'മുരുക ഭക്തയായിരുന്നു, സാധിക്കുമ്പോഴെല്ലാം ഉപവാസമിരിക്കും, അവസാനം ഭക്ഷണം കഴിക്കാതെ തൊണ്ടയിൽ പുണ്ണ് വന്നു'
തമിഴ് സിനിമയിൽ ഒരു കാലത്ത് സജീവമായി നിന്ന് കോമഡി റോളുകൾ കൈകാര്യം ചെയ്തിരുന്ന നടിയായിരുന്നു ശോഭന. വടിവേലുവിന്റെ ജോഡിയായി ശോഭന ചെയ്ത കഥാപാത്രങ്ങളെല്ലാം ഹിറ്റായിരുന്നു. സില്ലിന് ഒരു കാതൽ, സിരുത്തൈ തുടങ്ങിയ സിനിമകളിലെ ശോഭനയുടെ സീനുകൾ ഇപ്പോഴും ട്രോളുകളിലും മറ്റും നിരന്തരമായി ഉപയോഗിക്കപ്പെടാറുള്ളതാണ്. വളരെ അപ്രതീക്ഷിതമായാണ് ശോഭനയുടെ മരണം സംഭവിച്ചത്. തമിഴ് സിനിമയിൽ തിരക്കുള്ള അഭിനേത്രിയായിരുന്നു മരിക്കുമ്പോൾ ശോഭന.
മുരുക ഭക്തിയാണ് തന്റെ സഹോദരിയെ മരണത്തിലേക്ക് എത്തിച്ചതെന്ന് പറയുകയാണിപ്പോൾ ശോഭനയുടെ ചേച്ചി ആനന്ദി. അവൾ വികടന് നൽകിയ അഭിമുഖത്തിലായിരുന്നു ആനന്ദിയുടെ വെളിപ്പെടുത്തൽ. ചായ മാത്രമാണ് കുടിച്ചിരുന്നതെന്നും അവസാന കാലത്ത് അൾസറും പിത്തവും വരെ പിടിപ്പെട്ടിരുന്നുവെന്നും ആനന്ദി പറയുന്നു.

അവളുടെ മരണം ഉണ്ടാക്കിയ വേദനയിൽ നിന്നും ഞാൻ കരകയറിട്ടില്ല. സഹോദരി എന്നതിലുപരി സുഹൃത്തായിരുന്നു. എനിക്ക് അവൾ മാത്രമെ ഉണ്ടായിരുന്നുള്ളു. നികത്താൻ പറ്റാത്ത വിടവാണ്. സാമ്പത്തീകമായി പോലും സഹായം ചെയ്തിരുന്നത് ശോഭനയാണ്. വളരെ ബോൾഡായിരുന്നു. എന്ത് വന്നാലും നേരിടാമെന്ന ധൈര്യത്തോടെയാണ് അവൾ ജീവിച്ചത്. സീരിയൽ ചെയ്തശേഷമാണ് സിനിമയിലേക്ക് വന്നത്.
വടിവേലു സാറിനൊപ്പം കോമഡി ചെയ്യാൻ പാടാണെന്ന് അവൾ പറയാറുണ്ടായിരുന്നു. പക്ഷെ അവർ ഒരുമിച്ചുള്ള സിനിമകളെല്ലാം ഹിറ്റാണ്. ആളുകൾക്ക് ഇഷ്ടവുമാണ്. വടിവേൽ സാറിനൊപ്പം മാത്രമല്ല വിവേക് സാറിനൊപ്പം ശോഭന അഭിനയിച്ചിട്ടുണ്ട്. തന്റെ കൂടെ മാത്രമെ അഭിനയിക്കാൻ പാടുള്ളു എന്നുള്ള കണ്ടീഷനൊന്നും വടിവേൽ സാർ വെച്ചിരുന്നില്ല. ഒരുപാട് നാടകങ്ങളിലും ശോഭന അഭിനയിച്ചിട്ടുണ്ട് ആനന്ദി പറയുന്നു.
രാഘവ ലോറൻസിന്റെ കാഞ്ചനയിലേക്ക് കാസ്റ്റ് ചെയ്തിരുന്നു ശോഭനയെ. പക്ഷെ അസുഖം വന്നതോടെ പിന്മാറുകയായിരുന്നു. തൊണ്ടയിലൊക്കെ ഇൻഫക്ഷനായിരുന്നു. സാധിക്കുമ്പോഴെല്ലാം വ്രതമെടുക്കുന്ന പ്രകൃതമായിരുന്നു ശോഭനയുടേത്. മുരുക ഭക്തയാണ്. അതിനാൽ ഭക്ഷണം കഴിക്കുന്നത് കുറവാണ്. എപ്പോൾ കണ്ടാലും ഉപവാസത്തിലായിരിക്കും. ഡയറ്റൊന്നുമില്ല.
ദൈവഭക്തി ഒരുപാടുണ്ടായിരുന്നു. ശോഭനയെ കുറിച്ച് പല ഗോസിപ്പുകളും അവളുടെ മരണശേഷവും വന്നിരുന്നു. വടിവേലു സാറിന്റെ പേരിനൊപ്പം ചേർത്തെല്ലാം ഗോസിപ്പുകൾ വന്നത് ഞങ്ങളെ എല്ലാവരേയും സങ്കടപ്പെടുത്തി. ഇങ്ങനെയൊക്കെ എങ്ങനെയാണ് എഴുതിവിടുന്നതെന്ന് തോന്നി. ശോഭന മരിച്ചശേഷം പത്ത് വർഷത്തോളം അമ്മ ഒറ്റയ്ക്ക് ഒരു വീട്ടിലായിരുന്നു താമസം.

ഞാൻ വീട്ടിലേക്ക് ക്ഷണിച്ചിട്ടും വന്നില്ല. ഹൗസ് അറസ്റ്റ് പോലെ തന്നെയായിരുന്നു. ശോഭന ഒപ്പമുണ്ടെന്ന വിശ്വാസത്തിലാണ് അമ്മ ജീവിച്ചത്. ഗോസിപ്പുകൾ മൂലം പലരിൽ നിന്നും വന്ന ചോദ്യങ്ങൾ അമ്മയ്ക്ക് താങ്ങാൻ കഴിയുന്നതായിരുന്നില്ല. പട്ടിണി ഇരുന്ന് ശോഭനയുടെ കുടൽ ചുരുങ്ങിയിരുന്നു. അൾസർ വന്നു. ചായ മാത്രമാണ് കുടിക്കാറുള്ളത്. പിന്നീട് ഛർദ്ദി വന്ന് തുടങ്ങി.
തൊണ്ടയിൽ പുണ്ണ് വന്ന് ശബ്ദവും നഷ്ടപ്പെട്ടു. എല്ലാ ചൊവ്വാഴ്ചയും ഉപവാസം അനുഷ്ഠിക്കും. ചിക്കൻ ഗുനിയ വന്നതിന്റെ ഭാഗമായുള്ള അവശതകളും ഉണ്ടായിരുന്നു. ഒരുപാട് വേദന അനുഭവിക്കുന്നു. പിടിച്ച് നിൽക്കാൻ കഴിയുന്നില്ലെന്നൊക്കെ പറയുമായിരുന്നു എന്നും സഹോദരിയുടെ അവസാന നാളുകൾ ഓർത്തെടുത്ത് ആനന്ദി പറഞ്ഞു.


Click it and Unblock the Notifications











