'എന്റെ മകൾക്കൊപ്പം ഞാനും മരിച്ചു, ശ്രേഷ്ഠമായ സ്ഥലത്തേക്കാണ് അവൾ പോയിരിക്കുന്നത്'; മകളെ കുറിച്ച് വിജയ് ആന്റണി!
കഴിഞ്ഞ ദിവസം ഹൃദയഭേദകമായ ഒരു വാർത്തയാണ് തമിഴകത്ത് നിന്നും വന്നത്. നടൻ വിജയ് ആന്റണിയുടെ മകൾ മീര മരിച്ചുവെന്നതായിരുന്നു എന്നതായിരുന്നു ആ വാർത്ത. പലർക്കും ആദ്യം ആ വാർത്ത ഉൾക്കൊള്ളാൻ കഴിഞ്ഞില്ല.
പതിനാറ് വയസ് മാത്രം പ്രായമുള്ള പെൺകുട്ടി എന്തിന് ആത്മഹത്യ ചെയ്തുവെന്ന ചോദ്യമാണ് ആദ്യം എല്ലാവരുടെയും മനസിൽ ഉയർന്നത്. മീരയുടെ ആത്മഹത്യ കോളിവുഡിനെ ഒന്നാകെ ഞെട്ടിച്ചു. രണ്ട് പെണ്‍മക്കളാണ് വിജയ് ആന്‍റണി-ഫാത്തിമ ദമ്പതികള്‍ക്ക് ഉള്ളത്. അതില്‍ മൂത്തയാളാണ് പ്ലസ് ടു വിദ്യാര്‍ത്ഥിയായ മീര.
പോസ്റ്റ്മോര്‍ട്ടം അടക്കം നടത്തിയതിന് പിന്നാലെ ആള്‍വാര്‍പേട്ടിലെ വിജയ് ആന്‍റണിയുടെ വീട്ടിലേക്ക് മൃതദേഹം എത്തിക്കുകയും പിന്നീട് സമീപത്തുള്ള പള്ളിയിൽ അടക്കുകയും ചെയ്തു. വിജയ് ആന്‍റണിക്ക് ആശ്വാസമേകാൻ തമിഴ് സിനിമാ മേഖലയിലെ ഒട്ടുമിക്ക താരങ്ങളും നടന്റെ വീട്ടില്‍ എത്തിയിരുന്നു. മാധ്യമങ്ങളെ അകത്തേക്ക് പ്രവേശിപ്പിച്ചിരുന്നില്ല.

മകളുടെ ചേതനയറ്റ ശരീരം വീട്ടിലേക്ക് എത്തിച്ച നിമിഷം മുതൽ അരികിൽ നിന്നും മാറാതെ പൊട്ടിക്കരഞ്ഞുകൊണ്ട് വിജയ് ആന്റണിയും ഭാര്യയും സമീപത്ത് തന്നെയുണ്ടായിരുന്നു. ഇപ്പോഴിതാ മകളുടെ വേർപാട് സംഭവിച്ച് ഒരു ദിവസം പിന്നിടുമ്പോൾ തന്റെ മകളെ കുറിച്ചുള്ള കുറിപ്പ് പങ്കുവെച്ച് എത്തിയിരിക്കുകയാണ് വിജയ് ആന്റണി. ഈ ലോകത്തേക്കാൾ ശ്രേഷ്ഠമായ ഒരു സ്ഥലത്തേക്കാണ് തന്റെ മകൾ പോയിരിക്കുന്നതെന്നും മകൾക്കൊപ്പം താനും മരിച്ചുവെന്നും താരം എഴുതി.
'പ്രിയപ്പെട്ടവരേ... എന്റെ മകൾ മീര വളരെ സ്നേഹവതിയും ധൈര്യശാലിയുമാണ്. ജാതിയും മതവും പണവും അസൂയയും വേദനയും ദാരിദ്രവും വെറുപ്പും ഇല്ലാത്ത ഈ ലോകത്തേക്കാൾ ശ്രേഷ്ഠമായ ഒരു ശാന്തമായ സ്ഥലത്തേക്കാണ് അവൾ ഇപ്പോൾ പോയിരിക്കുന്നത്.'
'അവൾ എന്നോട് സംസാരിക്കുകയാണ്. ഞാനും അവളോടൊപ്പം മരിച്ചു. ഞാനിപ്പോൾ അവളോടൊപ്പം സമയം ചിലവഴിക്കാൻ തുടങ്ങിയിരിക്കുന്നു. ഞാൻ ചെയ്യുന്ന എല്ലാ നല്ല കാര്യങ്ങളും അവളുടെ പേരിൽ അവൾ തന്നെ ചെയ്യുന്നതാണ്... എന്ന് നിങ്ങളുടെ വിജയ് ആന്റണി', എന്നാണ് താരം കുറിച്ചത്.

