കാവേരിയെ ലോഹി സാറിന് ഇഷ്ടപ്പെട്ടില്ല, പിന്നീട് സമീപിച്ചപ്പോൾ പേര് പറയാതെ ഫോട്ടോ കാണിച്ചു, അന്ന് സംഭവിച്ചത്!
വളരെ വർഷങ്ങളായി പ്രൊഡക്ഷൻ കൺട്രോളറായി മലയാള സിനിമയിൽ സജീവമാണ് സിദ്ധു പനയ്ക്കൽ. ഒട്ടേറെ മഹത് വ്യക്തികൾക്കൊപ്പം പ്രവർത്തിക്കാൻ സാധിച്ചിട്ടുള്ള സിദ്ധു ഇടയ്ക്കിടെ പഴയ കാല സിനിമാ ഷൂട്ടിങ് സെറ്റ് അനുഭവങ്ങൾ കുറിപ്പായി ഫേസ്ബുക്കിൽ പങ്കിടാറുണ്ട്. അത്തരത്തിൽ താരം പങ്കുവെച്ച പുതിയ കുറിപ്പാണ് ശ്രദ്ധ നേടുന്നത്. നടി കാവേരിയെ നായികയായി ആദ്യമായി ഉദ്യാനപാലകൻ സിനിമയിലേക്ക് കാസ്റ്റ് ചെയ്തപ്പോഴുള്ള അനുഭവമാണ് സിദ്ധു പനയ്ക്കൽ കുറിച്ചത്. ഓഡീഷന് വന്ന് കാവേരിയെ ആദ്യം ലോഹിതദാസ് റിജക്ട് ചെയ്തിരുന്നുവെന്ന് അദ്ദേഹം പറയുന്നു.
ഹരികുമാർ സാറിന്റെ സെവൻ ആർട്സ് ചിത്രം ഉദ്യാനപാലകന്റെ എഴുത്തും ലൊക്കേഷൻ നോക്കലുമൊക്കെയായി ഞങ്ങൾ ഷൊർണൂർ ഗസ്റ്റ് ഹൗസിൽ താമസിക്കുന്നു. കൺട്രോളർ മോഹനേട്ടൻ. ഞാൻ എക്സിക്യൂട്ടീവ്. വിജയകുമാർ സാറും ഹരികുമാർ സാറും മോഹനേട്ടനും വരവും പോക്കുമായി നിൽക്കുന്നു. ഞാൻ സ്ഥിരം ലോഹിസാറിന്റെ കൂടെയുണ്ട്. അന്ന് ലോഹിസാറിന് ഷൊർണൂർ ഒരു വീടുണ്ട്. അവിടെയിരുന്നും ഗസ്റ്റ് ഹൗസിൽ ഇരുന്നുമാണ് സാർ എഴുതുന്നത്.

ഇടവേളകളിൽ ലൊക്കേഷൻ കാണലും നടക്കുന്നുണ്ട്. മധ്യവയസ്കനായ ഒരാളും തീരെ പ്രായം കുറഞ്ഞ ഒരു പെൺകുട്ടിയും തമ്മിലുള്ള സ്നേഹബന്ധത്തിന്റെ കഥയാണ് ഉദ്യാനപാലകൻ. മമ്മൂട്ടി സാർ നായകൻ. പെൺകുട്ടി ഫിക്സ് ആയിട്ടില്ല. അന്വേഷണം പലവഴിക്ക് നടക്കുന്നു. എനിക്ക് ദിവസവും രാവിലെ ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ പോകലാണ് പ്രധാന ജോലി. മദ്രാസിൽ നിന്ന് മോഹനേട്ടനും തിരുവനന്തപുരത്ത് നിന്ന് ഹരികുമാർ സാറും പല പെൺകുട്ടികളുടെയും ഫോട്ടോസ് എസി കോച്ച് അറ്റൻഡർമാരുടെ കയ്യിൽ കൊടുത്തയക്കും.
