'ജീവിച്ചിരിപ്പുണ്ടായിരുന്നുവെങ്കില്‍ 60 വയസാകുമായിരുന്നു, എനിക്ക് എല്ലാ സ്വാതന്ത്ര്യങ്ങളും തന്ന മനുഷ്യനാണ്'
അഭിനേത്രിയും നര്‍ത്തകിയുമായ താര കല്യാണിനോട് പ്രത്യേകമായൊരു സ്‌നേഹമുണ്ട് പ്രേക്ഷകര്‍ക്ക്. സിനിമയിലും സീരിയലിലുമൊക്കെയായി സജീവമാണ് താര. താരയുടെ അമ്മ അന്തരിച്ച സുബ്ബലക്ഷ്മി, അന്തരിച്ച ഭർത്താവ് രാജാറാം, മകൾ സൗഭാഗ്യ വെങ്കിടേഷ്, സൗഭാഗ്യയുടെ ഭർത്താവും നടനുമായ അർജുൻ എന്നിവരെല്ലാം സോഷ്യൽ മീഡിയലൂടെ നിരവധി ആരാധകരെ സമ്പാദിച്ച താരങ്ങളാണ്. കൊച്ചുമകളുടെ വരവോടെ ജീവിതം മാറിയെന്ന് താര പറഞ്ഞിരുന്നു. മകള്‍ക്ക് എല്ലാകാര്യത്തിലും പ്രഥമ പരിഗണന താനാണ്.
അമ്മയെന്ന നിലയിലൊരുപാട് സന്തോഷമുള്ള കാര്യമാണത്. കൂടെ വേണമെന്ന് തോന്നിയ പല സന്ദര്‍ഭങ്ങളിലും തനിക്ക് ഭര്‍ത്താവിനെ വല്ലാതെ മിസ് ചെയ്തിരുന്നുവെന്ന് താര പറഞ്ഞിരുന്നു. അവതാരകനും നര്‍ത്തകനുമായിരുന്നു താരയുടെ ഭർത്താവ് രാജാറാം. ഡെങ്കിപ്പനി ബാധിച്ച് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 2017 ജൂലൈ 30ന് ആയിരുന്നു രാജാറാമിന്റെ അന്ത്യം.

ചാനൽ അവതാരകൻ, കൊറിയോഗ്രാഫര്‍ എന്നീ നിലകളിലും രാജാറാം പ്രശസ്തനായിരുന്നു. ഇപ്പോഴിതാ രാജാറാമിന്റെ പിറന്നാൾ ദിനത്തിൽ ഭർത്താവിനെ കുറിച്ചുള്ള മനോഹരമായ ഓർമകൾ പങ്കിട്ട് എത്തിയിരിക്കുകയാണ് താര കല്യാൺ. അടുത്തിടെ സർജറിക്കുശേഷം താരയ്ക്ക് ശബ്ദം നഷ്ടപ്പെട്ടിരുന്നു. ഇപ്പോൾ ചെറിയ രീതിയിൽ ശബ്ദം തിരികെ കിട്ടി തുടങ്ങിയിട്ടുണ്ട്. എഐ സംവിധാനം ഉപയോഗിച്ചാണ് യുട്യൂബ് വീഡിയോകൾക്ക് താര ശബ്ദം നൽകുന്നത്.
ജീവിച്ചിരിപ്പുണ്ടായിരുന്നുവെങ്കില്‍ തന്റെ ഭർത്താവ് രാജാറാമിന് ഇപ്പോൾ അറുപത് വയസുണ്ടാകുമായിരുന്നുവെന്ന് പറഞ്ഞാണ് താര വീഡിയോയിൽ സംസാരിച്ച് തുടങ്ങുന്നത്. ഒപ്പം ഭർത്താവിനൊപ്പമുള്ള നല്ല ഓർമകളുടെ ഫോട്ടോകളും താര വീഡിയോയിൽ പങ്കുവെച്ചു. നടിയുടെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം... ദൂരദര്‍ശനില്‍ വന്ന നെയ്ത്തുകാരനും രാജകുമാരിയും എന്ന ടെലിഫിലിമിന്റെ ഷൂട്ടിങ് സമയത്താണ് ഞാന്‍ രാജന്‍ ചേട്ടനെ ആദ്യമായി കണ്ടത്.
ഞാന്‍ രാജകുമാരിയും രാജന്‍ ചേട്ടന്‍ നെയ്ത്തുകാരനുമായിരുന്നു. പക്ഷെ അന്ന് കണ്ടപ്പോള്‍ എന്നെ ഇഷ്ടമായില്ല എന്നാണ് രാജന്‍ ചേട്ടന്‍ പറഞ്ഞത്. അത് കള്ളമായിരിക്കാം അന്നെടുത്ത ഫോട്ടോയില്‍ എന്ത് സ്‌നേഹത്തോടെയാണ് എന്നെ നോക്കുന്നത്. ഞാന്‍ കണ്ടതില്‍ വെച്ച് ഏറ്റവും നല്ല അച്ഛനാണ് രാജന്‍ ചേട്ടന്‍. മകള്‍ക്കൊപ്പം അദ്ദേഹം അത്രയും നല്ല ഓര്‍മകള്‍ ഉണ്ടാക്കിയിട്ടുണ്ട്.
അവള്‍ക്കും എനിക്കും രാജന്‍ ചേട്ടന്‍ തന്ന പിന്തുണ അത്രയും വലുതാണ്. എന്തെങ്കിലുമൊക്കെയാകണം അറിയപ്പെടുന്ന നടനാകണം എന്നൊക്കെ വലിയ ആഗ്രഹമായിരുന്നു രാജന്‍ ചേട്ടന്. മമ്മൂട്ടിയെ ഭയങ്കര ഇഷ്ടമാണ്. ഡബ്‌സ്മാഷ് എല്ലാം വരുന്നതിന് മുമ്പ് മമ്മൂക്കയുടെ സിനിമയിലെ ഡയലോഗ് എല്ലാം പറഞ്ഞ് നോക്കി വീഡിയോ എടുക്കുമായിരുന്നു.

