'ഗ്രാന്റായി നടത്താനുള്ള കപ്പാസിറ്റിയില്ല, കേരളത്തിൽ വെച്ചുള്ള കല്യാണം ഭാര്യയുടെ നിർബന്ധം'; സുദേവും അമർദീപും!
കഴിഞ്ഞ ദിവസമായിരുന്നു കായകുളം കൊച്ചുണ്ണി അടക്കമുള്ള സിനിമകളിലൂടെ ശ്രദ്ധേയനായ നടൻ സുദേവ് നായരുടെ വിവാഹം. മോഡലിങ് രംഗത്ത് തിളങ്ങി നിൽക്കുന്ന അമർദീപ് കൗറിനെയാണ് സുദേവ് വിവാഹം ചെയ്തത്. ദീർഘനാളുകളായി ഇരുവരും പ്രണയത്തിലായിരുന്നു. ഗുരുവായൂരിൽ വെച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. ഒരു സെലിബ്രിറ്റി വിവാഹമായിട്ടില്ല വളരെ ലളിതവും സുന്ദരവുമായ ഒരു വിവാഹമായാണ് തന്റെ കല്യാണ് സുദേവ് നടത്തിയത്.
ഇരുവരും കേരള സ്റ്റൈലിലാണ് താലികെട്ടിന് എത്തിയത്. നോർത്ത് ഇന്ത്യക്കാരിയാണെങ്കിലും കേരളത്തനിമയിൽ വധുവായി ഒരുങ്ങുന്നതിൽ അമർദീപും പ്രത്യേകം ശ്രദ്ധിച്ചിരുന്നു. 2017 ഫെമിന മിസ് ഇന്ത്യയായിരുന്നു അമർദീപ്. ഗുജറാത്താണ് അമർദീപിന്റെ സ്വദേശം. സൗമിക് സെൻ സംവിധാനം ചെയ്ത ഗുലാബ് ഗാംഗ് (എന്ന ഹിന്ദി ചിത്രത്തിലൂടെ 2014ലായിരുന്നു സുദേവിന്റെ അരങ്ങേറ്റം.

മൈ ലൈഫ് പാർട്ണർ, അനാർക്കലി, കരിങ്കുന്നം സിക്സസ്, എസ്ര, കായംകുളം കൊച്ചുണ്ണി, അബ്രഹാമിന്റെ സന്തതികൾ, മിഖായേൽ, അതിരൻ, മാമാങ്കം, വൺ, ഭീഷ്മപർവ്വം, പത്തൊമ്പതാം നൂറ്റാണ്ട്, തുറമുഖം എന്നിവയാണ് സുദേവിന്റെ ഇതുവരെ മലയാളത്തിൽ പുറത്തിറങ്ങിയ പ്രധാന ചിത്രങ്ങൾ. മുംബൈയിലാണ് സുദേവ് നായർ ജനിച്ച് വളർന്നത്. പാലക്കാട് സ്വദേശികളായ വിജയകുമാറിന്റെയും സുഭദ്രയുടെയും മകനാണ്.
പൂണൈയിലെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ നിന്ന് അഭിനയത്തിൽ ബിരുദാനന്തര ബിരുദം നേടിയ സുദേവ് ബ്രേക്ക് ഡാൻസ്, പാർക്കൗർ, ബോക്സിങ്, കരാട്ടെ, ജൂഡോ, കളരി പയറ്റ് തുടങ്ങിയവയിലെല്ലാം പരിശീലനം നേടിയിട്ടുണ്ട്. 2001ലെ അണ്ടർ 16 ദേശീയ ഗെയിംസിൽ ഹൈജമ്പിൽ വെങ്കല മെഡൽ ജേതാവുമാണ് സുദേവ്.
മൈ ലൈഫ് പാര്‍ട്നർ എന്ന ആദ്യ മലയാളം ചിത്രത്തിലൂടെ തന്നെ സംസ്ഥാന പുരസ്‌കാരം നേടിയ നടനാണ് സുദേവ്. മലയാളത്തിലും കന്നഡയിലും ഹിന്ദിയിലും ഇംഗ്ലീഷിലുമായി ഇരുപതോളം സിനിമകളിൽ താരം ഇതിനകം അഭിനയിച്ച് കഴിഞ്ഞു. ഇപ്പോഴിതാ വിവാഹശേഷം ഭാര്യയ്ക്കൊപ്പം ആദ്യമായി മാധ്യമങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് സുദേവ് നായർ.
വിവാഹം ഗുരുവായൂരിൽ വെച്ച് നടത്താനുള്ള കാരണം അടക്കം സുദേവ് നായർ ഷാജിപാപ്പൻ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി. 'ഞങ്ങൾ പരിചയപ്പെട്ടത് ബോംബെയിൽ വെച്ചാണ്. മൂന്ന് വർഷത്തെ പരിചയമുണ്ട്. രണ്ട് വർഷമായി പ്രണയത്തിലായിരുന്നു. കേരളത്തിൽ വെച്ച് വിവാഹം നടത്തണമെന്നത് അമർദീപിന്റെ നിർബന്ധമായിരുന്നു. കേരളത്തിൽ വെച്ചുള്ള വിവാഹം നല്ലൊരു അനുഭവമായിരുന്നു. എന്റെ അച്ഛനും അമ്മയ്ക്കും അത് വലിയ സന്തോഷം നൽകി. വിവാഹശേഷം ഹാപ്പി മൂഡിലാണ്.'

