'വര്‍ഷങ്ങള്‍ക്ക് ശേഷം മഞ്ഞുമ്മലിനേക്കാള്‍ നല്ല സിനിമ', വിശാഖ് ചോദിച്ചത് 15 കോടി; തമിഴ് നിര്‍മാതാവ്
2024ല്‍ മലയാളത്തില്‍ റിലീസ് ചെയ്ത പ്രധാന ചിത്രങ്ങളെല്ലാം മികച്ച നേട്ടമാണ് തിയേറ്ററില്‍ ഉണ്ടാക്കിയത്. ആട്ടം മുതല്‍ ആവേശം വരെ തിയേറില്‍ മികച്ച റെസ്‌പോണ്‍സ് ആണ് ഉണ്ടാക്കിയത്. മഞ്ഞുമ്മല്‍ ബോയ്‌സ്, പ്രേമലു, ആടുജീവിതം, വര്‍ഷങ്ങള്‍ക്ക് ശേഷം തുടങ്ങിയ ചിത്രങ്ങളെല്ലാം തമിഴ്‌നാട്ടിലും റിലീസ് ചെയ്യുകയും നല്ല ചലനം സൃഷ്ടിക്കുകയും ചെയ്തു.
തമിഴ്‌നാട്ടില്‍ മഞ്ഞുമ്മല്‍ ബോയ്‌സ് സൃഷ്ടിച്ച ഓളം മറ്റു മലയാള ചിത്രങ്ങള്‍ക്ക് മറികടക്കാന്‍ കഴിഞ്ഞിട്ടില്ല. പ്രേമലു തെലുങ്കില്‍ വലിയ ഹിറ്റായി മാറിയിരുന്നു. കോടമ്പാക്കത്തെ സിനിമാക്കഥ പറഞ്ഞ വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന ചിത്രവും തമിഴ്‌നാട്ടില്‍ റിലീസ് ചെയ്തിരുന്നു. എന്നാല്‍ ചിത്രത്രത്തിന്റെ തമിഴ്‌നാട്ടിലുള്ള വിതരണത്തനുള്ള റൈറ്റ്‌സ് വാങ്ങാന്‍ താത്പര്യമുണ്ടെന്ന് അറിയിച്ച് തമിഴ് നിര്‍മാതാവ് ധനഞ്ജയന്‍ വര്‍ഷങ്ങള്‍ക്ക് ശേഷത്തിന്റെ പ്രൊഡ്യൂസറെ വിളിച്ചപ്പോഴുണ്ടായ അനുഭവത്തെക്കുറിച്ച് പറയുന്ന വാക്കുകള്‍ വൈറല്‍ ആയിരിക്കുകയാണ്.

