'12 വർഷം എന്റെ സന്തത സഹചാരിയായിരുന്നു... ഇറങ്ങിപ്പോകുന്നത് കണ്ടപ്പോൾ ഹൃദയം പൊട്ടിപ്പോയി'; താര കല്യാൺ!
സിനിമകളിലും സീരിയലുകളിലും എല്ലാം സജീവമാണ് നടി താര കല്യാണ്‍. എന്നാല്‍ കഴിഞ്ഞ കുറച്ച് കാലങ്ങളായി ശബ്ദം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് വിശ്രമത്തിലായിരുന്നു. സർജറിക്കുശേഷം താരയ്ക്ക് വീണ്ടും ശബ്ദം തിരിച്ച് കിട്ടി തുടങ്ങിയിട്ടുണ്ട്. ശബ്ദം തിരിച്ചുകിട്ടും മുമ്പ് യുട്യൂബിലൂടെ സാങ്കേതിക സൗകര്യങ്ങള്‍ ഉപയോഗിച്ച് താര കല്യാണ്‍ സംവദിക്കാറുണ്ടായിരുന്നു. മകൾ സൗഭാഗ്യയ്ക്ക് മാത്രമല്ല താര കല്യാണിനും സ്വന്തമായി ഒരു യുട്യൂബ് ചാനലുണ്ട്.
അതുവഴി തന്റെ ജീവിതത്തിൽ നടക്കുന്ന എല്ലാ വിശേഷങ്ങളും ദുഖങ്ങളും പ്രതിസന്ധികളുമെല്ലാം ആരാധകരെ അറിയിക്കാറുമുണ്ട്. ഇപ്പോഴിതാ അടുത്തിടെ താര കല്യാൺ സ്വന്തം യുട്യൂബ് ചാനലിൽ പങ്കിട്ട ഒരു വ്ലോഗിലെ ചില ഭാഗങ്ങളാണ് വൈറലാകുന്നത്. വാഹനങ്ങളോട് പ്രേമമുള്ളവർക്ക് വളരെ പെട്ടന്ന് കണക്ടാകുന്ന ഒരു വീഡിയോയാണത്.

ഒരു ദശാബ്ദക്കാലം തന്നോടൊപ്പമുണ്ടായിരുന്ന ഒരു വാഹനം കൊടുത്തപ്പോഴുണ്ടായ വിഷമത്തെ കുറിച്ചാണ് വൈറൽ വീഡിയോയിൽ താര പറയുന്നത്. ഭർത്താവിന്റെ മരണശേഷവും താര കല്യാൺ ഒറ്റയ്ക്കാണ് താമസം. ഇടയ്ക്ക് മകൾ സൗഭാഗ്യയും മരുമകൻ അർജുനും കൊച്ചുമകൾ സുദർശനയുമെല്ലാം സന്ദർശകരായി വരും. സ്വന്തം യാത്രകൾക്കെല്ലാമായി താരയ്ക്ക് ഒരു വാഹനമുണ്ടായിരുന്നു.
എല്ലാ യാത്രകൾക്കും താരം മെറൂൺ നിറത്തിലുള്ള ഹോണ്ട സിറ്റിയെന്ന ആ കാറിനെയാണ് ആശ്രയിച്ചിരുന്നത്. എന്നാലിപ്പോൾ പന്ത്രണ്ട് വർഷത്തോളം തന്റെ സന്തത സഹചാരിയായിരുന്ന വാഹനം താര കല്യാൺ കൊടുത്തു. പുതിയ വാഹനം വാങ്ങുന്നതിനാലാണ് പഴയ വാഹനം കൊടുത്തത്. പന്ത്രണ്ട് വർഷം കൊണ്ട് വീട്ടിലെ ഒരു അംഗമായി മാറിയതുകൊണ്ട് തന്നെ കാർ ഇറങ്ങിപ്പോകുന്നത് കണ്ടപ്പോൾ ഹൃദയം പൊട്ടിപ്പോയി എന്നാണ് താര പറയുന്നത്.
എന്റെ പ്രിയപ്പെട്ട വാഹനമായിരുന്നു ഹോണ്ട സിറ്റി. 2012ൽ കൊച്ചിയിൽ വെച്ചാണ് ഈ വണ്ടി ഞാൻ എടുത്തത്. എന്റെ മാത്രം ഇഷ്ടത്തിനാണ് ഈ വണ്ടി എടുത്തത്. കോ ഇൻസിഡൻസ് എന്നതുപോലെ ഈ വാഹനം വാങ്ങിയ ദിവസം രാജേട്ടന്റെ പിറന്നാളായിരുന്നു. അത് മാത്രമല്ല ഈ വണ്ടി പൂജിച്ചത് ഗുരുവായൂർ കൊണ്ടുപോയിട്ടാണ്. ഇത് എക്സ്ചേഞ്ച് ചെയ്തിട്ടാണ് പുതിയ വണ്ടി എടുക്കാൻ പോകുന്നത്.
ഞാൻ ഒരുപാട് അമ്പലങ്ങളിൽ പോയിട്ടുള്ളത് ഈ കാറിലാണ്. ഗുരുവായൂർ അമ്പലം, ചോറ്റാനിക്കര, എറണാകുളതപ്പൻ, പത്മനാഭസ്വാമി ക്ഷേത്രം എന്നിങ്ങനെ ഒരുപാട് ഒരുപാട് ക്ഷേത്രങ്ങളിൽ ഈ വാഹനത്തിലാണ് പോയത്. ഒരുപാട് നല്ല ഓർമകൾ സമ്മാനിച്ചിട്ടുള്ള എന്റെ സന്തതസഹചാരിയുമായിരുന്നു. വണ്ടി ഇറങ്ങിപ്പോകുന്നത് കണ്ടപ്പോൾ എന്റെ ഹൃദയം പൊട്ടിപ്പോയി എന്നാണ് താര കല്യാൺ തന്റെ പഴയ വാഹനം കൊടുത്തപ്പോഴുള്ള അനുഭവം നിറകണ്ണുകളോടെ വിവരിച്ച് പറഞ്ഞത്.