ലോഹി സാറിന്റെ അപ്രൂവലിന്. ചിലതൊക്കെ കൊള്ളാമെന്ന് തോന്നിയെങ്കിലും പൂർണ തൃപ്തിയായില്ല ലോഹി സാറിന്. അങ്ങിനെയിരിക്കെ ഒരു ദിവസം ലോഹി സാറിന്റെ വീട്ടിൽ ഞങ്ങൾ ഇരിക്കുമ്പോൾ നടൻ കൃഷ്ണപ്രസാദ് ലോഹിസാറിനെ കാണാൻ വന്നു. സംസാരത്തിനിടയിൽ നായികാ പ്രശ്നവും ചർച്ചയായി. കൃഷ്ണപ്രസാദ് പറഞ്ഞു... രണ്ട് ദിവസം മുമ്പ് കാവേരിയുടെ അമ്മയെ കണ്ടിരുന്നു.
അവർ കാവേരിയുടെ കുറച്ച് ഫോട്ടോസ് കാണിച്ചു. കാവേരി ഇപ്പോൾ നന്നായിരിക്കുന്നു എന്നൊക്കെ. ബാലതാരമായൊക്കെ സിനിമയിൽ അഭിനയിക്കുന്ന കുട്ടിയാണ് കാവേരി. കൃഷ്ണപ്രസാദും കാവേരിയും പരിചയക്കാരാണ്. എനിക്കും അറിയാം കാവേരിയെ ഞങ്ങളുടെ സദയം എന്ന പടത്തിൽ കാവേരി അഭിനയിച്ചിട്ടുണ്ട്. ഒരു ചെറിയ കുട്ടിയുടെ പ്രകൃതമായിരുന്നു കാവേരിക്ക് അന്ന്. അല്ല ഇപ്പോൾ കുറച്ച് വലുതായിട്ടുണ്ടെന്ന് കൃഷ്ണപ്രാസാദ്. എന്നാൽ കണ്ടുകളയാമെന്ന് ലോഹി സാർ പറഞ്ഞു.
കാവേരി വന്ന ദിവസം മോഹനേട്ടനും ഉണ്ടായിരുന്നു. വീഡിയോ ഗ്രാഫറുമുണ്ട്. കാവേരിയെ ലോഹി സാറിനെ കാണിച്ചു. തിരുവല്ലയിൽ നിന്ന് യാത്ര ചെയ്ത് വന്നപ്പോൾ ടയേർഡ് ആയതോ അതോ ധരിച്ചിരുന്ന ഡ്രസ്സിന്റെ പ്രത്യേകതയോ എന്താണെന്നറിയില്ല ഒറ്റ നോട്ടത്തിൽ കാവേരിയെ ലോഹി സാറിന് ഇഷ്ടമായില്ല. വന്നതല്ലേ നിങ്ങൾ വീഡിയോയിൽ എന്തെങ്കിലും എടുക്കുവെന്ന് പറഞ്ഞു ലോഹി സാർ.

ലോഹിസാറിന്റെ സംസാരത്തിൽ നിന്ന് തന്നെ കാവേരിക്കും അമ്മയ്ക്കും കാര്യം മനസിലായി. ഉദ്യാനപാലകന് ശേഷം ഞാൻ വർക്ക് ചെയ്യുന്ന ദിലീപ് ചിത്രം മാനസത്തിന്റെ ചർച്ചകൾ നടക്കുന്നുണ്ട്. കേച്ചേരിക്കാരൻ റാഫേൽ ചേട്ടനാണ് പ്രൊഡ്യൂസർ പുതുമുഖം സിസി സുധിഷ് ഡയറക്ടർ. സെവൻ ആർട്സ് മോഹനേട്ടനും റാഫേൽ ചേട്ടനും ഈയിടെ അന്തരിച്ച സെവൻ ആർട്ട്‌സ് പ്രസാദ് ചേട്ടനും ചേർന്ന് വിതരണം. വിഷമിച്ചിരുന്ന കാവേരിയോട് മോഹനേട്ടൻ പറഞ്ഞു.
