ആ സിനിമ ഫഹദ് എത്താത്തത് മൂലം മുടങ്ങി; അതിരൻ ആയിരുന്നില്ല ആദ്യ സിനിമയെന്ന് വിവേക്
മലയാളത്തിൽ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ സിനിമയാണ് അമല പോൾ നായിക ആയെത്തിയ ടീച്ചർ. അമല പോളിന് പുറമെ ഹക്കിം ഷാ, മഞ്ജു പിള്ള തുടങ്ങിയവരാണ് സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിവേക് ആണ് സിനിമയുടെ സംവിധായകൻ. അതിരന് ശേഷം വിവേക് സംവിധാനം ചെയ്ത സിനിമ എന്ന പ്രത്യേകതയും അതിരന് ഉണ്ട്. 2019 ലിറങ്ങിയ അതിരൻ സൂപ്പർ ഹിറ്റ് ആയിരുന്നു.
ഫഹദ് ഫാസിൽ, സായ് പല്ലവി എന്നിവർ ആയിരുന്നു സിനിമയിലെ പ്രധാന കഥാപാത്രങ്ങൾ. ഇപ്പോഴിതാ അതിരനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് വിവേക്. അതിരന് മുമ്പ് ഒരു സിനിമ താൻ കുറച്ച് ദിവസം ഷൂട്ട് ചെയ്തിരുന്നെന്നും എന്നാൽ ഈ സിനിമ മുടങ്ങിപ്പോയെന്നും വിവേക് പറയുന്നു. ഫഹദ് ഫാസിൽ തന്നെയായിരുന്നു ആ സിനിമയിലെയും നായകൻ. ബിഹൈന്റ്വുഡ്സിനോടാണ് വിവേക് ഇതേ പറ്റി സംസാരിച്ചത്.

ആദ്യ സിനിമ അതിരൻ ആണ്. അതിന് മുമ്പ് ഫഹദ് എനിക്ക് ഡേറ്റ് തന്ന മറ്റൊരു സിനിമ ഉണ്ട്. 11 ദിവസം ഷൂട്ട് ചെയ്തു. അതിലേക്ക് ഫഹദ് ഫാസിലിന് വന്ന് ചേരാൻ പറ്റിയില്ല. അത് കഴിഞ്ഞ് ആ സിനിമ പാക്ക് അപ്പ് ആയി. രണ്ട് പ്രാവശ്യം ഷെഡ്യൂൾ ചെയ്തിരുന്നു. പക്ഷെ പാക്ക് അപ്പ് ആയി. ഞാൻ സിനിമ ഒന്നും ചെയ്യുന്നില്ല എന്ന തീരുമാനത്തിലേക്ക് എത്തേണ്ട മൊമന്റിൽ ആണ് ഫഹദ് എന്നെ തിരിച്ച് വിളിക്കുന്നത്. കൊച്ചിയിൽ വന്ന് കാണണമെന്ന്. 25 ദിവസമുണ്ട്. പടം ചെയ്യുന്നു.
തുടക്കക്കാരൻ സിനിമ ചെയ്ത് നിന്ന് പോവുമ്പോൾ എന്തൊക്കെയാണ് പറഞ്ഞ് കൂട്ടുന്നതെന്ന് അറിയാമല്ലോ. പക്ഷെ അതേ ഫഹദ് ഫാസിൽ തന്നെയാണ് എന്നെ വിളിച്ചത്. സത്യത്തിൽ എന്റെ രണ്ടാമത്തെ സിനിമ ആണ് അതിരൻ. പക്ഷെ മുഴുനീള സിനിമയായി ചെയ്യുന്ന ആദ്യത്തെ സിനിമ അതിരൻ ആണ്, വിവേക് പറഞ്ഞു.

അതേസമയം ടീച്ചറിന് മികച്ച പ്രതികരണം ആണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്. കുറേ നാളുകൾക്ക് ശേഷം അമല പോൾ ഒരു മലയാള സിനിമയിൽ അഭിനയിക്കുന്നു എന്ന പ്രത്യേകതയും ടീച്ചറിനുണ്ട്. ദേവിക എന്ന കഥാപാത്രത്തെ ആണ് അമല പോൾ അവതരിപ്പിക്കുന്നത്. മഞ്ജു പിള്ളയും ശക്തമായ കഥാപാത്രം ആണ് സിനിമയിൽ ചെയ്തത്. കല്യാണി എന്നാണ് മഞ്ജു പിള്ള ചെയ്ത കഥാപാത്രത്തിന്റെ പേര്. ത്രില്ലർ സ്വഭാവമുള്ള സിനിമ, നായികയുടെ പ്രതികാര കഥയാണ് പറയുന്നത്.
സിനിമയിലേക്ക് താൻ നായിക ആയെത്തിയതിനെക്കുറിച്ച് അമല പോൾ നേരത്തെ സംസാരിച്ചിരുന്നു. സിനിമയിൽ നിന്ന് ഇടവേള എടുത്ത സമയത്താണ് ടീച്ചറുടെ കഥ കേൾക്കുന്നത്. കഥ ഇഷ്ടപ്പെട്ടതിനാൽ ഒഴിവാക്കാൻ തോന്നിയില്ലെന്ന് അമല പോൾ പറഞ്ഞു. സിനിമകളിൽ വീണ്ടും സജീവമാവുകയാണ് അമല പോൾ.
ക്രിസ്റ്റഫർ, ആടുജീവിതം എന്നിവയാണ് മലയാളത്തിൽ അമലയുടേതായി പുറത്തിറങ്ങാനുള്ള സിനിമകൾ. ക്രിസ്റ്റഫറിൽ മമ്മൂട്ടി ആണ് നായകൻ. ആടുജീവിതത്തിൽ പൃഥിരാജും. ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ ആസ്പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. തമിഴിൽ കഡവർ ആണ് അമലയുടെ അവസാനം പുറത്തിറങ്ങിയ സിനിമ.


Click it and Unblock the Notifications