താരയുടെ വീഡിയോ വൈറലായതോടെ വാഹനങ്ങളോട് അറ്റാച്ച്മെന്റുള്ളവരെല്ലാം തങ്ങളുടെ അനുഭവങ്ങളും പങ്കിട്ടെത്തി. ഇതൊരു വല്ലാത്തൊരു നിമിഷമാണ് പുതിയ വണ്ടി വരുന്നതിന്റെ സന്തോഷമുണ്ടെങ്കിലും നമ്മുടെ കൂടെ അത്രയുംനാൾ ഉണ്ടായിരുന്ന ഒരു വണ്ടി വേറൊരാൾ കൊണ്ടുപോകുമ്പോൾ ഭയങ്കര വിഷമമാണ്.
അതെനിക്ക് ഉണ്ടായിട്ടുണ്ട്, ഇത്രയും വിഷമമുണ്ടെങ്കിൽ പിന്നെ എന്തിനാണ് മാറ്റുന്നത്, വിഷമിക്കേണ്ട ചേച്ചി ഇത്രയും സങ്കടപ്പെട്ടെന്നാൽ അവനെ വിട്ടുകളയണ്ടായിരുന്നു, വിഷമിക്കണ്ട ഞാനും ഇതു ഫേയ്സ് ചെയ്‌തിരുന്നു, പുതിയ കാർ വരുമ്പോൾ പതുക്കെ വിഷമം മാറും എന്നിങ്ങനെയാണ് താരയെ ആശ്വസിപ്പിച്ചും ഇതേ അവസ്ഥയിലൂട കടന്നുപോയവർ അനുഭവങ്ങൾ പങ്കിട്ടും കുറിച്ച കമന്റുകൾ. താര വാങ്ങാൻ പോകുന്ന പുതിയ വാഹനം സിലേറിയോയാണ്.
ടെസ്റ്റ് ഡ്രൈവ് ഒക്കെ നടത്തി കഴിഞ്ഞു താരം. കറുപ്പ് നിറത്തിലാണ് പുതിയ വാഹനം വരാൻ പോകുന്നത്. കാതോട് കാതോരമാണ് താര അഭിനയിച്ചുകൊണ്ടിരിക്കുന്ന പുതിയ സീരിയൽ.


Click it and Unblock the Notifications











