'നിനക്കെന്ത് തൊലിക്കട്ടിയാണെന്നാണ് നാദിർഷ എന്നോട് ചോദിച്ചത്, ജീവിതത്തിൽ ഏറ്റവും കൂടുതൽ കരഞ്ഞയാളാണ് ഞാൻ'
2017ൽ റിലീസായ രാമലീല എന്ന ബ്ലോക്ക് ബസ്റ്റർ ഹിറ്റ് ചിത്രത്തിനുശേഷം നടൻ ദിലീപ് ചെയ്തതിൽ ഒട്ടുമിക്ക സിനിമകളും സമ്മിശ്ര പ്രതികരണമാണ് നേടിയത്. ജയറാമിന് ലഭിച്ചതുപോലെ ഒരു ബ്ലോക്ക് ബസ്റ്റർ ദിലീപിനും 2024ൽ ഉണ്ടാകണമെന്നും സൂപ്പർ താരം എന്ന രീതിയിൽ തിരിച്ചുവരാൻ താരത്തിന് കഴിയണമെന്നതുമാണ് ഒട്ടുമിക്ക സിനിമാപ്രേമികളുടെയും ആഗ്രഹം. തങ്കമണിയുടെ ട്രെയിലർ റിലീസിനുശേഷം അത്തരമൊരു ബ്ലോക്ക് ബസ്റ്റർ മാർച്ചിൽ കാണാൻ സാധിക്കുമെന്നാണ് പ്രേക്ഷകരുടെയും പ്രതീക്ഷ.
കാരണം അത്രയേറെ പ്രതീക്ഷ നൽകുന്ന ട്രെയിലറാണ് തങ്കമണി ടീം പുറത്തുവിട്ടത്. തിരിച്ചുവരവിലെ ആദ്യം ബ്ലോക്ക് ബസ്റ്റർ ഹിറ്റ് തങ്കമണിയാവട്ടെയെന്നാണ് സിനിമാപ്രേമികൾ ആശംസിക്കുന്നത്. വിവിധ ലുക്കുകളിലാണ് ചിത്രത്തിൽ ദിലീപ് പ്രത്യക്ഷപ്പെടുന്നത്. നാളുകൾക്ക് മുമ്പ് കേരളത്തെ നടുക്കിയ ഒരു സംഭവത്തിന്റെ ദൃശ്യാവിഷ്‍കാരമാണ് തങ്കമണി.

