ജഗദീഷിന് വേണ്ടിയുള്ള സീനായിരുന്നു അത്, പിന്നീട് മോഹന്‍ലാലിന് വേണ്ടി മാറ്റിയെഴുതി
ഇന്നും പ്രേക്ഷകരുടെ ചർച്ചയാകുന്ന സിനിമയാണ് നമ്പർ 20 മദ്രാസ് മെയിൽ. 1990 ൽ ജോഷി സംവിധാനം ചെയ്ത ചിത്രത്തിൽ വൻ താരനിരയായിരുന്നു അണിനിരന്നത്. മോഹൻലാലും മമ്മൂട്ടിയും ഒന്നിച്ചെത്തിയ ചിത്രത്തിൽ എം.ജി സോമൻ, ജഗദീഷ് , മണിയൻപിളള രാജു, അശോകൻ , ഇന്നസെന്റ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയിരുന്നു. സിനിമ പോലെ തന്നെ ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇന്നും ആ ഗാനങ്ങൾ പ്രേക്ഷകരുടെ ഇടയിൽ ചർച്ച വിഷയമാണ്. ഈ ചിത്രം പിന്നീട് തീസരാ ഖൂൻ എന്ന പേരിൽ ഇത് ഹിന്ദിയിൽ റീമേക്ക് ചെയ്തിരുന്നു. മമ്മൂട്ടി അതിഥി വേഷത്തിലായിരുന്നു ചിത്രത്തിൽ എത്തിയത്. സ്വന്തം പേരിൽ തന്നെയാണ് ചിത്രത്തിൽ മമ്മൂട്ടി എത്തിയത്.

മോഹൻലാലിന്റെ കഥാപാത്രമായ ടോണി കുരിശുങ്കലിന്റെ തിരുവനന്തപുരത്ത് നിന്നുള്ള ആ മദ്രാസ് യാത്രയുടെ പശ്ചത്തലത്തിലാണ് സിനിമ കഥ പറഞ്ഞത്. സിനിമയുടെ പകുതിയും ട്രെയിനിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ഇപ്പോഴിത ചിത്രത്തിലെ രസകരമായ സംഭവം പങ്കുവെക്കുകയാണ് സംവിധായകൻ ജോഷി. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. ചിത്രത്തില്‍ ഇന്നസെന്റ് പാടുന്ന ഗാനത്തെക്കുറിച്ചും മോഹന്‍ലാല്‍ സിനിമയില്‍ മിമിക്രി അവതരിപ്പിച്ചതിനെക്കുറിച്ചും ജോഷി അഭിമുഖത്തിൽ പറയുന്നുണ്ട്.
"ഇന്നസെന്റ് ഗാനരചനയും സംഗീതവും നിര്‍വഹിച്ച് പാടുന്ന ഒരു പാട്ടുണ്ട് 'നമ്പര്‍ 20 മദ്രാസ് മെയിലില്‍'. അതിലെ ആ മദ്യപാനപാട്ട് മുന്‍പ് ഏതോ സ്കിറ്റിന് വേണ്ടി ഇന്നസെന്റ് തന്നെ പാടിയതാണ്. സന്ദര്‍ഭത്തിന് യോജിച്ചതാണെന്ന് കണ്ടപ്പോള്‍ സിനിമയില്‍ ഉപയോഗിക്കാമെന്ന ആശയവും അദ്ദേഹത്തിന്‍റെതായിരുന്നു. നമ്പര്‍ 20 മദ്രാസ് മെയിലിലെ 'പിച്ചകപ്പൂങ്കാവുകള്‍ക്കുമപ്പുറം' എന്ന പാട്ടും സൂപ്പര്‍ഹിറ്റായിരുന്നു. ഷിബു ചക്രവര്‍ത്തി എഴുതി ഔസേപ്പച്ചന്‍ സംഗീതം നല്‍കി എംജി ശ്രീകുമാറും സംഘവും പാടിയതാണ് ഗാനം. ഈ പാട്ടില്‍ ഔസേപ്പച്ചനു വേണ്ടി കീബോര്‍ഡ് വായിച്ചത് ഏആര്‍ റഹ്മാനായിരുന്നു. അസിസ്റ്റ് ചെയ്തത് വിദ്യാസാഗര്‍ ആയിരുന്നു.
Recommended Video
സിനിമയില്‍ മമ്മൂട്ടിക്ക് മുന്നില്‍ മോഹന്‍ലാലും സംഘവും മിമിക്രി കാണിക്കുന്നുണ്ട്. കെപി ഉമ്മറിന്റെയും ശങ്കരാടിയുടെയും ശബ്ദമാണ് മോഹന്‍ലാല്‍ അനുകരിക്കുന്നത്. യഥാര്‍ത്ഥത്തില്‍ അവര്‍ രണ്ട് പേരുടെയും ഒര്‍ജിനല്‍ ശബ്ദമാണ് ആ സിനിമയില്‍ ഉപയോഗിച്ചിരിക്കുന്നത്. ജഗദീഷിന്റെ കഥാപാത്രം മമ്മൂട്ടിക്ക് മുന്നില്‍ മിമിക്രി അവതരിപ്പിക്കുന്നതായാണ് ആദ്യം എഴുതിയത്. പിന്നീട് മോഹന്‍ലാലിലേക്ക് മാറ്റിയതാണ്".- ജോഷി അഭിമുഖത്തിൽ പറഞ്ഞു.


Click it and Unblock the Notifications