ഒരു യാത്ര ഒക്കെ പോകാൻ പറ്റുമോ എന്ന് റിമി, പിന്നല്ല... മറുപടിയുമായി ബിഗ് ബോസ് താരങ്ങൾ
പാട്ട്, അഭിനയം അവതരണം ഇപ്പോഴിത പാചകവും... റിമി ടോമിയെ ഒരു സകലകലാവല്ലഭ എന്ന് തന്നെ വിളിക്കാം. പാട്ട് പാടണോ നൃത്തം ചെയ്യണോ എന്തിനും തയ്യാറാണ്. റിമിയുടെ ഈ പെരുമാറ്റം തന്നെയാണ് താരത്തെ പ്രേക്ഷകരുടെ പ്രിയങ്കരിയാക്കുന്നത്. കുട്ടികൾ മുതൽ പ്രായമായവർ വരെ റിമിയുടെ ഫാൻസ് ലിസ്റ്റിലുണ്ട്. ലോക്ക് ഡൗൺ ആയതോടെ സോഷ്യൽ മീഡിയയിൽ സജീവമായിരിക്കുകയാണ് താരം. പാട്ടും ടിക് ടോക്കുമായി റിമി ദിനം പ്രതി പ്രേക്ഷകരുടെ മുന്നിൽ എത്താറുണ്ട്.

മികച്ച ഗായികയാണെന്ന് റിമി വർഷങ്ങൾക്ക് മുൻപ് തന്നെ തെളിയിച്ചിട്ടുണ്ട്. എന്നാൽ ഈ ലോക്ക് ഡൗൺ കാലത്ത് റിമിയുടെ മറ്റൊരു മുഖം കൂടി വെളിവായിരിക്കുകയാണ്. പാട്ടും അഭിനയവും മാത്രമല്ല പാചകത്തിലും താൻ പുലിയാണെന്ന് പ്രിയ ഗായിക തെളിയിച്ചു കഴിഞ്ഞു. ബീഫ്, ചിക്കൻ റോസ്റ്റ് എന്നിങ്ങനെ പാലക്കാരുടെ പ്രിയപ്പെട്ട നോൺ വെജ് വിഭവങ്ങളിലൂടെയാണ് റിമി പാചകത്തിലുള്ള തന്റെ കഴിവ് പുറത്തെടുത്തിരിക്കുന്നത്. സ്വന്തം യൂട്യൂബ് ചാനലിലൂടെ തനി പാലക്കാരിയായിട്ടാണ് എത്തുന്നത്. കുറച്ച് സമയത്തിനുള്ളിൽ തന്നെ യൂ ട്യൂബ് ചാനലിന് സബ്സ്ക്രൈബേഴ്സിന്റെ എണ്ണവും വർധിച്ചിട്ടുണ്ട്.
പാട്ട്, അഭിനയം എന്നിവ കൂടാതെ യാത്രകളേയും റിമി ഏറെ ഇഷ്ടപ്പെടുന്നുണ്ട്. കൊവിഡും ലോക്ക് ഡൗണും കാരണം യാത്രകളെ ഒരുപാട് മിസ് ചെയ്യുന്നുണ്ടെന്നും റിമി പറയുന്നു. കഴിഞ്ഞ ദിവസം പങ്കുവെച്ച ഒരു ഇൻസ്റ്റഗ്രാം പോസ്റ്റിലാണ് യാത്രകൾ മിസ് ചെയ്യുന്നു എന്ന് പ്രിയ ഗായിക പറഞ്ഞത്. " ഇനി ഒരു യാത്ര ഒക്കെ എന്ന് പോകാൻ പറ്റുമോ ആവോ,ഉടനെ പോവാൻ പറ്റിയില്ലേലും സാരമില്ല ഒന്ന് കൊറോണ തീർന്നാൽ മതിയാരുന്നു", എന്നാണ് റിമി പറയുന്നത്. ഒരു വിദേശ രാജ്യത്ത് നിന്നുള്ള ചിത്രം പങ്കുവെച്ചു കൊണ്ടായിരുന്നു കുറിപ്പ്.
റിമിയുടെ കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. നടിയും ബിഗ് ബോസ് താരവുമായ വീണ നായരും ബിഗ് ബോസ് സീസൺ 1 മത്സരാർഥി ഷിയാസ് കരീം റിമിയെ ആശ്വസിപ്പിച്ച് രംഗത്തെത്തിയിരുന്നു. ഗോ കൊറോണ ഗോ എന്നാണ് ഷിയാസ് പറഞ്ഞത്. പോകാൻ പറ്റും പിന്നല്ല എന്ന് പറഞ്ഞു കൊണ്ടാണ് വീണ റിമിയെ ആശ്വസിപ്പിച്ചത്. കൂടാതെ നിരവധി ആരാധകരും ആശ്വാസ വാക്കുകളുമായി രംഗത്തെത്തിയിട്ടുണ്ട്.


Click it and Unblock the Notifications