അന്നേ അവൻ പറയും സമയമില്ല... രക്ഷപ്പെടണം രക്ഷപ്പെടണമെന്ന്, വെറും 26 വയസ് മാത്രമെ ഉണ്ടായിരുന്നുള്ളു; സിദ്ധാർത്ഥ്
മിനിസ്ക്രീനിൽ സംപ്രേഷണം ചെയ്തിരുന്ന എക്കാലത്തേയും ഹിറ്റ് സിറ്റ്കോമുകളിൽ ഒന്നാണ് തട്ടീം മുട്ടീം. ഇതിന്റെ ചുവടുപിടിച്ചാണ് മറ്റ് സിറ്റ്കോമുകൾ മലയാളത്തിൽ പിറന്നിട്ടുള്ളതും. തട്ടീം മുട്ടീമിലൂടെ ജനപ്രിയരായ രണ്ട് കലാകാരന്മാരാണ് സിദ്ധാർത്ഥ് പ്രഭുവും സാഗർ സൂര്യയും. സിദ്ധാർത്ഥ് ചെറിയ പ്രായം മുതൽ തട്ടീം മുട്ടീമിൽ മഞ്ജു പിള്ളയുടെ മകന്റെ വേഷം ചെയ്യുന്നുണ്ട്. വർഷങ്ങൾക്കുശേഷമാണ് സിദ്ധാർത്ഥിന്റെ അളിയൻ റോൾ ചെയ്യാൻ സാഗർ സൂര്യ തട്ടീം മുട്ടീമിലേക്ക് എത്തുന്നത്.
അന്ന് വെറും 26 വയസ് മാത്രമെ സാഗർ സൂര്യയ്ക്ക് ഉണ്ടായിരുന്നുള്ളു. സിദ്ധാർത്ഥിന്റെ സ്വന്തം സഹോദരി ഭാഗ്യലക്ഷ്മി പ്രഭുവായിരുന്നു സാഗറിന്റെ ഭാര്യ റോളിൽ അഭിനയിച്ചിരുന്നുത്. തട്ടീം മുട്ടീമിൽ തുടങ്ങിയ സാഗറിന്റെ അഭിനയ ജീവിതം മലയാള സിനിമയിൽ എത്തി നിൽക്കുകയാണ്.

ഇതിനോടകം വില്ലൻ, സഹനടൻ റോളുകളിൽ അടക്കം സാഗർ അഭിനയിച്ച് കഴിഞ്ഞു. അവയിൽ മിക്കതും പ്രശംസകൾ നേടുകയും ചർച്ചയായി തീരുകയും ചെയ്ത കഥാപാത്രങ്ങളാണ്. മുപ്പത്തിരണ്ടുകാരനായ സാഗർ സൂര്യയുടെ സിനിമ അരങ്ങേറ്റം കരുതി എന്ന പൃഥ്വിരാജ് സിനിമയിലൂടെയായിരുന്നു.
തട്ടിയും മുട്ടീമിലെ ചോക്ലറ്റ് ബോയ് എന്നതിലപ്പുറം താൻ അർഹിക്കുന്നുണ്ടെന്ന് അരങ്ങേറ്റ സിനിമയിലൂടെ തന്നെ സാഗർ പ്രേക്ഷകർ കാണിച്ച് കൊടുത്തു. ശേഷം ഉപചാര പൂർവം ഗുണ്ട ജയൻ, ജനഗണമന, ജോ ആന്റ് ജോ, കാപ്പ, കാസർഗോൾഡ്, പണി, ധീരം തുടങ്ങിയ സിനിമകളിലും സാഗർ അഭിനയിച്ചു. പണിയിൽ വില്ലൻ വേഷം ചെയ്തശേഷം സാക്ഷാൽ കമൽഹാസൻ വരെ സാഗറിനേയും ജുനൈസിനേയും അഭിനന്ദിച്ച് എത്തിയിരുന്നു.
മലയാളസിനിമയിൽ ആരും അഭിനയിക്കുകയല്ല. പുതിയതായി വന്നവർക്കൊക്കെ സിനിമ എങ്ങനെ അറിയാമെന്ന് വിചാരിക്കും. ജോജുവിന്‍റെ സിനിമയിൽ രണ്ടുപേർ അഭിനയിച്ചിരുന്നു. അവരുടെ രണ്ടാമത്തെയോ മൂന്നാമത്തെയോ ചിത്രമായിരിക്കും... എന്നിട്ടും അവരുടെ കഥാപാത്രത്തെക്കുറിച്ചുള്ള ധാരണ നോക്കൂ. ഇത് വളരെ ആശ്ചര്യകരമാണ്. അവർ തങ്ങളുടെ വേഷത്തെ നന്നായി മനസിലാക്കുന്നു എന്നാണ് സാഗറിനേയും ജുനൈസിനേയും കുറിച്ച് കമൽഹാസൻ പറഞ്ഞത്.
ഇപ്പോഴിതാ മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ സാഗർ സൂര്യയെ കുറിച്ച് സിദ്ധാർത്ഥ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. 26 വയസ് മുതൽ സിനിമയിൽ എന്തെങ്കിലുമൊക്കെ ആയിത്തീരണമെന്ന ആഗ്രഹം സാഗറിന് ഉണ്ടായിരുന്നുവെന്ന് സിദ്ധാർത്ഥ് പറയുന്നു. 2019-2020 കാലഘട്ടത്തിലാണ് സാഗർ തട്ടീം മുട്ടീയിൽ ജോയിൻ ചെയ്യുന്നത്.

