'സന്തൂർ മമ്മിയായിരുന്നു, ബ്ലോക്കും വാൽവിന് ലീക്കും ഗുരുതരമായി അമ്മ പോയി, അമ്മയായിരുന്നു ശക്തി'; സാഗർ സൂര്യ
സാഗർ സൂര്യ എന്ന പേര് മലയാളികൾക്ക് കൂടുതൽ സുപരിചിതമായത് തട്ടീം മുട്ടീം സീരിയലിലൂടെയാണ്. മീനാക്ഷിയുടെ ഭർത്താവ് ആദിയായി വന്ന് മോഹനവല്ലിക്കും അർജുനനും കമലാസനനുമൊപ്പം സാഗർ സൂര്യയും ഒരുപാട് ചിരിപ്പിച്ചു. വളരെ നാളുകളുടെ പരിശ്രമത്തിലൂടെയാണ് സാഗർ സൂര്യ അഭിനയത്തിലേക്ക് എത്തിയത്. ആഗ്രഹിച്ച് വന്നതിന്റെ ഫലം പിന്നീട് താരത്തിന് ലഭിക്കുകയും ചെയ്തു.
തട്ടീം മുട്ടീക്ക് ശേഷം കരുതി അടക്കമുള്ള സിനിമകളിലും സാഗർ സൂര്യ അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ ബിഗ് ബോസിൽ മത്സരാർഥിയായി വന്ന് കുടുംബപ്രേക്ഷകരോട് കൂടുതൽ അടുക്കുകയാണ് സാഗർ സൂര്യ. ഏയ്ഞ്ചലിൻ മരിയ പുറത്തായതോടെ ഹൗസിൽ പതിനേഴ് പേരാണ് ടൈറ്റിന് വേണ്ടി മത്സരിക്കുന്നത്. അക്കൂട്ടത്തിൽ പ്രേക്ഷകർക്ക് ഏറെ പ്രതീക്ഷയുള്ള മത്സരാർഥിയാണ് സാഗർ സൂര്യ.

മൂന്ന് വർഷം മുമ്പാണ് സാഗർ സൂര്യയ്ക്ക് അമ്മയെ നഷ്ടമായത്. എപ്പോഴും അമ്മയെ കുറിച്ച് സംസാരിക്കാനാണ് സാഗറിന് ഇഷ്ടവും. അടുത്തിടെ ബിഗ് ബോസിൽ വെച്ച് കൂട്ടുകാരുമായി അനുഭവങ്ങൾ പങ്കിടവെ തന്റെ അമ്മ യഥാർഥത്തിൽ സന്തൂർ മമ്മിയായിരുന്നുവെന്നും അത്രത്തോളം ഭംഗിയുള്ള അമ്മയായിരുന്നുവെന്നും ആ വേർപാടിന് ശേഷം വിഷുപോലും വീട്ടിൽ ആഘോഷിക്കാറില്ലെന്നും സാഗർ സൂര്യ പറഞ്ഞിരുന്നു.
ഇപ്പോഴിത അമ്മയുടെ അസുഖത്തെ കുറിച്ചും പെട്ടന്നുണ്ടായ മരണത്തെ കുറിച്ചും വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ സാഗർ സൂര്യ വെളിപ്പെടുത്തിയിരുന്നു. ബിഗ് ബോസിലേക്ക് പോകും മുമ്പ് താരം നൽകിയ അഭിമുഖം ഇപ്പോൾ വീണ്ടും വൈറലാവുകയാണ്.
അമ്മയായിരുന്നു തന്റെ ശക്തിയെന്നാണ് സാഗർ സൂര്യ പറഞ്ഞത്. അടുത്തിടെ സാഗർ സൂര്യയുടെ അച്ഛനും അമ്മയുടെ വേർപാട് സാഗർ സൂര്യയിൽ ഏൽപ്പിച്ച ആഘാതത്തെ കുറിച്ച് വിവരിച്ചിരുന്നു. ഇളയമകൻ കുറച്ചെങ്കിലും യാഥാർഥ്യം ഉൾക്കൊണ്ടുവെന്നും എന്നാൽ സാഗർ ഇപ്പോഴും അമ്മയെന്ന ലോകത്തിന് ഉള്ളിൽ തന്നെയാണെന്നുമാണ് താരത്തിന്റെ അച്ഛൻ പറഞ്ഞത്.
'അമ്മ വിട്ടുപോയി ദിവസങ്ങൾ കഴിഞ്ഞിട്ടും അത് ഉൾക്കൊള്ളാനായിട്ടില്ല. വാതത്തിന്റെ കുറച്ച് പ്രശ്നങ്ങളുണ്ടായിരുന്നു അമ്മയ്ക്ക്. അഞ്ചാറ് വർഷമായി ട്രീറ്റ്മെന്റിലായിരുന്നു. കുറച്ചുനാൾ മുമ്പ് നെഞ്ചിൽ ഗ്യാസ് കെട്ടി നിൽക്കുന്നതുപോലെ തോന്നി. ഡോക്ടറെ കണ്ടപ്പോൾ കുഴപ്പമൊന്നുമില്ലെന്ന് പറഞ്ഞു. പക്ഷെ അമ്മ കുറേ ഛർദിച്ചു.'

