കുള്ളനെന്ന് വിളിച്ച് കളിയാക്കി; വിവാഹത്തിന് മുമ്പ് ഭാര്യയോട് സംസാരിച്ചതാണ്; മക്കൾ പറഞ്ഞത്; നടൻ കിംഗ് കോങ്
തമിഴ് സിനിമാ രംഗത്ത് കോമഡി റോളുകളിലൂടെ ശ്രദ്ധ നേടിയ നടനാണ് ശങ്കർ എഴുമലൈ. കിംഗ് കോങ് എന്ന പേരിലാണ് സിനിമാ രംഗത്ത് ഇദ്ദേഹം അറിയപ്പെടുന്നത്. 1990 ൽ പുറത്തിറങ്ങിയ അതിസയ പിറവി എന്ന രജിനികാന്ത് ചിത്രമാണ് കിംഗ് കോങിന് കരിയറിൽ വഴിത്തിരിവാകുന്നത്. ഈ സിനിമയിലെ നടന്റെ കോമഡി രംഗങ്ങൾ ഇന്നും ജനപ്രിയമാണ്. പഴയത് പോലെ തുടരെ ഇദ്ദേഹത്തെ സിനിമകളിൽ കാണാറില്ല. ഗലാട്ട ചാനലിന് നൽകിയ അഭിമുഖത്തിൽ തന്റെ ജീവിതത്തെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് നടൻ കിംഗ് കോങ്.
ഉയരക്കുറവ് കാരണം തനിക്ക് പരിഹാസങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് നടൻ പറയുന്നു. അതേസമയം ഉയരമില്ലാത്തത് സിനിമാ രംഗത്ത് ശ്രദ്ധിക്കപ്പെടാൻ തന്നെ സഹായിച്ചെന്നും കിംഗ് കോങ് വ്യക്തമാക്കി.
മൂന്ന് അനിയത്തിമാരെ വിവാഹം ചെയ്ത് അയച്ചത് ഞാനാണ്. കുടുംബത്തിൽ എനിക്ക് മാത്രമാണ് ഉയരക്കുറവുള്ളത്. ഉയരക്കുറവ് കൊണ്ടാണ് തനിക്കിന്ന് ഈ നിലയിലേക്ക് ഉയരാൻ കഴിഞ്ഞതെന്ന് കരുതുന്നെന്ന് നടൻ പറയുന്നു.

ഞാൻ ഒന്നാം ക്ലാസിൽ പഠിക്കുമ്പോൾ കുട്ടികളെല്ലാം കളിയാക്കാൻ തുടങ്ങി. അന്ന് ഇതിനേക്കാൾ ഉയരം കുറവാണ്. കുളളായെന്ന് വിളിച്ച് കളിയാക്കും. ഞാൻ വളരുന്നില്ല, അതിനാലാണ് കളിയാക്കുന്നതെന്ന് തിരിച്ചറിഞ്ഞു. അച്ഛനോടും അമ്മയോടും പറഞ്ഞ് കരഞ്ഞു. ദൈവം സൃഷ്ടിച്ചതാണ്, അതിൽ കുഴപ്പമാെന്നുമില്ലെന്ന് അമ്മ പറഞ്ഞു. ഡോക്ടറെ കണ്ടപ്പോൾ ഓപ്പറേഷൻ പോലെ എന്തോ ചെയ്യണം എന്ന് നിർദ്ദേശിച്ചു. എന്നെ വെച്ച് പരീക്ഷിക്കാനാണ് അവർ നോക്കിയത്. അച്ഛനും അമ്മയും ഭയന്നു. അതൊന്നും വേണ്ട, ഇങ്ങനെ തന്നെ മതിയെന്ന് പറഞ്ഞെന്നും നടൻ ഓർത്തു.
കല എന്നാണ് കിംഗ് കോങിന്റെ ഭാര്യയുടെ പേര്. തന്റെ കുടുംബ ജീവിതത്തെക്കുറിച്ചും ഇദ്ദേഹം സംസാരിച്ചു. 2001 ലാണ് ഞാൻ വിവാഹിതനായത്. കല്യാണം നടക്കാത്തതിനെക്കുറിച്ച് പലരും ചോദിക്കുമായിരുന്നു. ചിലർ നല്ല രീതിയിൽ ചോദിക്കുന്നതാണെങ്കിലും മറ്റ് ചിലർ കളിയാക്കി ചോദിക്കുന്നതാണ്. കല്യാണം കഴിക്കണം, ഒരു തുണ വേണമെന്ന് അടുപ്പക്കാർ പറഞ്ഞു. അങ്ങനെയാണ് അച്ഛനോടും അമ്മയോടും ഇക്കാര്യം പറയുന്നത്.

അച്ഛൻ വഴിയാണ് കല്യാണാലോചന നടന്നത്. ഇങ്ങോട്ട് വന്ന് സംസാരിക്കുകയായിരുന്നു. വിവാഹത്തിന് മുമ്പ് ഭാര്യയോട് സംസാരിച്ചതാണ്. എന്നെ ഇഷ്ടമായിട്ട് വിവാഹം കഴിക്കുകയാണോ എന്ന് ചോദിച്ചു. നിങ്ങളുടെ സിനിമകളൊക്കെ കണ്ടിട്ടുണ്ട്. തനിക്ക് ഇഷ്ടമാണെന്ന് അവൾ പറഞ്ഞു. അങ്ങനെയാണ് വിവാഹം നടന്നത്. വിവാഹത്തിന് ശേഷം ജീവിതത്തിൽ മുന്നേറ്റങ്ങളുണ്ടായിട്ടുണ്ട്.
സാധാരണ ഭർത്താക്കൻമാരെ പോലെ ബൈക്കിൽ കറങ്ങാനൊന്നും തനിക്ക് പറ്റില്ലെന്ന് ഭാര്യയോട് മുമ്പ് പറഞ്ഞതാണ്. അതെല്ലാം എനിക്കറിയാം. കുഴപ്പമൊന്നും ഇല്ലെന്ന് അവൾ പറഞ്ഞു. പൊതുവെ സിനിമകൾ കാണാൻ ഭാര്യക്ക് താൽപര്യമില്ലെന്നും കിംഗ് കോങ് വ്യക്തമാക്കി.
ഒരു മകനും രണ്ട് പെൺമക്കളുമാണ് എനിക്കുള്ളത്. എല്ലാ കുട്ടികളുടെയും അച്ഛൻമാർ ഉയരമുള്ളവരാണ്. നിങ്ങളുടെ അച്ഛന് ഉയരമില്ലാത്തതിൽ വിഷമമുണ്ടോ എന്ന് മക്കളോട് ചോദിച്ചിട്ടുണ്ട്. അങ്ങനെയാെന്നും തോന്നിയിട്ടില്ല, അച്ഛൻ സിനിമാക്കാരനായതിൽ അഭിമാനമാണെന്നാണ് മക്കൾ പറഞ്ഞത്. അത് കേട്ടപ്പോൾ തനിക്ക് സന്തോഷമായെന്നും നടൻ വ്യക്തമാക്കി. മക്കളെ പഠിപ്പിക്കാൻ ഇതുവരെ ദൈവാനുഗ്രഹത്താൽ പ്രശ്നമൊന്നും ഉണ്ടായിട്ടില്ലെന്നും നടൻ പറഞ്ഞു.


Click it and Unblock the Notifications