'സിനിമയിലേക്ക് എത്താനുള്ള ശ്രമത്തിലാണ് അമർദീപ്. മുംബൈയിൽ ഒരു വർക്കിനിടെയാണ് അമർദീപിനെ കണ്ടുമുട്ടിയത്. ഇത്രയും സുന്ദരിയായ ഒരു പെൺകുട്ടിയെ ഞാൻ ആദ്യമായാണ് കാണുന്നത്. സ്വഭാവികമായും ഞാൻ ഫ്ലാറ്റായി. വളരെ ഓർഗാനിക്കായിട്ടാണ് റിലേഷൻഷിപ്പ് പ്രോഗ്രസായത്. അതുപോലെ കേരളത്തിലുള്ള ആളുകളുടെ സ്നേഹമാണ് അമർദീപിന് ഏറ്റവും ഇഷ്ടമായത്. ആരോടും പറയാതെയായിരുന്നു വിവാഹം നടത്തിയത്.'
'എന്നിട്ടും ഗുരുവായൂരിൽ എല്ലാവരും വന്ന് ഞങ്ങളുടെ സന്തോഷത്തിൽ പങ്കുചേർന്നു. റിസപ്ഷൻ മുംബൈയിൽ വെച്ചാണ്. പിന്നെ ഗ്രാന്റായി ഇവന്റ് നടത്താനുള്ള കപ്പാസിറ്റിയില്ല. പിന്നെ ഞാനുമായി റാപ്പോയുള്ള എല്ല താരങ്ങളെയും റിസപ്ഷനിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ഫ്രീയായിട്ടുള്ളവർ അവിടെ തീർച്ചയായും വരും.'
'ചിലർ ആ സമയത്ത് അവിടെയുണ്ട്. അതൊരു ഇൻഫോർമൽ ഇവന്റായാണ് നടത്തുന്നത്. റിസപ്ഷൻ ഫോർമാലിറ്റികൾ ഉണ്ടാകില്ലെന്നും', സുദേവ് നായർ പറയുന്നു. മുപ്പത്തിയെട്ടുകാരനായ സുദേവിന്റെ ഏറ്റവും അവസാനം പുറത്തിറങ്ങിയ സിനിമ തുറമുഖമാണ്. ദിലീപ് ചിത്രം തങ്കമണിയിലും സുദേവ് ഒരു സുപ്രധാനം വേഷം ചെയ്തിട്ടുണ്ട്.


Click it and Unblock the Notifications











