'മമ്മൂട്ടി സാർ ചെയ്തുവെന്നതാണ് ഏറ്റവും വലിയ ഷോക്ക്, ധാരണകൾ അദ്ദേഹം പൊളിച്ചെഴുതി'; തമിഴ് മാധ്യമപ്രവർത്തകൻ!
കഴിഞ്ഞ കുറച്ച് ദിസങ്ങളായി ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്നത് കാതൽ ദി കോർ എന്ന സിനിമയും മമ്മൂട്ടിയുമാണ്. ഒരിക്കലും ഒരു സൂപ്പർ താരവും ചെയ്യാത്ത ക്ലാസ് പ്രകടനം മമ്മൂട്ടിയിൽ നിന്നും പ്രേക്ഷകന് ലഭിച്ചുവെന്നതാണ് കാരണം. അതുപോലെ തന്നെ എഴുപത്തിരണ്ടാം വയസിലും അഭിനയത്തോട് അദ്ദേഹത്തിനുള്ള അഭിനിവേശം എത്രത്തോളമാണെന്നും പ്രേക്ഷകന് കാതൽ സിനിമയുടെ റിലീസിന് ശേഷം മനസിലാക്കാൻ സാധിച്ചു.
മമ്മൂട്ടിയുടെ ഉടമസ്ഥതയിലുള്ള നിർമാണ കമ്പനിയായ മമ്മൂട്ടി കമ്പനി മിനിമം ഗ്യാരൻ്റി എന്ന വിശ്വാസത്തിലേക്ക് ഉയരുകയും ചെയ്തു കാതലിലൂടെ. കാതൽ ഒരു പരീക്ഷണമാണ്. ഒരു സൂപ്പർതാരവും ചെയ്യാൻ മടിക്കുന്ന പരീക്ഷണം. ഒരുവശത്ത് മമ്മൂട്ടിയുടെ അസാധ്യ പ്രകടനം. ഒരു ജിയോ ബേബി സിനിമയായിട്ടാണ് കാതൽ പ്രേക്ഷകരിലേക്ക് എത്തിയത്.

ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ എന്ന ആദ്യ സിനിമയ്ക്ക് മുകളിൽ നിൽക്കുന്ന സിനിമയായിട്ടാണ് കാതലിനെ പ്രേക്ഷകർ വിലയിരുത്തുന്നത്. പറയുന്ന വിഷയം അതിൻ്റെ ഏറ്റവും മനോഹരമായ രീതിയിൽ തന്നെ സ്ക്രീനിൽ എത്തിക്കാൻ ജിയോ ബേബിക്കും പ്രകടനം കൊണ്ട് മമ്മൂട്ടിക്കും സാധിച്ചിട്ടുണ്ട്.
സാമൂഹിക പ്രസക്തിയുള്ള കൊമേഴ്സ്യൽ എലമെന്റ്സ് ഇല്ലാത്ത സിനിമയായിട്ടും കുടുംബങ്ങൾ പോലും തിയേറ്റിലേക്ക് കാതൽ കാണാൻ എത്തുന്നുണ്ട്. കാതലിനെ പ്രശംസിച്ച് തെന്നിന്ത്യൻ താരം സാമന്ത റൂത്ത് പ്രഭു അടക്കമുള്ളവർ കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്. ഈ വർഷമിറങ്ങിയതിൽ ഏറ്റവും മികച്ച ചിത്രം. ദയവുചെയ്ത് ഈ ചിത്രം നിങ്ങൾ കാണൂ. മനോഹരവും ശക്തവുമായ ചിത്രമാണിത്.
മമ്മൂട്ടി സാർ... നിങ്ങളാണ് എന്റെ ഹീറോ... ലവ് യു ജ്യോതിക എന്നാണ് സമാന്ത കുറിച്ചത്. കാതലിലെ മമ്മൂട്ടിയുടെ പ്രകടനം കുറച്ചധികം കാലത്തേയ്ക്ക് തന്റെ മനസിൽ നിന്ന് പോകില്ലെന്നും സാമന്ത കുറിച്ചിട്ടുണ്ട്. ചിത്രത്തിന്റെ സംവിധായകൻ ജിയോ ബേബിയേയും താരം അഭിനന്ദിച്ചിരുന്നു. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു സാമന്തയുടെ പ്രതികരണം.
സാമന്ത മാത്രമല്ല അന്യഭാഷയിൽ നിന്നുള്ള നിരവധി താരങ്ങളും സംവിധായകരുമെല്ലാം മമ്മൂട്ടിയേയും കാതൽ ടീമിനേയും പ്രശംസിച്ച് എത്തിയിട്ടുണ്ട്. അക്കൂട്ടത്തിൽ തമിഴ് മാധ്യമപ്രവർത്തകൻ വിശൻ വി കാതൽ സിനിമയെ കുറിച്ചും മമ്മൂട്ടിയെ കുറിച്ചും പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. മമ്മൂട്ടി സാറാണ് കാതൽ സിനിമയിൽ അഭിനയിച്ചത് എന്നതാണ് തനിക്കുണ്ടായ ഏറ്റവും വലിയ ഷോക്ക് എന്നാണ് വിശൻ വി പറയുന്നത്.

