അമ്മയാകാൻ വേണ്ടിയുള്ള ശ്രമം, ജീവിതത്തിൽ അതേ ഘട്ടത്തിലായിരുന്നു നയൻതാര; ടെസ്റ്റിന്റെ സംവിധായകൻ
ഇരട്ടക്കുട്ടികളുടെ അമ്മയായ നയൻതാര ഇന്ന് കരിയറിനൊപ്പം കുടുംബ ജീവിതത്തിനും വലിയ പ്രാധാന്യം നൽകുന്നുണ്ട്. 37ാം വയസിൽ സരൊഗസി വഴിയാണ് നയൻതാര അമ്മയായത്. ബോളിവുഡ് താരങ്ങൾക്കിടയിൽ ഈ മാർഗം സ്വീകരിച്ചവർ ഏറെയുണ്ടെങ്കിലും തെന്നിന്ത്യൻ സിനിമാ രംഗത്ത് ഇത് പുതിയ വാർത്തയായിരുന്നു. നയൻതാരയുടെ പുതിയ ചിത്രം ടെസ്റ്റ് റിലീസിനൊരുങ്ങവെ ഈ സിനിമയുടെ കഥയും നയൻതാരയുടെ സ്വകാര്യ ജീവിതവും തമ്മിൽ കണക്ട് ചെയ്യുന്നവരുണ്ട്. അമ്മയാകാനാഗ്രഹിക്കുന്ന കഥാപാത്രത്തെയാണ് ടെസ്റ്റിൽ നയൻതാര അവതരിപ്പിക്കുന്നത്.
നയൻതാരയുടെ വ്യക്തി ജീവിതത്തിലെ ഘട്ടങ്ങളും ടെസ്റ്റിലെ കഥയും തമ്മിൽ ചില സാമ്യമുണ്ടെന്ന് ടെസ്റ്റിന്റെ സംവിധായകൻ എസ് ശശികാന്ത് പറയുന്നു. ഒരു അഭിമുഖത്തിൽ ആങ്കറുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു എസ് ശശികാന്ത്. നയൻതാരയുടെ കുടുംബ ജീവിതം ഒരുപാട് സ്ത്രീകൾക്ക് പ്രചോദനമാണ്. ഭർത്താവും രണ്ട് കുട്ടികളുമുള്ള കുടുംബ ജീവിതം. അത് നാച്വറലായി നടക്കാത്തതിനാൽ ഇങ്ങനെയൊരു ഓപ്ഷൻ സ്വീകരിക്കാമെന്ന് തമിഴ് സ്ത്രീകൾക്ക് പറയാൻ പോലുമാകുന്നില്ല.

എന്നാൽ നയൻതാര മാം ഇന്ന് രണ്ട് കുട്ടികൾക്കൊപ്പം സന്തോഷകരമായി ജീവിക്കുന്നു. അവരുടെ പേഴ്സണൽ ജീവിതവും ടെസ്റ്റിലെ കഥയും തമ്മിൽ സാമ്യമുണ്ടെന്ന് നയൻതാര പറഞ്ഞിരുന്നോ എന്നായിരുന്നു അവതാരകയുടെ ചോദ്യം. ഇതേക്കുറിച്ച് എസ് ശശികാന്ത് സംസാരിച്ചു. നിങ്ങൾ പറഞ്ഞത് തന്നെയാണ് നയൻതാര ഈ സിനിമ ചെയ്യാനുള്ള കാരണം. നയനിനെ എനിക്ക് കുറച്ച് കാലമായി അറിയാം. ഒരേ മേഖലയിൽ പ്രവർത്തിക്കുന്നവരാണ്.
എപ്പോഴും ഒരു കഥാപാത്രത്തിലേക്ക് ആക്ടറുടെ സ്വഭാവത്തിന്റെ അംശം പോകണം. നയൻതാര ദേഷ്യക്കാരിയാണെന്നും എടുത്തടിച്ചത് പോലെ സംസാരിക്കുമെന്നും എനിക്കറിയാം. എന്നാൽ ഉള്ളിൽ വളരെ നല്ല വ്യക്തിയാണ്. ആ സ്വഭാവ രീതികൾ കഥാപാത്രത്തിന് വേണമായിരുന്നു. പൊതുവെ ക്യാരക്ടർ ഡ്രിവൺ പടത്തിലേക്ക് അല്ല അവരെ സമീപിക്കുക. നയൻതാര ഒരു സൂപ്പർസ്റ്റാറാണ്. അത്തരം റോളുകൾക്കാണ് അവരെ വിളിക്കുക.

നയൻതാരയെ തീരുമാനിച്ചപ്പോൾ എന്തുകൊണ്ടെന്ന് പലരും ചോദിച്ചു. അവരിലുള്ള ഒരാൾ കഥയുമായി കണക്ട് ചെയ്യുമെന്ന് തോന്നുന്നെന്ന് ഞാൻ പറഞ്ഞു. ഞാൻ നയൻതാരയെ വിളിച്ചു. ഒരു കാര്യം സംസാരിക്കാനുണ്ടെന്ന് പറഞ്ഞു. എന്താണ് ഇത്ര ഫോർമലായി സംസാരിക്കുന്നത്, എന്താണ് കാര്യമെന്ന് നടി ചോദിച്ചു. സംവിധാനം ചെയ്യാൻ പോകുന്നെന്ന് പറഞ്ഞ ഞാൻ പത്ത് മിനിട്ട് കൊണ്ട് നരേഷൻ കൊടുത്തു. ഈ സിനിമ ചെയ്യാമെന്ന് അവർ ഉടനെ പറഞ്ഞു. ഞാൻ ഷോക്കായി.
നയൻതാര തേടുന്നെന്ന് നിങ്ങൾ (ആങ്കർ) പറഞ്ഞ കാര്യം സിനിമയിലുണ്ട്. ജീവിതത്തിൽ അതേ സമയത്തായിരുന്നു നടി. ഇതേ കാര്യം നയൻതാര തേടിക്കൊണ്ടിരിക്കുകയായിരുന്നു. സെറ്റിലേക്ക് വരുമ്പോഴേല്ലാം സ്വപ്നം പോലെയാണ് തോന്നിയതെന്ന് നയൻതാര പറഞ്ഞിട്ടുണ്ടെന്നും സംവിധായകൻ വ്യക്തമാക്കി. അവർ എല്ലാം ആ കഥാപാത്രത്തിനായി നൽകി.
ആ കഥാപാത്രം കടന്ന് പോകുന്നത് എന്തിലൂടെയാണെന്ന് നയൻതാരയ്ക്ക് മനസിലാക്കാനായെന്നും എസ് ശശികാന്ത് ഓർത്തു. ആങ്കറുടെ നിരീക്ഷണം നല്ലതാണെന്നും സംവിധായകൻ പറയുന്നുണ്ട്. ബിഹെെന്റ്വവുഡ്സ് ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. ഏപ്രിൽ നാലിന് ടെസ്റ്റ് റിലീസ് ചെയ്യും. മാധവൻ, സിദ്ധാർത്ഥ്, മീര ജാസ്മിൻ എന്നിവരാണ് ചിത്രത്തിൽ നയൻതാരയ്ക്കൊപ്പം പ്രധാന വേഷം ചെയ്യുന്നത്. റിലീസിനായി കാത്തിരിക്കുകയാണ് ആരാധകർ. നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്.


Click it and Unblock the Notifications