'ഡ്രീം കോമ്പോ ഒരേ ഫ്രെയ്മിൽ....'; മോഹൻലാലിന്റെ ഫ്ലാറ്റിൽ അതിഥിയായി അജിത് കുമാർ, ചിത്രം പങ്കുവെച്ച് സമീർ ഹംസ!
ഒട്ടുമിക്ക സെലിബ്രിറ്റികളും സോഷ്യൽമീഡിയയിൽ സജീവമാണ്. സൂപ്പർ താരങ്ങൾ മുതൽ സിനിമയിലേക്ക് പുതുതായി വന്നവർ പ്രമോഷനായും എളുപ്പത്തിൽ ആരാധകരിലേക്ക് എത്തിച്ചേരാനും പ്രധാനമായും ഉപയോഗിക്കുന്നത് ഇത്തരം സോഷ്യൽമീഡിയകളാണ്.
എന്നാൽ സോഷ്യൽമീഡിയയിൽ നിന്നെല്ലം വളരെ അധികം അകലം പാലിക്കുന്ന താരങ്ങളിൽ ഒരാളാണ് തമിഴ് നടൻ തല അജിത്. അതുകൊണ്ട് തന്നെ അജിത്തിന്റെ വിശേഷങ്ങളെല്ലാം ആരാധകർ അറിയുന്നത് താരത്തിന്റെ ആരാധകർ വഴിയും ഭാര്യ ശാലിനിയുടെ ഇൻസ്റ്റഗ്രാം പേജുവഴിയുമെല്ലാമാണ്.
തുനിവ് സിനിമയുടെ റിലീസിന് ശേഷം അജിത്തിന്റെ ഒരു സിനിമയും തിയേറ്ററുകളിലേക്ക് എത്തിയിട്ടില്ല. താരം ബൈക്കുമായി ലോകം ചുറ്റി സഞ്ചരിക്കുകയാണ്. സിനിമ പോലെ തന്നെ തല അജിത്തിന്റെ മറ്റൊരു പാഷനാണ് ബൈക്ക് റൈഡ്. താരം വേൾഡ് ടൂർ നടത്തിയതിന്റെ വാർത്തകളും ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിലടക്കം വൈറലായി മാറിയ ഒന്നായിരുന്നു.

ബൈക്ക് ടൂറുകളോടുള്ള തന്റെ പാഷനെ കുറിച്ച് അദ്ദേഹം എപ്പോഴും പറയാറുണ്ട്. ഇന്ത്യയിലും വിദേശ സ്ഥലങ്ങളിലും അദ്ദേഹം നടത്തുന്ന ബൈക്ക് ടൂറുകളിൽ നിന്ന് അജിത്തിന് ബൈക്ക് റൈഡുകളോടുള്ള താൽപര്യം വളരെ വ്യക്തമാണ്. ഇപ്പോഴിതാ അജിത്തിന്റെ ഏറ്റവും പുതിയ വിശേഷങ്ങളാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്.
തമിഴകത്തിന്റെ തല മലയാളത്തിലെ താരരാജാവ് നടൻ മോഹൻലാലുമായി കൂടിക്കാഴ്ച നടത്തിയ വിശേഷങ്ങളാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. സംരംഭകനായ സമീർ ഹംസയാണ് മോഹൻലാലും അജിത്തും കൂടിക്കാഴ്ച നടത്തിയ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ പങ്കുവെച്ചത്.
ദുബായ് ബുർജ് ഖലീഫയിലെ മോഹൻലാലിന്റെ ഫ്ലാറ്റിലായിരുന്നു അജിത്തിന്റെ സ്വകാര്യ സന്ദർശനം. ഇരുവരും ഏറെ നേരം സമയം ചിലവഴിച്ചു. പുതിയ ചിത്രങ്ങളെക്കുറിച്ചും കുടുംബത്തെക്കുറിച്ചുമെല്ലാം പരസ്പരം ആരായുകയുണ്ടായി. ഓരോ നിമിഷവും നിധിയായിരുന്നു. ലാലേട്ടന്റെയും നടൻ അജിത്തിന്റെയും താര സാന്നിധ്യമുള്ള സൗഹൃദത്തിന്റെയും സൗഹൃദത്തിന്റെയും മാസ്മരിക സായാഹ്നം എന്ന തലക്കെട്ടോടെയാണ് സമീർ ഹംസ താരരാജാക്കന്മാരുടെ ചിത്രം പങ്കുവെച്ചത്.
ആരാധകരടക്കം നിരവധിപ്പേരാണ് ചിത്രത്തിന് കമന്റുകളുമായി എത്തുന്നത്. ഈ കോംബോയിൽ ഒരു സിനിമ വരണമെന്നും ഇന്ത്യയിലെ സകല ബോക്സ്ഓഫിസ് റെക്കോർഡും ആ സിനിമ തകർത്തെറിയുമെന്നുമെല്ലാമാണ് ആരാധകർ കുറിക്കുന്നത്.

