'ലക്ഷ്വറി വാച്ചില്ല... നര മറച്ചില്ല, എന്തൊരു മനുഷ്യനാണ്?'; ദളപതിയുടെ മുഖത്ത് 'വല്ല്യേട്ടൻ' വൈബ്, ഫോട്ടോ വൈറൽ
ഒരാഴ്ച മുമ്പായിരുന്നു തെന്നിന്ത്യൻ താര സുന്ദരി കീർത്തി സുരേഷിന്റെയും വരൻ ആന്റണി തട്ടിലിന്റെയും വിവാഹം. ഗോവയിൽ വെച്ച് നടന്ന ചടങ്ങിൽ പങ്കെടുത്താൻ തമിഴ്, തെലുങ്ക്, മലയാളം സിനിമ മേഖലയിലെ പ്രമുഖരെല്ലാം എത്തിയിരുന്നു. ഹിന്ദു-ക്രിസ്ത്യൻ ആചാരപ്രകാരം നടന്ന വിവാഹ ചടങ്ങുകളുടെ ചിത്രങ്ങൾ കീർത്തിയുടെ സോഷ്യൽമീഡിയ പേജിലൂടെ ഓരോന്നായി പുറത്ത് വരുന്നുണ്ട്. മീഡിയയ്ക്ക് പ്രവേശനം നിഷേധിച്ചിരുന്നതിനാൽ കീർത്തിയുടെ വിവാഹ ചടങ്ങുകളുടെ ഫോട്ടോകൾ മാത്രമെ പുറത്ത് വന്നിട്ടുള്ളു.
ക്ഷണിക്കപ്പെട്ട അതിഥികളിൽ പ്രധാനി തമിഴ് നടൻ വിജയിയായിരുന്നു. സിനിമയിൽ നിന്നും വിജയിക്കുള്ള അടുത്തുള്ള സുഹൃത്തുക്കളിൽ ഒരാളാണ് കീർത്തി. ഇരുവരും ഒരുമിച്ച് സർക്കാർ അടക്കമുള്ള സിനിമകളിൽ ജോഡിയായി അഭിനയിച്ചിട്ടുമുണ്ട്. വിശിഷ്ടാതിഥികളിൽ വിജയ് കാണുമെന്ന് കീർത്തിയുടെ ആരാധകർ പ്രതീക്ഷിച്ചിരുന്നില്ല.

രാഷ്ട്രീയത്തിലേക്ക് കൂടി ഇറങ്ങിയതിനാൽ തിരക്കുള്ളതിനാൽ വിജയ് ചടങ്ങിൽ പങ്കെടുക്കാനുള്ള സാധ്യത കുറവാണെന്നായിരുന്നു ആരാധകരുടെ വിലയിരുത്തൽ. എന്നാൽ പ്രിയ സഹപ്രവർത്തകയുടെ വിവാഹത്തിൽ പങ്കെടുക്കാൻ മുഹൂർത്തത്തിന് മുമ്പ് തന്നെ ഫ്ലൈറ്റ് ചാർട്ട് ചെയ്ത് വിജയ് എത്തി. നടി തൃഷയ്ക്കൊപ്പമാണ് നടൻ എത്തിയത്. അതിന്റെ വീഡിയോയും ചിത്രങ്ങളും പുറത്ത് വന്നശേഷം നടനെതിരെ കടുത്ത സൈബർ ആക്രമണം വേറൊരു വശത്ത് നടക്കുന്നുണ്ട്.
ഭാര്യയെ ഉപേക്ഷിച്ച് വിജയ് തൃഷയുമായി പ്രണയത്തിലാണെന്നാണ് ഗോസിപ്പുകൾ. അത് തന്നെയാണ് ഇപ്പോൾ നടന് എതിരെ സൈബർ ആക്രമണം വർധിക്കാൻ കാരണവും. തമിഴിൽ ഇതിനോടകം നിരവധി താര വിവാഹങ്ങൾ നടന്ന് കഴിഞ്ഞു. രണ്ട് വർഷം മുമ്പ് സോഷ്യൽമീഡിയ ആഘോഷിച്ച ഒന്നായിരുന്നു നയൻതാര-വിഘ്നേഷ് ശിവൻ വിവാഹം. എന്നാൽ അവിടെയും വിജയിയുടെ സാന്നിധ്യമുണ്ടായിരുന്നില്ല.
വളരെ നാളുകൾക്കുശേഷമാണ് ഒരു താരവിവാഹത്തിൽ അതിഥിയായി വിജയ് എത്തുന്നത്. അതുകൊണ്ട് തന്നെ ചടങ്ങിൽ നിന്നുള്ള വിജയിയുടെ ചിത്രങ്ങൾ വൈറലായിരുന്നു. ഓഫ് വൈറ്റ് നിറത്തിലുള്ള കസവ് മുണ്ടും ഷർട്ടുമായിരുന്നു വിജയിയുടെ വേഷം. ചടങ്ങിൽ പങ്കെടുക്കാനായി ഒരുങ്ങി സുഹൃത്തുക്കളുടെ തോളിൽ കൈ വെച്ച് നിൽക്കുന്ന നടന്റെ ചിത്രങ്ങളാണ് പുറത്ത് വന്നത്. അതിനുശേഷം വരനും വധുവിനൊപ്പമുള്ള ദളപതിയുടെ ഫോട്ടോ കാണാൻ കാത്തിരിക്കുകയായിരുന്നു ആരാധകർ.
ഇപ്പോഴിതാ വിജയ്ക്കൊപ്പമുള്ള ഫോട്ടോകൾ പങ്കിട്ട് എത്തിയിരിക്കുകയാണ് കീർത്തി സുരേഷ്. വരനേയും വധുവിനേയും ചേർത്തി നിർത്തി നിറചിരിയുമായി നിൽക്കുന്ന വിജയിയാണ് ഫോട്ടോകളിലുള്ളത്. ഞങ്ങളുടെ സ്വപ്ന വിവാഹത്തിൽ പങ്കെടുത്ത് ഞങ്ങളുടെ ഡ്രീം ഐക്കൺ അനുഗ്രഹിച്ചപ്പോൾ എന്നാണ് ഫോട്ടോയ്ക്ക് കീർത്തി നൽകിയ ക്യാപ്ഷൻ.

