'അഡ്വാൻസുകൾ വാങ്ങും, ഷൂട്ടിന് തോന്നുമ്പോൾ വരും, ആരും അന്വേഷിക്കാതിരിക്കാൻ ആശുപത്രിയിൽ അഡ്മിറ്റാകും'
കാർത്തിക്ക് എന്ന പേര് കേൾക്കുമ്പോൾ തെന്നിന്ത്യൻ സിനിമാപ്രേമികൾക്ക് ആദ്യം ഓർമ വരിക മൗനരാഗം എന്ന സിനിമയും അതിലെ റൊമാന്റിക്ക് സീനുകളും പാട്ടുകളുമെല്ലാമാണ്. കാർത്തിക്കിന് മലയാളികൾക്കിടയിൽ പോലും ആരാധകരുണ്ടാകാൻ മൗനരാഗം സിനിമ ഒരു കാരണമായി. എൺപതുകളിലും തൊണ്ണൂറുകളിലും തമിഴ് സിനിമയിൽ നിറഞ്ഞ് നിന്നിരുന്ന കാർത്തിക്ക് സിനിമയിൽ ഇപ്പോൾ സജീവമല്ല.
വല്ലപ്പോഴും ഗസ്റ്റ് റോളുകളിൽ മാത്രമാണ് സിനിമയിൽ പ്രത്യക്ഷപ്പെടുന്നത്. എന്നാൽ ആ ചോക്ലേറ്റ് മുഖത്തിന് പിറകിൽ പ്രേക്ഷകർക്കും ആരാധകർക്കും അറിയാത്തൊരു കാർത്തിക്ക് ഒളിഞ്ഞിരിപ്പുണ്ടെന്ന് പറയുകയാണ് തമിഴ് നിർമാതാവ് ബാലാജി പ്രഭു. കാർത്തിക്കിനെ വെച്ച് സിനിമ ചെയ്യാൻ ആഗ്രഹിച്ചതിന്റെ പേരിൽ വലഞ്ഞിട്ടുള്ളവരാണ് ഭൂരിഭാഗം നിർമ്മാതാക്കളും സംവിധായകരുമെന്നും ബാലാജി പറയുന്നു.

കിട്ടുന്ന അഡ്വാൻസെല്ലാം വാങ്ങി കൂട്ടി മുങ്ങുന്ന പ്രകൃതമുണ്ടെന്നും പലപ്പോഴും നടൻ കാരണം ലക്ഷങ്ങളുടെ നഷ്ടം നിർമാതാക്കൾക്ക് സംഭവിച്ചിട്ടുണ്ടെന്നും നിർമാതാവ് പറയുന്നു. എൺപത്, തൊണ്ണൂറ് കാലഘട്ടങ്ങളിൽ നല്ല മാർക്കറ്റുള്ള നടനായിരുന്നു കാർത്തിക്. വലിയൊരു സ്റ്റാറായിരുന്നു. സ്ത്രീകളായിരുന്നു ഏറെയും ആരാധകർ. നടൻ എന്ന രീതിയിൽ കാർത്തിക് വളരെ മികച്ചതാണെങ്കിലും അദ്ദേഹത്തിന്റെ വ്യക്തി ജീവിതവും വ്യക്തിത്വവും വളരെ മോശമായിരുന്നു.
എല്ലാവരുടേയും കയ്യിൽ നിന്ന് അഡ്വാൻസ് വാങ്ങി കോൾ ഷീറ്റ് കൊടുക്കുന്ന പ്രകൃതമാണ്. ഒരു സമയം പത്ത് പേരിൽ നിന്നൊക്കെ അഡ്വാൻസ് വാങ്ങും. അന്നൊക്കെ ഇരുപത്, മുപ്പത് ലക്ഷം ആയിരുന്നു കാർത്തിക്കിന്റെ പ്രതിഫലം. ആദ്യം പണം വാങ്ങി കയ്യിൽ വെക്കും. ശേഷമാണ് മറ്റുള്ള കാര്യങ്ങളെ കുറിച്ച് സംസാരിക്കുക. നിർമാതാക്കളിൽ നിന്നും പണം വാങ്ങിവെയ്ക്കും.
എല്ലാവരും കാർത്തിക്ക് മൂലം ഒരുപാട് ബുദ്ധിമുട്ടിയിട്ടുണ്ട്. ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാക്കും. സെറ്റിട്ട് എല്ലാവരും ഷൂട്ടിന് തയ്യാറായി നിൽക്കും. പക്ഷെ കാർത്തിക്ക് മാത്രം വരില്ല. ലക്ഷങ്ങൾ മുടക്കി പണിത സെറ്റാണ്. കോൺടാക്ട് ചെയ്യാനും പറ്റില്ല. കാർത്തിക്കിന്റെ വീട്ടിലേക്ക് ഫോൺ വിളിച്ചാൽ ആരും എടുക്കില്ല. വീട്ടിൽ പോയി നോക്കാമെന്ന് കരുതിയാൽ വീട് എപ്പോഴും പൂട്ടിയിട്ടുണ്ടാകും. എന്നാൽ കാർത്തിക്ക് അകത്തുണ്ടാക്കും. പക്ഷെ പുറത്തേക്ക് വരില്ല.
കാർത്തിക്കിനെ വെച്ച് സിനിമ ചെയ്തവരെല്ലാം ഒരുപാട് പ്രയാസം അനുഭവിച്ചിട്ടുണ്ട്. കോൾ ഷീറ്റൊന്നും പാലിക്കില്ല. തോന്നുന്ന സമയത്താണ് ഷൂട്ടിന് വരുന്നത്. ഒരു യൂണിറ്റ് മുഴുവൻ കാർത്തിക്കിന് വേണ്ടി കാത്തിരിക്കും. പരാതിപ്പെട്ടാലും പ്രയോജനമില്ല. നടികർ സംഘത്തെ പോലും അനുസരിക്കില്ല. അതുപോലെ അടയാറിലെ ഒരു വലിയ ആശുപത്രിയിൽ കാർത്തിക് ബുക്ക് ചെയ്ത് ഇട്ടിരിക്കുന്ന ഒരു ഡീലക്സ് റൂമുണ്ട്.

