'പെൺകുഞ്ഞുള്ള സ്ത്രീയാണെന്നായിരുന്നു പറഞ്ഞത് പക്ഷെ ഫോട്ടോ കണ്ടപ്പോൾ ആൺകുട്ടിയാണെന്ന് കരുതി'; ഡി. ഇമ്മൻ!
തെന്നിന്ത്യൻ സിനിമയിൽ ഒഴിച്ച് നിർത്താൻ സാധിക്കാത്ത പേരാണ് ഡി. ഇമ്മന്റേത്. നാൽപ്പതുകാരനായ താരത്തിന്റെ യഥാർത്ഥ പേര് ഇമ്മാനുവേൽ വസന്ത് ദിനകരൻ എന്നാണ്. സിനിമയും സംഗീതവും ജീവിതത്തിന്റെ ഭാഗമായ ശേഷമാണ് ഡി. ഇമ്മൻ എന്ന പേരിലേക്ക് താരം മാറിയത്.
തമിഴിൽ മാത്രമല്ല കന്നഡ, തെലുങ്ക്, മലയാളം ഭാഷകളിലും ബോളിവുഡിലെ സിനിമകൾക്ക് വേണ്ടിയും ഡി.ഇമ്മൻ സംഗീതം ഒരുക്കിയിട്ടുണ്ട്. ഇതിനോടകം നൂറിൽ അധികം സിനിമകൾക്ക് വേണ്ടി സംഗീതം ഒരുക്കി കഴിഞ്ഞു ഡി. ഇമ്മൻ. സംഗീത സംവിധായകരായ മഹേഷ് മഹാദേവന്റെയും ആദിത്യന്റെയും കീഴിൽ കീബോർഡ് വായിച്ചുകൊണ്ട് തന്റെ പതിനഞ്ചാം വയസിലാണ് ഡി. ഇമ്മൻ കരിയർ ആരംഭിച്ചത്.
ഈ കാലയളവിൽ ടെലിവിഷൻ സീരിയൽ നിർമ്മാതാവ് കുട്ടി പത്മിനി കൃഷ്ണദാസി എന്ന നാടകത്തിന്റെ തീം സോങിലും പശ്ചാത്തല സംഗീതത്തിലും പ്രവർത്തിക്കാൻ ഇമ്മന് അവസരം നൽകി. പിന്നീട് അദ്ദേഹം ടെലിവിഷൻ പരിപാടികൾക്ക് സംഗീതം ഒരുക്കി തുടങ്ങി.

തുടർന്നാണ് സിനിമയ്ക്ക് സംഗീതം ഒരുക്കാനുള്ള അവസരങ്ങൾ താരത്തിന് ലഭിച്ചത്. വിജയ് ചിത്രം തമിഴനാണ് ഡി.ഇമ്മൻ ചെയ്തതിൽ ഏറ്റവും ആദ്യം ശ്രദ്ധിക്കപ്പെട്ട സിനിമ. പിന്നീട് അങ്ങോട്ട് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. ഒട്ടുമിക്ക സൂപ്പർ താരങ്ങൾക്ക് വേണ്ടിയും സംഗീതം ഒരുക്കാൻ ഇമ്മന് സാധിച്ചു.
പ്രൊഫഷണൽ ലൈഫ് വിജയമായിരുന്നെങ്കിലും സ്വകാര്യ ജീവിതത്തിൽ ഒരുപാട് പ്രതിസന്ധികൾ നേരിടേണ്ടതായി വന്നിട്ടുണ്ട് ഡി. ഇമ്മന്. 2008ലാണ് ഡി. ഇമ്മനും മോണിക്കയും വിവാഹിതരായത്. ഈ ബന്ധത്തിൽ രണ്ട് മക്കളുണ്ട്. എന്നാൽ 2020ൽ ഇരുവരും വിവാഹമോചിതരായി.
പരസ്പര സമ്മതപ്രകാരമായിരുന്നു ഇരുവരുടെയും വേർപിരിയൽ. ഇമ്മൻ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും അദ്ദേഹം കുറിച്ചിരുന്നു. 'നിങ്ങള്‍ നല്‍കുന്ന പിന്തുണയ്ക്ക് നന്ദി. ജീവിതം ഞങ്ങളെ വ്യത്യസ്ത വഴിയിലേക്കെത്തിച്ചിരിക്കുകയാണ്.'
'ഞാനും മോണിക്ക റിച്ചാര്‍ഡും 2020 നവംബര്‍ മുതല്‍ നിയമപരമായി വിവാഹമോചിതരായവരാണ്. ഞങ്ങളുടെ സ്വകാര്യതയെ എല്ലാവരും മാനിക്കണം. മുന്നോട്ട് പോകാന്‍ നിങ്ങൾ ഞങ്ങളെ സഹായിക്കണം', എന്നായിരുന്നു ഡി.ഇമ്മന്റെ വാക്കുകൾ. ആദ്യ വിവാഹബന്ധം തകർന്നതോടെ താരം വീണ്ടും വിവാഹിതനായി.

