കൊച്ചിയിലെത്തിയാൽ ദിലീപ് സാറിനെ വിളിക്കും; കുടുംബം പോലെ പരിഗണിച്ചു; എല്ലാ സെറ്റുകളിലും ഇങ്ങനെയല്ല; തമന്ന
മറ്റ് ഭാഷകളിലെ വിലപിടിപ്പുള്ള പല നടിമാരും മലയാളത്തിലേക്ക് കടന്ന് വന്നിട്ടുണ്ട്. എങ്കിലും തമന്നയുടെ മോളിവുഡ് അരങ്ങേറ്റം ഇതിനകം വൻ ജനശ്രദ്ധയാണ് നേടിയിരിക്കുന്നത്. റിലീസിനൊരുങ്ങുന്ന ബാന്ദ്ര എന്ന സിനിമയിൽ ദിലീപിന്റെ നായികയായാണ് തമന്ന എത്തുന്നത്. ബോളിവുഡിൽ വരെ തിരക്കേറിയ തമന്നയ്ക്ക് മലയാളികൾക്കിടയിൽ നേരത്തെ തന്നെ ആരാധകരുണ്ട്. ബാന്ദ്രയിലെ നടിയുടെ പെർഫോമൻസ് കാണാൻ കാത്തിരിക്കുകയാണ് ആരാധകർ.
മലയാള സിനിമാ രംഗത്തേക്കുള്ള കടന്ന് വരവിനെക്കുറിച്ചും ബാന്ദ്ര സിനിമയിൽ നിന്നുള്ള അനുഭവങ്ങളെക്കുറിച്ചും സംസാരിക്കുകയാണിപ്പോൾ തമന്ന. റെഡ് എഫ്എമ്മുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം. ഒരുകാര്യം നേരിട്ട് അനുഭവിക്കാതെ പൊതുവെ ഞാൻ അഭിപ്രായം പറയാറില്ല. അതിനാൽ മലയാള സിനിമാ രംഗം എങ്ങനെയായിരിക്കും എന്നത് സംബന്ധിച്ച് എനിക്ക് മുൻ ധാരണകൾ ഒന്നും ഉണ്ടായിരുന്നില്ല.

പക്ഷെ ഇത്രയും ഊഷ്മളത ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. ഇനി എപ്പോഴെങ്കിലും കൊച്ചിയിലേക്ക് വരികയാണെങ്കിൽ അരുൺ സാറിനെയും ദിലീപ് സാറിനെയും വിളിക്കും. അവരെന്നെ കുടുംബം പോലെയാണ് പരിഗണിച്ചത്. എല്ലാ സിനിമകളിലും ഇത്തരം അനുഭവങ്ങൾ ഉണ്ടാകില്ല. സെറ്റിൽ വന്ന് ജോലി ചെയ്യുക എന്നതിനപ്പുറവും സ്നേഹവും ബഹുമാനവും കിട്ടിക്കോളണം എന്നില്ല.
പക്ഷെ ഇവർ രണ്ട് പേരും എന്നെ വലിയ തോതിൽ പിന്തുണച്ചു. എനിക്ക് ആശങ്കയുണ്ടായിരുന്നു. കാരണം ആദ്യമായാണ് ഒരു സിനിമയിൽ മലയാളം സംസാരിക്കുന്നത്. അഭിനയിച്ച് തുടങ്ങുമ്പോൾ ഞങ്ങൾ രണ്ട് പേർക്കും സ്വാഭാവികമായി കെമിസ്ട്രി ഉണ്ടായി. ദിലീപ് സർ ഇന്റൻസ് പെർഫോമറാണ്. സെറ്റിൽ എല്ലാവരാലും വളരെയധികം ലാളിക്കപ്പെട്ടതിനാൽ മറ്റൊരു സിനിമയുടെ സെറ്റിലേക്ക് പോകുന്നത് ആലോചിക്കാൻ പറ്റില്ലെന്നും തമന്ന ചിരിച്ച് കൊണ്ട് പറഞ്ഞു.

തമന്നയെക്കുറിച്ച് ദിലീപും സംസാരിക്കുന്നുണ്ട്. തമന്നയുടെ വലിയ ആരാധകനാണ് ഞാൻ. ഇവരുടെ കൂടെ സിനിമ ചെയ്യാൻ പറ്റുമോ എന്നൊക്കെ ആലോചിച്ച കാലമുണ്ട്. ബാഹുബലിയൊക്കെ അത്ഭുതത്തോടെ കണ്ടതാണ്. കറങ്ങിത്തിരിഞ്ഞ് കഥ വന്നതും തമന്നയ്ക്കൊപ്പം അഭിനയിച്ചതും സ്വപ്ന സാക്ഷാത്കാരമാണെന്നും ദിലീപ് വ്യക്തമാക്കി. ബാന്ദ്രയുടെ കഥ പറഞ്ഞപ്പോൾ ആദ്യം മനസിലേക്ക് വന്നത് തമന്നയാണ്. തമന്ന ചെയ്തില്ലായിരുന്നെങ്കിൽ ഒരുപക്ഷെ ഈ സിനിമ നടക്കില്ലായിരുന്നെന്നും ദിലീപ് വ്യക്തമാക്കി.
നവംബർ പത്തിനാണ് ബാന്ദ്ര റിലീസ് ചെയ്യുന്നത്. അരുൺ ഗോപിയാണ് ചിത്രത്തിന്റെ സംവിധായകൻ. രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപും അരുൺ ഗോപിയും വീണ്ടും ഒരുമിച്ചെത്തുന്ന സിനിമയാണ് ബാന്ദ്ര. കരിയർ ഗ്രാഫ് പരിശോധിച്ചാൽ രാമലീല വൻ ഹിറ്റായെങ്കിലും അതുപോലൊരു ഹിറ്റ് പിന്നീട് ദിലീപിന് ലഭിച്ചിട്ടില്ല. അതിനാൽ തന്നെ അരുൺ ഗോപി ചിത്രത്തിൽ ദിലീപ് ആരാധകർക്ക് വലിയ പ്രതീക്ഷയുണ്ട്. . പതിവ് ദിലീപ് ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമാണ് ബാന്ദ്രയെന്നാണ് അരുൺ ഗോപി പറയുന്നത്.
മോളിവുഡ് അരങ്ങേറ്റത്തിൽ തമന്നയ്ക്കും പ്രതീക്ഷയുണ്ട്. തമിഴിലും തെലുങ്കിലും ബോളവുഡിലും തിരക്കേറിയിരിക്കെയാണ് മലയാളത്തിലും തമന്ന സാന്നിധ്യം അറിയിച്ചിരിക്കുന്നത്. ലസ്റ്റ് സ്റ്റോറീസ്, ജീ കർദാ, ഭോല ശങ്കർ എന്നിവയാണ് തമന്നയുടെ ഒടുവിൽ പുറത്തിറങ്ങിയ പ്രൊജക്ടുകൾ. ഇതിന് പുറമെ ജയിലറിൽ കാവലയ്യ എന്ന ഡാൻസ് നമ്പർ വലിയ തോതിൽ ശ്രദ്ധിക്കപ്പെട്ടു. ബാന്ദ്രയിൽ ദിലീപും തമന്നയും ഒരുമിച്ചുള്ള ഗാനരംഗം ഇതിനകം ശ്രദ്ധ നേടിയിട്ടുണ്ട്


Click it and Unblock the Notifications