കൂടെ കിടക്കാൻ ഞാൻ പറഞ്ഞിട്ടില്ല; റിഹാനയുടെ വായടപ്പിച്ച് ഗായത്രി കൃഷ്ണൻ; വൈറലായി വാക്കുകൾ
സിനിമാ, സീരിയൽ രംഗത്തെ കാസ്റ്റിംഗ് കൗച്ച് അനുഭവങ്ങളെക്കുറിച്ച് പല നടീനടൻമാരും തുറന്ന് പറഞ്ഞിട്ടുണ്ട്. ഇത്തരം സമീപനങ്ങളോട് നോ പറയുന്നത് മൂലം പല താരങ്ങൾക്കും അവസരങ്ങൾ നഷ്ടമായിട്ടുമുണ്ട്. മലയാള സിനിമാ രംഗത്ത് ഒരുപിടി നടിമാർ തങ്ങളുടെ ദുരനുനുഭവം മാധ്യമങ്ങൾക്ക് മുന്നിൽ തുറന്ന് പറയുകയുണ്ടായി. സമാനമായി അടുത്തിടെയാണ് തമിഴ് ടെലിവിഷൻ രംഗത്തെ അറിയാക്കഥകൾ മറനീക്കി പുറത്ത് വന്നത്. സീരിയൽ നടി റിഹാന കഴിഞ്ഞ ദിവസം കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് പറഞ്ഞ കാര്യങ്ങൾ ചർച്ചയായിരുന്നു.
നഗ്ന വീഡിയോ അയച്ച് തന്നാൽ 15 ലക്ഷം രൂപ തരാമെന്ന് ഒരാൾ വാഗ്ദാനം ചെയ്തതായി നടി വെളിപ്പെടുത്തി. ഇയാളെ പിടികൂടാൻ ശ്രമിച്ചെങ്കിലും നടന്നില്ലെന്നും റിഹാന പറഞ്ഞു. സാമ്പത്തിക പ്രശ്നങ്ങൾ നേരിടുന്ന സ്ത്രീകളും അഭിനയ രംഗത്ത് തുടരാതെ മറ്റ് മാർഗമില്ല എന്ന് ചിന്തിക്കുന്ന സ്ത്രീകളും വഴങ്ങിക്കൊടുക്കാറുണ്ടെന്ന് റിഹാന തുറന്ന് പറഞ്ഞു. ഇതിന് മുമ്പ് മറ്റൊരു തമിഴ് സീരിയൽ നടിയായ ഗായത്രി കൃഷ്ണൻ കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് പറഞ്ഞ കാര്യങ്ങൾ ചർച്ചയായിരുന്നു.

സമ്മതമാണെങ്കിൽ വഴങ്ങിക്കൊടുക്കുക, അല്ലെങ്കിൽ നോ പറയുക. വിവാദമാക്കേണ്ട കാര്യമില്ലെന്നായിരുന്നു ഗായത്രി കൃഷ്ണന്റെ പരാമർശം. ഇപ്പോഴിതാ റിഹാനയുമായുള്ള അഭിമുഖത്തിൽ തന്റെ വാക്കുകളെക്കുറിച്ച് വിശദീകരിക്കുകയാണ് ഗായത്രി കൃഷ്ണൻ. അത്തരമൊരു പരാമർശത്തിന് കാരണം എന്താണെന്ന റിഹാനയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു താരം.
നിങ്ങൾ കുട്ടികളല്ല. അഡ്ജസ്റ്റ്മെന്റ് ആവശ്യപ്പെട്ടാൽ നോ പറയാൻ എല്ലാ അധികാരമുണ്ട്. ചോദിച്ചാൽ പോയി കിടക്കാൻ ഞാൻ എവിടെയും പറഞ്ഞിട്ടില്ല. ഓരോരുത്തരുടെയും ഇഷ്ടമാണ്. കിടക്ക പങ്കിട്ട് ആ സിനിമയിൽ അഭിനയിക്കണമെന്നുണ്ടെങ്കിൽ അത് ചെയ്യുക. ഇല്ലെങ്കിൽ നോ പറയുക. ആരും നടിമാരെ നിർബന്ധിക്കില്ലെന്ന് ഗായത്രി കൃഷ്ണൻ വ്യക്തമാക്കി.
ഇതേക്കുറിച്ചുള്ള ചോദ്യങ്ങൾ നടിമാരോട് മാത്രം ചോദിക്കുന്നതിനോട് എനിക്ക് എതിർപ്പുണ്ട്. ഒരു പുരുഷൻമാരോടും അതേക്കുറിച്ച് ചോദിക്കുന്നില്ല. അഡ്ജസ്റ്റ്മെന്റിനെക്കുറിച്ച് എന്താണ് അഭിപ്രായമെന്ന ചോദ്യം ഒരു ഡയറക്ടർക്കോ പ്രൊഡ്യൂസർക്കോ നേരിടേണ്ടി വരാറില്ലെന്നും ഗായത്രി കൃഷ്ണൻ പറഞ്ഞു.

