമുണ്ടായി.അതിന് വഴിയൊരുക്കിയ സംവിധായകനെ മാറ്റി നിര്‍ത്തിയിട്ട് തല്ലിയിട്ടുണ്ടെന്ന് പറയുകയാണ് താരം. റിപ്പോര്‍ട്ടര്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

സ്ത്രീകളെ ഉപദ്രവിക്കുന്ന കഥാപാത്രങ്ങളാണ് ഞാന്‍ സിനിമയില്‍ അഭിനയിച്ചതില്‍ കൂടുതലും. ഇക്കാര്യം ചൂണ്ടി കാണിച്ച് എന്റെ ഭാര്യയ്ക്ക് വിഷമം ഉണ്ടാക്കാന്‍ വേണ്ടി പലരും ശ്രമിച്ച് നോക്കിയിട്ടുണ്ട്. വേണ്ടപ്പെട്ടവരായിട്ടുള്ള ആളുകളൊക്കെ ഭാര്യയോട് ചോദ്യങ്ങളുമായി വരും. ഇതൊന്നും കണ്ടിട്ട് കുട്ടിയ്ക്ക് വിഷമം തോന്നുന്നില്ലേ എന്നാണ് അവര്‍ ചോദിക്കുന്നത്. എന്നാല്‍ അതൊന്നും തങ്ങളെ ബാധിച്ചിരുന്നില്ലെന്നാണ് നടന്‍ പറയുന്നത്.
എന്റെ ഭാര്യയ്ക്ക് പന്ത്രണ്ടും എനിക്ക് പതിനേഴും വയസുള്ളപ്പോള്‍ തുടങ്ങിയതാണ് ഞങ്ങളുടെ ബന്ധം. പ്രണയവിവാഹമായിരുന്നു. സഹോദരഭാര്യയുടെ അനിയത്തിയായത് കൊണ്ട് പ്രണയവിവാഹം നടത്തിയതില്‍ കാര്യമായ പ്രശ്‌നം ഒന്നും ഉണ്ടായിട്ടില്ല. മാത്രമല്ല ഭാര്യയ്ക്ക് തന്നെ അറിയാമായിരുന്നു.
ഞങ്ങള്‍ ഒരുമിച്ച് സിനിമ കാണാന്‍ പോവാറുണ്ട്. ഞാന്‍ അഭിനയിച്ച സിനിമകളും കാണുമായിരുന്നു. പക്ഷേ ഒരിക്കല്‍ എന്റെ സിനിമയുമായി ബന്ധപ്പെട്ട് ഭാര്യ കരഞ്ഞിട്ടുണ്ടെന്ന് പറയുകയാണ് നടന്‍. ഒരിക്കല്‍ ഞങ്ങള്‍ രണ്ടുപേരും കൂടി തിയേറ്ററില്‍ സിനിമ കാണാന്‍ പോയി. അതില്‍ ഞാനഭിനയിച്ച ഒരു കിടപ്പറ രംഗമുണ്ട്.

ഞാന്‍ അഭിനയിക്കുമ്പോള്‍ ചെറിയൊരു സീനാണത്. അതില്‍ ഡീറ്റെയിലായിട്ട് ഒന്നും ഉണ്ടായിരുന്നില്ല. ആ സീനില്‍ നിന്ന് പെട്ടെന്ന് മറ്റൊന്നിലേക്ക് പോവുകയാണുണ്ടായത്. പക്ഷേ സിനിമ തിയേറ്ററില്‍ വന്നപ്പോള്‍ അതൊരു മുഴുനീള കിടപ്പറ രംഗമായി. ഞാന്‍ അഭിനയിക്കാത്തതൊക്കെ അതിലുണ്ടായിരുന്നു. അന്നാണ് ഞാന്‍ അഭിനയിച്ചതുമായി ബന്ധപ്പെട്ട് ആദ്യമായി എന്റെ ഭാര്യ കരഞ്ഞു പോയത്.
അതെനിക്ക് സങ്കടമായി. വേറെ നിവൃത്തിയില്ലാത്തത് കൊണ്ട് ഞങ്ങള്‍ ഇറങ്ങി പോന്നു. വല്ലാതെ അത് വേദനിപ്പിച്ചു. ഞാനല്ലെന്ന ബോധ്യം അവര്‍ക്കുണ്ട്. പക്ഷേ പബ്ലിക്കിന് മുന്നില്‍ വരുന്നതും എല്ലവരും കാണുന്നത് കൊണ്ടും അവര്‍ക്ക് വലിയ പ്രയാസമുണ്ടായി. ഒരു വൈരാഗ്യമായി തന്നെ അതെന്റെ മനസ്സില്‍ കിടക്കുന്നുണ്ട്.
ഒരിക്കല്‍ മദ്രാസിലെ പ്രസാദ് സ്റ്റുഡിയോയില്‍ വച്ച് ഞാന്‍ ഈ സിനിമയുടെ സംവിധായകനെ കണ്ടുമുട്ടി. സിനിമ എങ്ങനെ ഓടി എന്നൊക്കെ കാര്യങ്ങള്‍ ചോദിച്ച് അയാളെ ഒരു മൂലയിലേക്ക് കൂട്ടികൊണ്ട് പോയി. എന്നിട്ട് ഒരു അടി കൊടുത്തു. ആരും അറിയണ്ട. അറിഞ്ഞാല്‍ എനിക്കല്ല, നിനക്കാണ് ദോഷം. കാര്യം എന്താണെന്ന് മനസിലായിട്ടുണ്ടാവില്ലേ. ബെഡില്‍ വിരിച്ചിരുന്ന വിരി മദ്രാസില്‍ കൊണ്ടുപോയിട്ടാണ് അയാള്‍ ആ രംഗത്തിന്റെ ബാക്കി ചിത്രീകരിച്ചതെന്നും' ടി ജി രവി പറഞ്ഞു.


Click it and Unblock the Notifications