കഴിഞ്ഞ വർഷമായിരുന്നു വിവാഹം. അന്തരിച്ച കോളിവുഡ് ആർട്ട് ഡയറക്ടർ ഉബാൽദിന്റെ മകൾ അമേലിയയെയാണ് താരം വിവാഹം ചെയ്തത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങിലായിരുന്നു വിവാഹം. അമേലിയയ്ക്ക് ഒരു മകൾ കൂടിയുണ്ട്. സ്വന്തം മകളെപോലെയാണ് ഡി.ഇമ്മൻ അമേലിയയുടെ മകളെ വളർത്തുന്നത്.
ഒരു പെൺകുഞ്ഞുള്ള സ്ത്രീയെ വിവാഹം ചെയ്യണമെന്ന് താൻ ആഗ്രഹിച്ചിരുന്നുവെന്ന് പറയുകയാണ് ഇമ്മൻ ഇന്ത്യാഗ്ലിറ്റ്സിന് നൽകിയ അഭിമുഖത്തിൽ. 'പെണ്ണ് കാണാൻ വേണ്ടിയുള്ള ചിത്രങ്ങൾ വരുമ്പോൾ സ്ത്രീയുടെ കുഞ്ഞ് ആരാണെന്നാണ് ഞാൻ ആദ്യം നോക്കിയത്.'
'അമേലിയയുടെ മകളെ കണ്ടപ്പോൾ ഞാൻ ആദ്യം കരുതിയത് ആൺകുഞ്ഞാണെന്നാണ്. ആൺകുഞ്ഞാണെങ്കിൽ വേണ്ട പെൺകുഞ്ഞാണെങ്കിൽ മതിയെന്ന തീരുമാനത്തിലായിരുന്നു. അപ്പോഴാണ് അടുപ്പമുള്ളവർ പറഞ്ഞത് പെൺകുഞ്ഞ് തന്നെയാണ് കാതിൽ കമ്മലുണ്ടെന്ന് പറഞ്ഞത്. അമേലിയയുടെ മകൾ ജീവിതത്തിലേക്ക് വന്നശേഷം ദിവസവും പുരസ്കാരം ലഭിക്കുന്നത് പോലെയാണ്.'
'കാരണം എന്റെ രണ്ട് മക്കളും അപ്പാ.. എന്ന് വിളിക്കുന്നത് കേൾക്കാതെയായിട്ട് നാളുകളായി. അമേലിയയുടെ മകൾ ദിവസവും അങ്ങനെ വിളിക്കുമ്പോൾ വളരെ അധികം സന്തോഷം തോന്നാറുണ്ട്. അപ്പാ എന്നുള്ള വേഡ് വളരെ മാജിക്കലാണ്', എന്നാണ് രണ്ടാം ഭാര്യയുടെ കുഞ്ഞിനെ കുറിച്ച് സംസാരിച്ച് ഡി. ഇമ്മൻ പറഞ്ഞത്.


Click it and Unblock the Notifications