വിവാദതാരമായ റിഹാന ചോദിച്ച മറ്റ് ചോദ്യങ്ങൾക്കും ഗായത്രി കൃഷ്ണൻ മറുപടി നൽകി. വിവാഹിതയായിട്ടും താലി ഇടാത്തതെന്തെന്നായിരുന്നു ഒരു ചോദ്യം. ഞാൻ താലി ധരിക്കണമെന്ന് ഭർത്താവിന് നിർബന്ധമില്ല. പൊതുവിടങ്ങളിൽ സ്വർണമാല ധരിച്ച് പോകുന്നത് അപകടമാണെന്നാണ് ഭർത്താവ് പറയാറ്. എന്റെ ഭർത്താവിന് പ്രശ്നമില്ലെങ്കിൽ മറ്റുള്ളവരുടെ അഭിപ്രായത്തിന് താനെന്തിന് ചെവി കൊടുക്കണമെന്ന് ഗായത്രി കൃഷ്ണൻ തിരിച്ച് ചോദിച്ചു.
സ്ലീവ് ലെസ് വസ്ത്രങ്ങൾ ധരിക്കുന്നു, ടാറ്റൂ ചെയ്തിരിക്കുന്നു, ഇതെല്ലാം ഈ ആന്റിക്ക് ആവശ്യമാണോ എന്ന് സോഷ്യൽ മീഡിയയിൽ താങ്കളെക്കുറിച്ച് കമന്റുകൾ വരുന്നുണ്ട്, അതേക്കുറിച്ച് എന്താണ് പറയാനുള്ളതെന്നും റിഹാന ചോദിച്ചു. ഇതിന് തക്കതായ മറുപടി ഗായത്രി കൃഷ്ണൻ നൽകി. റിഹാനയ്ക്ക് വട്ടാണ്, വെസ്റ്റേൺ വസ്ത്രങ്ങൾ ധരിക്കുന്നു എന്നുള്ള ചോദ്യങ്ങൾ വന്നാൽ എങ്ങനെ പ്രതികരിക്കുമെന്നാായിരുന്നു ഗായത്രി കൃഷ്ണന്റെ മറുചോദ്യം. ഇന്ത്യാ ഗ്ലിറ്റ്സുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഇരുവരും.
റിഹാനയുടെ പ്രകോപനപരമായ ചോദ്യങ്ങൾക്ക് ഗായത്രി കൃത്യമായ മറുപടി നൽകിയെന്നാണ് സോഷ്യൽ മീഡിയയിലെ കമന്റുകൾ. അടുത്തിടെ സീരിയൽ താരങ്ങളായ സംയുക്തയും വിഷ്ണുകാന്തും തമ്മിലുള്ള പ്രശ്നത്തിൽ ഇടപെട്ടതോടെയാണ് റിഹാന വാർത്തകളിൽ ഇടംപിടിച്ചത്. സംയുക്തയെ കുറ്റപ്പെടുത്തിയ റിഹാന വിഷ്ണുകാന്തിനെ പിന്തുണച്ചു. നേരത്തെ അർണവ്-ദിവ്യ ശ്രീധർ വിഷയത്തിലും റിഹാന പരസ്യ പ്രതികരണം നടത്തിയിരുന്നു. അന്ന് അർണവിനെതിരെയാണ് റിഹാന സംസാരിച്ചത്.


Click it and Unblock the Notifications