നടന്റെ ഹൃദയം നുറുങ്ങുന്ന കുറിപ്പ് ആരാധകരെയും കണ്ണീരിലാഴ്ത്തുകയാണ്. നിരവധി പേരാണ് നടന് ആശ്വാസവാക്കുകളുമായി എത്തുന്നത്. ധൈര്യം കൈവിടരുതെന്നും മകൾ എപ്പോഴും കൂടെയുണ്ടാകുമെന്നും പറഞ്ഞാണ് ആരാധകർ നടനെ ആശ്വസിപ്പിക്കുന്നത്. കുറിപ്പ് വായിച്ചപ്പോൾ ഒപ്പം ഞങ്ങളും കരയുന്നു.
നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും കൂടുതൽ സ്നേഹവും ശക്തിയും നേരുന്നു. ധൈര്യമായിരിക്കുക അവൾ എപ്പോഴും നിങ്ങളോടൊപ്പമുണ്ട് എന്നാണ് കുറിപ്പിന് വന്ന മറ്റൊരു കമന്റ്. തന്റെ പെൺമക്കളെ ഓർത്ത് എപ്പോഴും അഭിമാനം കൊണ്ടിരുന്ന പിതാവായിരുന്നു വിജയ് ആന്റണി. പൊതുപരിപാടികളിൽ താരത്തിന്റെ ഭാര്യയും മക്കളും സ്ഥിരം സാന്നിധ്യങ്ങളാണ്.
സംഭവത്തിൽ പോലീസ് അസ്വഭാവിക മരണത്തിന് കേസ് എടുത്തിട്ടുണ്ട്. മീരയുടെ ഫോണ്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. മീരയുടെ റൂമില്‍ പൊലീസ് ഫോറന്‍സിക് പരിശോധനയും നടത്തി. കഴിഞ്ഞ ഒരു വര്‍ഷമായി മീര വിഷാദ രോഗത്തിന് ചെന്നൈയിലെ കാവേരി ഹോസ്പിറ്റലില്‍ ചികില്‍സ തേടുന്നുണ്ടെന്നാണ് പൊലീസ് പറയുന്നത്.
ഈ രോഗാവസ്ഥ കാരണമായിരിക്കാം ആത്മഹത്യ എന്നാണ് പൊലീസിന്‍റെ പ്രഥമിക നിഗമനം. അടുത്ത് തന്നെ വിജയ് ആന്‍റണിയുടെയും ഭാര്യയുടെയും മൊഴി പൊലീസ് എടുത്തേക്കും. മീരയുടെ ക്ലാസിലെ കുട്ടികളുടെ അടക്കം മൊഴിയും പൊലീസ് രേഖപ്പെടുത്തിയേക്കും.
കുട്ടിക്കാലത്ത് വിജയ് ആന്റണിയുടെ പിതാവും ആത്മഹത്യ ചെയ്തിരുന്നു. അന്ന് താൻ അനുഭവിച്ച വേദന വലുതായതുകൊണ്ട് തന്നെ ആത്മഹത്യയ്ക്കെതിരെ എപ്പോഴും സംസാരിച്ചിരുന്നു വിജയ് ആന്റണി.


Click it and Unblock the Notifications