അവിടെ എല്ലാ സൗകര്യങ്ങളുമുണ്ട്. എസ്കേപ്പാകാൻ വേണ്ടി നടൻ മിക്കപ്പോഴും അവിടെ പോയി അഡ്മിറ്റാകും. ഒരു അസുഖവുമുണ്ടാവില്ല. ആശുപത്രിയിൽ പേഷ്യന്റ്സിന് കൊടുക്കുന്ന വസ്ത്രം ധരിച്ച് അവിടെ സുഖിച്ച് കിടക്കും. ആരെങ്കിലും തന്നെ അന്വേഷിച്ച് വരുന്നുവെന്ന് തോന്നിയാൽ ഉടനെ നഴ്സിനോട് പറഞ്ഞ് ഐവിയെല്ലാം കുത്തി അസുഖ ബാധിതനെപ്പോലെ അഭിനയിക്കും. ആ ആശുപത്രിയുടെ എംഡി കാർത്തിക്കിന്റെ സുഹൃത്താണ്.
ചെറിയ ആരോഗ്യപ്രശ്നങ്ങളുമുള്ള വ്യക്തിയുമാണ് നടൻ. പക്ഷെ ഭൂരിഭാഗം സമയവും പണം വാങ്ങിയവരിൽ നിന്നും രക്ഷപ്പെടാനുള്ള മാർഗമായി അത് ഉപയോഗിക്കും. അഡ്വാൻസ് കൊടുക്കുമ്പോൾ മാത്രമെ കാർത്തിക്കിനെ കാണാൻ കിട്ടു എന്നും ബാലാജി പറയുന്നു. ഭാരതിരാജ സംവിധാനം ചെയ്ത അലകള്‍ ഒയ്‌വതില്ലൈ എന്ന ചിത്രത്തിലൂടെയാണ് കാര്‍ത്തിക് സിനിമയില്‍ അഭിനയിച്ചു തുടങ്ങിയത്.
പിന്നീട് നിരവധി അവസരങ്ങള്‍ കിട്ടി ശ്രദ്ധേയനായി മാറി. കാർത്തിക്കിന്റെ മകൻ ഗൗതം കാർത്തിക്ക് തമിഴ് സിനിമയിൽ സജീവമാണ്. നടി മഞ്ജിമ മോഹനാണ് ഗൗതമിന്റെ ഭാര്യ. മുരളി കാർത്തികേയൻ മുത്തുരാമൻ എന്നാണ് യഥാർത്ഥ പേര്.


Click it and Unblock the Notifications