ഇവർ രണ്ടുപേരും ഒത്തൊരു പടം വന്നാൽ... പൊളിക്കും, പ്രിയപ്പെട്ട താരങ്ങൾ ഒറ്റ ഫ്രെയ്മിൽ, ഇവർ ഒരുമിച്ച് ഒരു പടം വന്നാൽ പൊളിക്കും, കേരളത്തിലെ തലയും തമിഴ്നാട്ടിലെ തലയും എന്നെല്ലമാണ് കമന്റുകൾ വന്നത്. മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന വിടാമുയര്‍ച്ചിയാണ് അജിത്തിന്റെ അടുത്ത ചിത്രം. ചിത്രം മുഴുവനായും ആക്ഷന് പ്രാധാന്യം നല്‍കികൊണ്ടുള്ളതായിരിക്കും. അനിരുദ്ധ് രവിചന്ദറാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.
നീരവ് ഷാ സിനിമാറ്റോഗ്രഫിയും ഗോപി പ്രസന്ന ഡിസൈനറുമായെത്തുന്ന ചിത്രം ലൈക്ക പ്രൊഡക്ഷന്‍സാണ് നിര്‍മിക്കുന്നത്. ബിഗ് ബജറ്റിലാണ് ചിത്രമൊരുങ്ങുന്നത്. മോഹൻലാലും സിനിമാ തിരക്കുകളിലാണ്. മലൈക്കോട്ടൈ വാലിബന്‍, നേര്, വൃഷഭ തുടങ്ങിയവയാണ് മോഹൻലാലിന്റെ റിലീസിന് തയ്യാറെടുക്കുന്ന ഏറ്റവും പുതിയ സിനിമകൾ.
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ലിജോ ജോസ് പെല്ലിശേരിയും മോഹൻലാലും ഒന്നിക്കുന്ന മലൈക്കോട്ടൈ വാലിബൻ. ചിത്രത്തിനെ കുറിച്ചുള്ള ഓരോ അപ്‌ഡേറ്റും മോഹൻലാൽ ആരാധകരെ ആവേശം കൊള്ളിക്കുന്നതാണ്. താരത്തിന്റെ പിറന്നാളിന് ശേഷം ചിത്രീകരണം പൂർത്തിയായതല്ലാതെ മറ്റൊരു വിശേഷവും മലൈക്കോട്ടൈ വാലിബന്റെ അണിയറയിൽ നിന്നും പുറത്ത് വന്നിട്ടില്ല.
നേരത്തെ മോഹൻലാലിന്റെ പിറന്നാളിനോടനുബന്ധിച്ച് ഗ്ലിമ്പ്സ് വീഡിയോയും ഫസ്റ്റ് ലുക്കും മാത്രമാണ് മലൈക്കോട്ടൈ വാലിബനുമായി ബന്ധപ്പെട്ട് അണിയറപ്രവർത്തകർ പങ്കുവെച്ചിട്ടുള്ളത്. ആറ് മാസത്തോളം സമയമെടുത്താണ് സിനിമയുടെ മുഴുവൻ ചിത്രീകരണവും പൂർത്തിയാക്കിയത്.


Click it and Unblock the Notifications