ഒടിയന്റെ അണിയറയിൽ ഒരുപാട് കാര്യങ്ങൾ നടന്നു; ശ്രീകുമാർ മേനോൻ ഇനിയങ്ങനെ പറയില്ല; എന്റർടെയ്ന്റ്മെന്റ് കൺസൽട്ടന്റ്
മലയാള സിനിമാ ലോകത്ത് ഏറ്റവും കൂടുതൽ ചർച്ചയായ സിനിമകളിൽ ഒന്നാണ് 2018 ൽ പുറത്തിറങ്ങിയ ഒടിയൻ. മോഹൻലാലിന്റെ കരിയറിൽ തുടരെ പരാജയങ്ങൾ വന്ന് തുടങ്ങുന്നത് ഈ സിനിമയ്ക്ക് ശേഷമാണെന്ന് ആരാധകർക്ക് അഭിപ്രായമുണ്ട്. ഒടിയന്റെ സംവിധായകൻ ശ്രീകുമാർ മേനോന് ഇന്നും ഈ സിനിമയുടെ പേരിൽ വിമർശനം കേൾക്കാറുണ്ട്. പതിറ്റാണ്ടുകൾ നീണ്ട മോഹൻലാലിന്റെ കരിയറിൽ റിലീസിന് മുമ്പ് ഇത്രയും ഹൈപ്പ് കൊടുത്ത ഒരു സിനിമയില്ല. ഇതിന് മുന്നിൽ നിന്നത് ശ്രീകുമാർ മേനോൻ തന്നെയാണ്.
എന്നാൽ സിനിമ റിലീസ് ചെയ്തപ്പോൾ പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ടില്ല. സോഷ്യൽ മീഡിയയിൽ വ്യാപക ട്രോളുകളും വന്നു. സിനിമാ രംഗത്ത് ശ്രീകുമാർ മേനോനെ പിന്നീട് കണ്ടിട്ടില്ല. പരസ്യ ചിത്രങ്ങളിലാണ് ഇദ്ദേഹമിപ്പോൾ ശ്രദ്ധ കൊടുക്കുന്നത്. ഒടിയൻ നേരിട്ട വിമർശനങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് എന്റർടെയ്ൻമെന്റ് കൺസൽട്ടന്റ് വിവേദ് രാമദേവൻ. ഇന്ത്യൻ എക്സപ്രസ് മലയാളത്തോടാണ് പ്രതികരണം.

ആദ്യ ദിനം ഏറ്റവും കൂടുതൽ കലക്ഷൻ നേടിയ മലയാള സിനിമ ഇന്നും ഒടിയനാണ്. സിനിമയെ ബാധിച്ചത് മാർക്കറ്റിംഗാണോ സിനിമയാണോ എന്നത് ഡിബേറ്റ് ആകും. ഒടിയൻ നല്ല സിനിമയാണ്, എന്തിനാണ് ആളുകൾ വിമർശിക്കുന്നതെന്ന് ചിലർ ചോദിക്കും. അങ്ങനെയാണ് കൂടുതൽ പേരും പറയുന്നതെങ്കിൽ മാർക്കറ്റിംഗാണ് ബാധിച്ചത്. മുംബെെയിൽ ഇന്ന് ടീസറും ട്രെയ്ലറും ഫസ്റ്റ് ലുക്ക് പോസ്റ്ററും സിനിമ തന്നെയും ടെസ്റ്റ് ചെയ്യുന്ന ഏജൻസികൾ ഇന്നുണ്ട്.
അതനുസരിച്ച് സിനിമ റീ ഷൂട്ട് ചെയ്യുകയും റീ എഡിറ്റ് ചെയ്യുകയും ചെയ്യും. ഇതിന് പിന്നിൽ സയന്റിഫിക് പ്രോസസുണ്ട്. നമ്മുടെ ആൾക്കാർ സിനിമ റെഡിയാക്കുന്നത് തലേ ദിവസമാണ്. സംവിധായകനാണ് സിനിമയുടെ ടൈറ്റിൽ തീരുമാനിക്കുന്നത്. ഒടിയനെ പോലെ മറ്റൊരു ഉദാഹരണമാണ് കൊത്ത.

ഓവർ ഹൈപ് ബിൽഡിംഗ് എന്നൊന്നില്ല. ഒടിയന്റെ മാർക്കറ്റിംഗിന്റെ ഭാഗമായിരുന്നില്ല. പക്ഷെ ശ്രീകുമാർ മേനോനൊപ്പം ഞാനുണ്ടായിരുന്നു. ആ സിനിമയെക്കുറിച്ചുള്ള എല്ലാം ഹൈപ്പ് ഉണ്ടാക്കി. സിനിമ വിജയിച്ചു. മാർക്കറ്റിംഗ് ഇല്ലായിരുന്നെങ്കിൽ അത്രയും നമ്പർ കലക്ഷൻ കിട്ടില്ലായിരുന്നു. പ്രൊഡ്യൂസർക്ക് സിനിമ ലാഭകരമാണെന്നാണ് ഞാൻ അറിഞ്ഞത്. അത് മാർക്കറ്റിംഗ് കൊണ്ടാണ് അത് സാധിച്ചത്. അണിയറയിൽ ഒരുപാട് കാര്യങ്ങൾ നടന്നിട്ടുണ്ട്. ഒരുപാട് നെഗറ്റീവ് കാര്യങ്ങൾ സിനിമയ്ക്ക് പിന്നിൽ നടന്നിട്ടുണ്ടെന്നും വിവേദ് രാമദേവൻ പറഞ്ഞു.
സിനിമയെക്കുറിച്ച് അനാവശ്യമായി വലിയ വാദങ്ങൾ ഉന്നയിക്കുന്നത് തിരിച്ചടിയുണ്ടാക്കും. ഇനി ശ്രീകുമാർ മേനോൻ അങ്ങനെ പറയില്ലെന്നും ഇദ്ദേഹം വ്യക്തമാക്കി. പുഷ് 360 ആന്റ് വാർസ് സ്റ്റുഡിയോ എന്ന പരസ്യ ഏജൻസിയുടെ ചെയർമാനാണ് വിഎ ശ്രീകുമാർ മേനോൻ. ഇന്ത്യയിലെ പ്രമുഖ ബ്രാൻഡുകൾക്കായി 400 പരസ്യ ചിത്രങ്ങൾ ഇദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.
ഒടിയന് ശേഷം ഒരു പരസ്യ ചിത്രത്തിന് വേണ്ടി മോഹൻലാലിനൊപ്പം ശ്രീകുമാർ മേനോൻ പ്രവർത്തിച്ചിട്ടുണ്ട്. സംഘടിത സൈബർ ആക്രമണത്തെ അതിജീവിച്ച സിനിമയാണ് ഒടിയനെന്ന് ഒരിക്കൽ ശ്രീകുമാർ മേനോൻ പറഞ്ഞിട്ടുണ്ട്. ഒടിയന് ശേഷം മോഹൻലാൽ തന്നെ ചേർത്ത് നിർത്തിയിട്ടുണ്ടെന്നും ഇദ്ദേഹം അന്ന് വ്യക്തമാക്കി.


Click it and Unblock the Notifications