'സ്കാൻ ചെയ്തപ്പോഴാണ് ഹൃദയത്തിൽ ബ്ലോക്കും വാൽവിന് ലീക്കുമുണ്ടെന്ന് മനസിലായത്. അത് ഗുരുതരമായി അമ്മ പോയി. അമ്മയായിരുന്നു എന്റെ ശക്തി. കുടുംബത്തിന്റെ പിന്തുണയാണ് എന്നെ ഇവിടെ എത്തിച്ചത്. എം.ടെക്ക് കഴിഞ്ഞ് ജോലിക്കായി ശ്രമിച്ചെങ്കിലും ഒന്നും ശരിയായില്ല. അങ്ങനെയാണ് ആക്ട് ലാബിൽ തിയറ്റർ പഠനത്തിന് ചേർന്നത്. അതുവഴി ഓഡിഷനിലൂടെ തട്ടീം മുട്ടീയിൽ എത്തി. പിന്നെ സിനിമ ചെയ്തു.'
'പക്ഷെ അത് കാണാൻ കാത്തുനിൽക്കാതെ അമ്മ പോയി. എന്റെ കുടുംബമാണ് എനിക്കെല്ലാം. ഷൂട്ട് കഴിഞ്ഞാൽ വേഗം വീട്ടിൽ വരുക. അമ്മയോടൊപ്പം നിൽക്കുക എന്നതൊക്കയായിരുന്നു പ്രധാനം. അമ്മയുടെ പിന്തുണ എപ്പോഴും കരുത്തായിരുന്നു. എന്റെ പെർഫോമൻസ് കണ്ട് കൃത്യം അഭിപ്രായം പറയും. അതൊന്നും ഇനി ഇല്ലല്ലോ എന്നോർക്കുമ്പോൾ...' വാക്കുകൾ പൂർത്തിയാക്കാനാവാതെ സാഗർ പറഞ്ഞു.
സഹോദരനും അച്ഛനുമൊപ്പമാണ് സാഗറിന്റെ താമസം. കഴിയുന്ന അത്രയും ദിവസങ്ങൾ ഹൗസിൽ പിടിച്ച് നിൽക്കണമെന്നതാണ് സാഗറിന്റെ ആഗ്രഹം. ഒറ്റയ്ക്ക് നിന്ന് കളിച്ചാൽ ഫൈനൽ വരെ എത്താൻ കെൽപ്പുള്ള മത്സരാർഥിയാണ് സാഗറെന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടാറുള്ളത്. അതിനിടയിൽ ബിഗ് ബോസിലേക്ക് രണ്ടാമത്തെ വൈൽഡ് കാർഡ് കൂടി എത്താൻ പോവുകയാണ്. സംവിധായകൻ ഒമർ ലുലുവാണ് വൈൽഡ് കാർഡ് എന്നാണ് റിപ്പോർട്ട്.


Click it and Unblock the Notifications