ചിത്രത്തിന്റെ റൈറ്റ്‌സ് വാങ്ങാന്‍ 15 കോടിയാണ് വിശാഖ് ആവശ്യപ്പെട്ടതെന്നും മഞ്ഞുമ്മല്‍ ബോയ്‌സിനേക്കാള്‍ നല്ല സിനിമയാണ് തങ്ങള്‍ നിര്‍മിക്കുന്ന വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന് വിശാഖ് നിര്‍മാതാവിനോട് പറഞ്ഞെന്നും ധനഞ്ജയന്‍ ദ വിസില്‍ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ തുറന്ന് പറയുന്നു.
മഞ്ഞുമ്മല്‍ ബോയ്‌സ് തമിഴില്‍ വലിയ ഹിറ്റുണ്ടാക്കി. മലയാളത്തില്‍ അതുപോലെ മറ്റൊരു സിനിമ കൂടി മലയാളത്തില്‍ റിലീസാകുന്നുണ്ടായിരുന്നു. വിനീത് ശ്രീനിവാസന്റെ സിനിമ വര്‍ഷങ്ങള്‍ക്ക് ശേഷം. അതിന്റെ ട്രെയിലര്‍ കണ്ട് എനിക്ക് സിനിമ നന്നായി ഇഷ്ടപ്പെട്ടിരുന്നു. ഞാന്‍ ഒന്നിനെയും കുറച്ച് കാണിച്ച് പറയുന്നതല്ല. ഈ സിനിമ ഞാന്‍ തമിഴ്‌നാട്ടില്‍ റിലീസ് ചെയ്യാന്‍ തയ്യാറാണെന്ന് പറഞ്ഞ് ചിത്രത്തിന്റെ പ്രൊഡ്യൂസറെ ഫോണ്‍ ചെയ്തു.
'ഈ സിനിമ എനിക്ക് വേണം. തമിഴ്‌നാട്ടില്‍ റിലീസ് ചെയ്യാന്‍ എനിക്ക് ആഗ്രഹമുണ്ട് എന്നാണ് ഞാന്‍ പ്രൊഡ്യൂസറോട് പറഞ്ഞത്. ന്യായമായ ഒരു തുകയായിരിക്കും അദ്ദേഹം ചോദിക്കുകയെന്നാണ് ഞാന്‍ ആദ്യം കരുതിയത്. കേട്ട ഉടനെ അദ്ദേഹം പറഞ്ഞു, മഞ്ഞുമ്മല്‍ ബോയ്‌സിനേക്കാളും മികച്ച സിനിമയാണ് ഇത്. അതുകൊണ്ട് 15 കോടി തരികയാണെങ്കില്‍ ഷെയര്‍ തരാം എന്നാണ് വിശാഖ് പറഞ്ഞത്,' ധനഞ്ജയന്‍ പറഞ്ഞു.
അദ്ദേഹം മലയാളത്തിലാണ് സംസാരിച്ചത്. അതുകൊണ്ട് ഞാന്‍ അദ്ദേഹത്തോട് ഒന്നുകൂടി ചോദിച്ചു, 15 ആണോ ഒന്നരയാണോ സാര്‍ പറഞ്ഞത്, ഞാന്‍ മര്യാദയ്ക്ക് കേട്ടില്ലെന്നും പറഞ്ഞു. 15 കോടി എന്ന് തന്നെ അദ്ദേഹം പറഞ്ഞു. അങ്ങനെയാണോ ആരെങ്കിലും 15 കോടിക്ക് വാങ്ങിക്കുകയാണെങ്കില്‍ നിങ്ങള്‍ കൊടുത്തോളൂ എന്ന് പറഞ്ഞ് താന്‍ ഫോണ്‍ കട്ട് ചെയ്തുവെന്നും ധനഞ്ജയന്‍ പറഞ്ഞു.

അതിന് ശേഷം ഡിസ്ട്രിബ്യൂഷനിലെ എന്റെ സുഹൃത്തുക്കളോട് ഇക്കാര്യം സംസാരിച്ചപ്പോള്‍ അവരെല്ലാം ഒരേ സ്വരത്തില്‍ പറഞ്ഞു, നിങ്ങള്‍ക്ക് ഭ്രാന്താണോ? അവര്‍ പറഞ്ഞതെന്താണെന്ന് അവര്‍ക്ക് തന്നെ അറിയുമോ? മഞ്ഞുമ്മല്‍ ബോയ്‌സ് ഒരു മാജിക്ക് ആണ്. അതെങ്ങനെ ഇനിയും ഒരു സിനിമയ്ക്ക് ലഭിക്കും?
ഇന്ന് ആവേശം എന്ന സിനിമ പോലും ഒരു കോടിക്ക് ഷെയര്‍ വന്നാല്‍ അധികമാണ്. എല്ലാം നല്ലതായിട്ട് പോവുന്നു എന്നതുകൊണ്ട് വലിയ ഷെയര്‍ ഒന്നും വാങ്ങാന്‍ വരില്ല. പ്രേമലു പോലും തമിഴ് നാട്ടില്‍ രണ്ടോ മൂന്നോ ഷെയര്‍ ആണ് വാങ്ങിയിട്ടുള്ളത്. അഞ്ച് കോടിയാണ് അതിന് ഇവിടെ കളക്ഷന്‍ കിട്ടിയത്. ആരും 15 കോടിക്കൊന്നും ആ സിനിമ പോയിട്ടില്ല. അവസാനം ഒരു വിതരണക്കാരന്‍ മുഖേന ഫ്രീ റിലീസ് ആണ് വന്നതെന്നും ധനഞ്ജയന്‍ അഭിമുഖത്തില്‍ പറഞ്ഞു.


Click it and Unblock the Notifications