മുഖക്കുരു മാറാൻ പല്ല് തേയ്ക്കും മുമ്പ് ഉമിനീർ പുരട്ടും, ഷൂട്ടിനുശേഷം ശരീരത്തിലെ ഓരോ ഭാഗത്തോടും നന്ദി പറയും!
തെന്നിന്ത്യൻ സിനിമയിലെ മിൽക്കി ബ്യൂട്ടി എന്നാണ് തമന്ന ഭാട്ടിയ അറിയപ്പെടുന്നത്. നടിയുടെ മുഖ സൗന്ദര്യവും വടിവൊത്ത ശരീര പ്രകൃതിക്കും ആരാധകർ ഏറെയാണ്. മുപ്പത്തിയഞ്ചുകാരിയായ താരം തിരക്കുള്ള പ്രൊഫഷണൽ ലൈഫിന് ഇടയിലും സൗന്ദര്യം എങ്ങനെ ഇത്രത്തോളം കാത്ത് സൂക്ഷിക്കുന്നുവെന്നത് ആരാധകർ എന്നും അത്ഭുതത്തോടെ നോക്കാറുള്ള ഒന്നാണ്. സൗന്ദര്യം നിലനിർത്താൻ നിരവധി പൊടി കൈകൾ നടി പരീക്ഷിക്കാറുണ്ട്. സ്ത്രീകളേയും പുരുഷന്മാരേയും ഒരുപോലെ അലട്ടുന്ന ഒന്നാണ് മുഖക്കുരു.
അറിയാവുന്ന എല്ലാ വഴികളും ആളുകൾ മുഖക്കുരു നീക്കം ചെയ്യാനായി പരീക്ഷിക്കാറുണ്ട്. എന്നാൽ നിരന്തരം മേക്കപ്പ് ഉപയോഗിക്കുകയും പൊടിയും ലൈറ്റിന്റെ വെളിച്ചവും ഏൽക്കുന്ന മുഖമായിട്ടും തമന്നയുടെ മുഖത്ത് ഒരു മുഖക്കുരു പോലുമില്ല. അതിന് പിന്നിൽ ചീപ്പ് ആന്റ് ബെസ്റ്റായ ഒരു പൊടിക്കൈയാണെന്ന് പറയുകയാണിപ്പോൾ നടി.

തമന്ന ഭാട്ടിയ അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിലാണ് സൗന്ദര്യ സംരക്ഷണത്തിനുള്ള പൊടിക്കൈകൾ പങ്കുവെച്ചത്. രാവിലെ എഴുന്നേറ്റ് പല്ല് തേക്കുന്നതിന് മുമ്പ് വായിലെ ഉമിനീർ എടുത്ത് മുഖക്കുരുവിൽ പുരട്ടുക എന്നതാണ് നടി വർഷങ്ങളായി മുഖക്കുരുവിന് എതിരെ ചെയ്യുന്ന ഹാക്ക്. രാവിലെയുള്ള ഉമിനീരിൽ അടങ്ങിയിരിക്കുന്ന ആന്റി ബാക്ടീരിയൽ ഗുണങ്ങൾ മുഖക്കുരുവിന് എതിരെ പ്രവർത്തിക്കുമെന്നും നീക്കം ചെയ്യാൻ സഹായിക്കുമെന്നുമാണ് നടി പറഞ്ഞത്.
മുഖക്കുരുവിന് തുപ്പലാണ് ഉപയോഗിക്കേണ്ടത്. ഇത് മുഖക്കുരുവിന് എതിരെ പ്രവർത്തിക്കുന്നു. രാവിലെ എഴുന്നേറ്റ് ബ്രെഷ് ചെയ്യുന്നതിന് മുമ്പുള്ള ഉമിനീരാണ് ഉപയോഗിക്കേണ്ടത്. ഇത് ശാസ്ത്രീയമാണ്. ഞാൻ ഒരു ഡോക്ടറല്ല. പക്ഷെ ഇത് ഞാൻ ഉപയോഗിക്കുന്ന പേഴ്സണൽ ഹാക്കാണ്. അതിൽ ശാസ്ത്രമുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു.
നിങ്ങൾ രാവിലെ ഉണരുമ്പോൾ നിങ്ങളുടെ ശരീരം നിങ്ങളുടെ വായിൽ ആവശ്യത്തിന് ആന്റി ബാക്ടീരിയൽ ഘടകങ്ങൾ സൃഷ്ടിച്ചിട്ടുണ്ടാകും. അതുകൊണ്ടാണ് നമ്മുടെ കണ്ണുകൾ പീളകൾ കൊണ്ട് നിറഞ്ഞിരിക്കുന്നതും നമ്മുടെ മൂക്ക് കഫം കൊണ്ട് നിറഞ്ഞിരിക്കുന്നതും. പല്ല് തേക്കുന്നതിന് മുമ്പ് രാത്രിയിൽ അടിഞ്ഞുകൂടിയ എല്ലാ ബാക്ടീരിയകളുമായും നമ്മുടെ വായ് പോരാടുന്നു.
നിങ്ങൾ ആ തുപ്പൽ ഉപയോഗിക്കുകയാണെങ്കിൽ അത് മുഖക്കുരു ഇല്ലാതാക്കാൻ സഹായിക്കും എന്നാണ് നടി പറഞ്ഞത്. നടിയുടെ വാക്കുകൾ ചർച്ചയായതോടെ ഡോക്ടർമാർ അതൊരു അപകടകരമായ രീതിയാണെന്ന് മുന്നറിയിപ്പ് നൽകി എത്തിയിട്ടുണ്ട്. ചര്‍മ്മത്തിന് ദോഷം വരുത്തുകയും അണുബാധ ഉണ്ടാക്കുകയും ചെയ്യുന്ന ബാക്ടീരിയകളും സൂക്ഷ്മാണുക്കളും അതില്‍ അടങ്ങിയിട്ടുണ്ടെന്നാണ് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നത്.