പോസ്റ്റ് വരേണ്ട താമസം നിമിഷ നേരം കൊണ്ട് വൈറലായി. ഇത് കാണാനാണ് കാത്തിരുന്നത്... എന്താണ് താമസിച്ചത് എന്നായിരുന്നു കമന്റുകൾ ഏറെയും. പതിനഞ്ച് മണിക്കൂറിനുള്ളിൽ ഫോട്ടോ ഇരുപത് ലക്ഷത്തോളം ഹാർട്ട് ഇൻസ്റ്റഗ്രാമിൽ നേടി. ഒമ്പതിനായിരത്തിന് അടുത്ത് കമന്റുകളും ലഭിച്ചു. സഹോദരിയുടെ കല്യാണം ഭംഗിയായി നടന്നതിന്റെ നിറവിൽ നിൽക്കുന്ന സഹോദരനെപ്പോലെയാണ് ചിത്രങ്ങളിൽ വിജയിയെ കാണാനെന്നും കല്യാണ ചെക്കനേക്കാൾ മൊഞ്ചനാണെന്നുമെല്ലാം കമന്റുകളുണ്ട്.
കോടികൾ ആസ്തിയുള്ള സൂപ്പർ താരമായിരുന്നിട്ടും കയ്യിലൊരു വാച്ച് പോലും വിജയ് ധരിച്ചിരുന്നില്ല. ലുക്കിലും വളരെ സിംപിൾ ആയിരുന്നു. നരപോലും മറച്ചിരുന്നില്ല. സിംപ്ലിസിറ്റിയെന്നാൽ അതിന് ഉദാഹരണം വിജയിയാണെന്നും കമന്റുകളുണ്ട്. തങ്ങളെല്ലാം ഒരു ഗ്യാങ്ങാണെന്നാണ് വിജയിയുമായുള്ള സൗഹൃദത്തെ കുറിച്ച് ചോദിക്കുമ്പോൾ കീർത്തി പറയാറുള്ളത്.
കീർത്തി എന്ന് വിളിക്കാറില്ലെന്നും സുരേഷേ... എന്ന് നീട്ടിവിളിച്ചാണ് അദ്ദേഹം സംസാരിക്കാറെന്നും കീർത്തി ഒരിക്കൽ പറഞ്ഞിരുന്നു. നിര്‍മാതാവും വിജയുടെ പേഴ്‌സണല്‍ അസിസ്റ്റന്റുമായ ജഗദീഷ് പളനിസാമിയാണ് കീർത്തിയുടേയും മാനേജർ. അതുകൊണ്ട് തന്നെ ഇവരുടെയെല്ലാം ഫ്രണ്ട്സ് സർക്കിൾ ഒന്ന് തന്നെയാണ്.


Click it and Unblock the Notifications