ദിലീപിൻറെ 148ആം ചിത്രമായെത്തുന്ന തങ്കമണിയിൽ രണ്ട് കാലഘട്ടങ്ങളിലുള്ള വേഷപ്പകർച്ചയിലാണ് ദിലീപ് എത്തുന്നത്. ചിത്രത്തിനായി കാത്തിരിക്കാൻ പ്രേക്ഷകരെ പ്രേരിപ്പിക്കുന്ന ഒട്ടേറെ ഘടകങ്ങളുമുണ്ട്. ഇടുക്കി തങ്കമണിയിൽ നടന്ന യഥാർത്ഥ സംഭവത്തിന്റെ ചലച്ചിത്രാവിഷ്കാരമായെത്തുന്ന ചിത്രം കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ തന്നെ ഏറെ ചരിത്രപ്രാധാന്യമുള്ളൊരു സംഭവമാണ്.
നരകയറിയ മുടിയും താടിയുമൊക്കെയായി ഇതുവരെ കാണാത്ത വേഷപകർച്ചയിൽ ദിലീപ് ട്രെയിലറിൽ എത്തിയപ്പോൾ ആരാധകർക്ക് ആകാംഷ വർധിച്ചിട്ടുണ്ട്. മലയാളത്തിൽ കഥാപാത്രത്തിന് വേണ്ടി എന്ത് വേഷപ്പകർച്ചയ്ക്കും തയ്യാറാകുന്ന ഒരു നടനാണ് ദിലീപ്. കുഞ്ഞിക്കൂനൻ അടക്കമുള്ള സിനിമകൾ അതിന്റെ ഉദാഹരണമാണ്.
പച്ചക്കുതിരയിലെയും ചാന്തുപൊട്ടിലേയും ദിലീപ് കഥാപാത്രങ്ങൾ മറ്റൊരു നടനും ചെയ്ത് ഫലിപ്പിക്കാൻ സാധിക്കുന്നതല്ല. ഏറ്റവും അവസാനം ദിലീപ് വേറിട്ട ലുക്കിൽ എത്തിയ സിനിമ കേശു ഈ വീടിന്റെ നാഥനായിരുന്നു. നാദിർഷ സംവിധാനം ചെയ്ത സിനിമയിലെ കേശുവാകാൻ മലയാളത്തിൽ മറ്റൊരു നടനില്ല. ഇപ്പോഴിതാ ചിത്രത്തിലെ ഒരു സീനിനായി പഴനിയിലെ തെരുവിലൂടെ തോർത്ത് മാത്രം ഉടുത്ത് സോപ്പിൽ കുളിച്ച് നടന്ന അനുഭവം പങ്കിടുകയാണ് ദിലീപ്.
കാൻ ചാനൽ മീഡിയയ്ക്ക് തങ്കമണി പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിലാണ് ദിലീപ് ഷൂട്ടിങ് അനുഭവം പങ്കിട്ടത്. 'കേശു ഈ വീടിന്റെ നാഥനിലെ പഴനിയിലെ രംഗങ്ങളിൽ സോപ്പിൽ കുളിച്ച് ഒരു തോർത്ത് മാത്രം ഉടുത്ത് പഴനി തെരുവിലൂടെ ഫോൺ വിളിച്ച് നടന്നുപോകുന്ന സീനുണ്ട്.'

'പഴനി തെരുവിൽ പലയിടങ്ങളിലായി ക്യാമറ ഒളിപ്പിച്ച് വെച്ചാണ് ആ രംഗം ഷൂട്ട് ചെയ്തത്. സോപ്പിൽ കുളിച്ച് ഒരു തോർത്ത് മാത്രം ഉടുത്ത് ഞാൻ നടന്ന് പോകുന്നത് കണ്ട് മലയാളികൾക്ക് പോലും എന്നെ മനസിലായില്ല. ആ ലുക്കിൽ അവിടെ എന്നെ ആരും പ്രതീക്ഷിക്കുന്നില്ലല്ലോ. മാത്രമല്ല ആ രംഗം ഷൂട്ടിങ് കഴിഞ്ഞ് നിനക്കെന്ത് തൊലിക്കട്ടിയാണെന്നാണ് നാദിർഷ എന്നോട് ചോദിച്ചത്. അതുപോലെ ഉർവശി ചേച്ചി എന്റെ ഹീറോയിനായി വരുമെന്ന് ഞാൻ ഒരിക്കലും വിചാരിച്ചിരുന്നില്ല.'
'ചേച്ചി കൂടി ഉള്ളതുകൊണ്ട് ഒരുപാട് എക്സ്പീരിയൻസുള്ള പടമാണ് കേശു ഈ വീടിന്റെ നാഥൻ. കേരളത്തിലെ ജനങ്ങളെ ഏറ്റവും കൂടുതൽ ചിരിപ്പിച്ചിട്ടുള്ള നടന്മാരിൽ ഒരാളാണ് ഞാൻ. പക്ഷെ ജീവിതത്തിൽ ഏറ്റവും കൂടുതൽ കരഞ്ഞയാളാണ് ഞാൻ. ചിരിപ്പിക്കുന്ന എന്നെയാണ് കൂടുതൽ കരയിപ്പിച്ചിട്ടുള്ളത്', എന്നാണ് ദിലീപ് പറഞ്ഞത്.


Click it and Unblock the Notifications