'ഈ സിനിമയുടെ ഇന്റർവെല്ലായപ്പോൾ നമുക്കുണ്ടായ ഒരു ഷോക്കുണ്ട്. ആരും കസേരയിൽ നിന്ന് എഴുന്നേൽക്കുന്നില്ല. പടം തീർന്നപ്പോൾ എല്ലാവരും കയ്യടിച്ചു. ഇങ്ങനെയൊരു പടം ഇവർ ചെയ്തല്ലോ എന്ന ആശ്ചര്യം. ഇങ്ങനെയും പടം ചെയ്യാമോ എന്ന ആശ്ചര്യം. മമ്മൂട്ടി സാറിനെപ്പോലൊരു സ്റ്റാർ ഇങ്ങനെയൊരു വേഷം ചെയ്തല്ലോ എന്ന ആശ്ചര്യം. ഇതൊക്കെയാണ് സിനിമ കഴിഞ്ഞപ്പോൾ എനിക്ക് തോന്നിയത്.'
'മമ്മൂട്ടി സാർ അല്ലാതെ മറ്റേതെങ്കിലും 40 പ്ലസ് നടന്മാർ ഇത് ചെയ്താലും നല്ല പ്രമേയം നന്നായി ചെയ്തിട്ടുണ്ടെന്ന് പറയും. പ്രകാശ് രാജോ നാസറോ ഇത് ചെയ്താലും നല്ല ഒരു സിനിമ ധൈര്യപൂർവം ചെയ്തുവെന്ന് നമ്മൾ പറയും. നമ്മുടെ നാട്ടിലെ രജനി സാറോ കമൽസാറോ ഈ വേഷം ചെയ്താൽ എങ്ങനെയിരിക്കും അതേ സ്റ്റാർഡത്തിൽ നിൽക്കുന്ന മമ്മൂട്ടി സാറാണ് ഈ വേഷം ചെയ്തത്. അതാണ് വലിയ ഷോക്ക്.'
'സംവിധായകൻ പറഞ്ഞതുപോലെ മമ്മൂട്ടി സാർ അല്ലാതെ ഈ കഥാപാത്രം വേറെ ആരും ചെയ്യില്ല. കമൽസാറോ രജനി സാറോ ചെയ്യുമോ?. ഒരു സൂപ്പർസ്റ്റാർ ഈ വേഷങ്ങളൊന്നും ചെയ്യില്ലെന്ന ധാരണ നമുക്കിടിയിലുണ്ട്. അതിനെയാണ് മമ്മൂട്ടി സാർ പൊളിച്ചെഴുതിയത്. അതാണ് നമ്മളെ ആശ്ചര്യപ്പെടുത്തുന്നത്. പക്ഷെ അദ്ദേഹത്തിനൊക്കെ ഇത് വെറും സാധാരണം. കരിയറിന്റെ ഉന്നതയിൽ നിൽക്കുമ്പോൾ വില്ലനായി അഭിനയിച്ച ആളാണ് മമ്മൂട്ടി സാർ.'
'പുഴു സിനിമയിലെ വേഷം ഏത് സൂപ്പർഹീറോ ചെയ്യും. കാതൽ പോലൊരു കഥ പോയി ഇവിടെയുളള നടന്മാരോട് പറയാൻ സംവിധായകർക്ക് ധൈര്യമുണ്ടോ?. മമ്മൂട്ടി സാറിനടുത്തുപോയി ഇങ്ങനെയൊരു കഥ പോയി പറയാൻ സംവിധായകന് ധൈര്യം കൊടുത്തത് അദ്ദേഹമെന്ന നടന്റെ സവിശേഷത കൊണ്ടുമാത്രമാണ്.'
'നമ്മുടെ നാട്ടിലെ താരങ്ങളെല്ലാം 500 കോടി ഉറപ്പ് ആയിരം കോടി ലക്ഷ്യം എന്നിങ്ങനെ പറഞ്ഞ് മുന്നോട്ടുപോകുമ്പോൾ തൊട്ടടുത്തുള്ള സംസ്ഥാനത്തിലെ മഹാനടൻ ഇതുപോലുള്ള അത്ഭുതങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നു. ആ അത്ഭുതങ്ങളാണ് പുഴുവും കാതലുമൊക്കെ', എന്നാണ് വിശൻ കാതൽ സിനിമയെ കുറിച്ചും മമ്മൂട്ടിയെ കുറിച്ചും അഭിപ്രായപ്പെട്ടത്.


Click it and Unblock the Notifications