മുഖക്കുരുവിനെ ഉമിനീർ ഉപയോഗിട്ട് മാറ്റാമെന്നതിൽ വ്യക്തമായ പഠനങ്ങളൊന്നുമില്ലെന്നും വാസ്തവത്തിൽ ഉമിനീരിലെ എന്‍സൈമുകളും അസിഡിറ്റിയും സെന്‍സിറ്റീവ് ചര്‍മ്മത്തെ പ്രകോപിപ്പിക്കുകയോ വരണ്ടതാക്കുകയോ ചെയ്യുമെന്നുമാണ് ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നത്. തന്റെ ശരീരത്തെ അതിയായി സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നയാളാണ് നടി.
ഷൂട്ടിനുശേഷം തിരികെ എത്തിയാൽ ശരീരത്തിലെ ഓരോ ഭാഗവും തൊട്ട് നന്ദി പറയാറുണ്ടെന്ന് മുമ്പൊരിക്കൽ നടി വെളിപ്പെടുത്തിയിരുന്നു. എന്റെ ശരീരം എനിക്ക് പ്രിയപ്പെട്ടതാണ്. ഷൂട്ട് കഴിഞ്ഞ് വന്നാൽ ഒരു നീണ്ട കുളി കുളിക്കും. അപ്പോൾ ഓരോ ഭാഗത്തോട് നന്ദി പറയും. കാരണം എനിക്ക് അറിയാം ഒരു ദിവസം എന്റെ ശരീരം എത്രത്തോളം കഷ്ടപ്പെടുന്നുണ്ടെന്ന്. അതുകൊണ്ട് തന്നെ ശരീരത്തിന്റെ ഓരോ ഭാഗത്തോടും എന്റെ പ്രവൃത്തികളെ സഹിച്ചതിനും സഹകരിച്ചതിനും ഞാന്‍ നന്ദി പറയും.
ഇതൊക്കെ കേൾക്കുമ്പോൾ മറ്റുള്ളവർക്ക് ഭ്രാന്തായി തോന്നിയേക്കാമെന്നും പക്ഷെ അങ്ങനെ ചെയ്യുന്നതിൽ എന്താണ് തെറ്റെന്നുമാണ് നടി പറഞ്ഞത്. റേസിസം പോലുള്ള നിലനിൽക്കുന്ന സാഹചര്യത്തിലും ചർമ്മത്തിന്റെ നിറം കാരണം നടക്കുന്ന വേർതിരിവുകൾക്ക് എതിരെ സംസാരിച്ചിട്ടുള്ള നടി കൂടിയാണ് തമന്ന.


Click it and Unblock the Notifications