അന്നേ അവൻ ലൊക്കേഷനിൽ വരുമ്പോൾ പറയും സമയമില്ല... സമയമില്ല രക്ഷപ്പെടണം രക്ഷപ്പെടണമെന്ന്. അന്നേ ആ ഒരു ത്വരയും ഫയറും അവനിൽ ഞാൻ കണ്ടതാണ്. അന്ന് അവന് 26 വയസായിരുന്നു. ഇന്ന് എനിക്ക് 26 വയസാണ്. ഇപ്പോൾ എനിക്കും അവൻ അന്ന് പറഞ്ഞതുപോലെ രക്ഷപ്പെടണം രക്ഷപ്പെടണം എന്ന ത്വരയാണ്. അവൻ അന്ന് ഉദ്ദേശിച്ചത് ഇന്ന് എനിക്ക് മനസിലാകുന്നു.
അവനും ഞാനും നമ്മിൽ നാലോ അഞ്ചോ വയസ് വ്യത്യാസമുണ്ടാകും. ഇരുപത്തിയാറ് വയസ് കഴിഞ്ഞാൽ പിന്നെ മൊത്തം പ്രശ്നമാണെന്നുമാണ് സിദ്ധാർത്ഥ് പ്രഭു പറഞ്ഞത്. ബിഗ് ബോസ് മലയാളം സീസൺ അഞ്ചിലെ മത്സരാർത്ഥിയുമായിരുന്നു സാഗർ സൂര്യ. സാഗറിനെ ആദി ഇമേജിൽ നിന്നും മാറ്റി നിർത്തി ആളുകൾ കണ്ട് തുടങ്ങിയതും താരം ബിഗ് ബോസിൽ വന്നശേഷമാണ്.
തൃശൂർ സ്വദേശിയാണ് സാഗർ. അച്ഛനും അനിയനുമാണുള്ളത്. അമ്മയെ കുറച്ച് വർഷങ്ങൾക്ക് മുമ്പാണ് സാഗറിന് നഷ്ടപ്പെട്ടത്. അമ്മയുടെ സ്ഥാനത്ത് അമ്മൂമ്മയാണ് ഇപ്പോൾ സാഗറിനുള്ളത്. യഥാർത്ഥത്തിൽ ഒരു മാജിക് പോലെയാണ് എന്റെ ജീവിതം മുമ്പോട്ട് പോകുന്നത്.
നല്ല രീതിയിൽ കഠിനാധ്വാനം ചെയ്യുന്നൊരാളാണ് ഞാൻ. എന്റെ വീട്ടുകാരെ അടിപൊളിയായി നോക്കണമെന്നാണ് എന്റെ ആഗ്രഹം എന്നാണ് ജീവിത കഥ പറഞ്ഞപ്പോൾ ഒരിക്കൽ സാഗർ പറഞ്ഞത്.


Click it and Unblock the Notifications