എന്നെങ്കിലും വലിയൊരു നടനാകും വലിയ ഫ്‌ളക്‌സ് ബോര്‍ഡുകളൊക്കെ വരുമെന്ന് പ്രതീക്ഷിച്ചിരുന്നു. അവസാനം വരെ ആ ആഗ്രഹം സാധിക്കാതെ പോയി. എന്റെ ജീവിതത്തില്‍ എനിക്ക് എല്ലാ സ്വാതന്ത്ര്യങ്ങളും തന്ന മനുഷ്യനാണ്. ഷൂട്ടിങിന് പോകുമ്പോള്‍ ഇത്ര സമയമാവുമ്പോഴേക്കും തിരിച്ചെത്തണം ഇന്ന ഭക്ഷണം ഉണ്ടാക്കി തരണം എന്നൊന്നും അദ്ദേഹം വാശി പിടിച്ചിട്ടില്ല.
എനിക്ക് എല്ലാ സ്വാതന്ത്ര്യവും തന്ന അദ്ദേഹവും അത് തിരിച്ച് പ്രതീക്ഷിച്ചിരുന്നു. അദ്ദേഹം തന്റെ ഇഷ്ടങ്ങള്‍ക്ക് പിന്നാലെ പോകുമ്പോള്‍ ഞാനോ കുടുംബമോ തടസമായി നിന്നിട്ടില്ല. അതുകൊണ്ട് കുടുംബത്തിന്റെ ഉത്തരവാദിത്വം എനിക്ക് നോക്കേണ്ടി വന്നു. അതില്‍ ഖേദം ഒന്നുമില്ല. എല്ലാം നല്ല ഓര്‍മകളാണ്.
ഇതെല്ലാം വികാരഭരിതമാണെങ്കിലും കരയില്ലെന്ന് ഞാന്‍ മനസിന് കൊടുത്ത ഉറപ്പാണ്. ഈ ഓര്‍മകളെല്ലാം എടുത്തുവച്ചത് എന്റെ അമ്മയാണ്. അമ്മയും അച്ഛനും രാജന്‍ ചേട്ടനും ഇന്ന് എനിക്കൊപ്പമില്ല. ഈ ഓര്‍മകള്‍ മാത്രമാണ് അവശേഷിക്കുന്നത് എന്ന് പറഞ്ഞാണ് താര കല്യാണ്‍ വീഡിയോ അവസാനിപ്പിച്ചത്. വീഡിയോ പ്രത്യക്ഷപ്പെട്ടതോടെ താരയിലെ ഭാര്യയെ പ്രശംസിച്ചും താരയ്ക്ക് ആശ്വാസ വാക്കുകൾ കുറിച്ചും ആരാധകർ എത്തി.


Click it and Unblock the Notifications