ഞങ്ങൾ ഒരു സിനിമ എടുക്കുന്നുണ്ട്. ദിലീപാണ് നായകൻ. ദിലീപിനോടും പ്രൊഡ്യൂസറോടും ഡയറക്ടറോടും ഞങ്ങൾ പറഞ്ഞോളാം. അതിലെ നായികാ വേഷം തീർച്ചയായും കാവേരിക്ക് ചെയ്യാം. മോഹനേട്ടൻ മൂന്ന് പേരെയും വിളിച്ചു ആർക്കും എതിർപ്പില്ല. കാവേരിയും മോഹനേട്ടനും അന്ന് തന്നെ മടങ്ങിപോയി. ഞാൻ ലോഹിസാറിന്റെ കൂടെ തന്നെ.
അന്ന് എന്റെ കൂടെ വർക്ക് ചെയ്യുന്ന ശശി ഗുരുവായൂർ എന്ന മാനേജരോട് പ്രൊഡ്യൂസറേ കണ്ട് അയ്യായിരം രൂപ വാങ്ങിക്കൊണ്ട് പോയി കാവേരിക്ക് അഡ്വാൻസ് കൊടുക്കണമെന്നും ഒരു ഫോട്ടോഗ്രാഫറേ കൊണ്ട് പോയി വിവിധതരം ഡ്രസ്സ് ഇട്ട് ഫോട്ടോയും എടുക്കണമെന്നും പറഞ്ഞേൽപ്പിച്ചു.
ശശി പോയി അഡ്വാൻസ് കൊടുത്ത് ഫോട്ടോസ് എടുത്ത് തിരിച്ചുവന്നു. രണ്ട് ദിവസം കഴിഞ്ഞപ്പോൾ ഫോട്ടോസ് ഷൊർണൂർ എന്റെ കയ്യിൽ കൊണ്ട് തന്നു. പലതരത്തിലുള്ള ഡ്രസ്സ് ഇട്ട് വിവിധ പോസുകളിൽ ഉള്ള ഫോട്ടോസ്. ഫോട്ടോസ് ഞാൻ എന്റെ ബാഗിൽ സൂക്ഷിച്ചു. ഇവിടെ നായികക്ക് വേണ്ട അന്വേഷണം തകൃതിയായി നടക്കുന്നു. ഒന്നും ശരിയാകുന്നില്ല. ഷൂട്ടിങ് തുടങ്ങേണ്ട ദിവസം ഇങ്ങടുത്തു. ഒരു ദിവസം ലോഹിസാറും ഞാനും ഗസ്റ്റ് ഹൗസിന്റെ ഫോൺ വെച്ചിരിക്കുന്ന ടേബിളിന് അപ്പുറവും ഇപ്പുറവുമിരുന്ന് സംസാരിക്കുന്നു.
വിഷയം നായികതന്നെ. ഞാൻ പറഞ്ഞു സാർ എന്റെ കയ്യിൽ ഒരു പെൺകുട്ടിയുടെ ഫോട്ടോയുണ്ട്. ആരാണെന്ന് സാർ. കാവേരി എന്ന് പറഞ്ഞാൽ കാണാൻ സാർ താല്പര്യം കാണിച്ചില്ലെങ്കിലോയെന്ന് കരുതി ഞാൻ പറഞ്ഞു. സാർ അറിയില്ല പുതിയ കുട്ടിയാണ്. അടുത്ത പടത്തിലേക്ക് നോക്കാൻ വേണ്ടി ഫോട്ടോ കൊണ്ട് വന്നതാ. കാണട്ടെ എന്ന് സാർ. ഞാൻ ഫോട്ടോ എടുത്ത് കൊണ്ട് വന്നു. ഒരു ഡയറിയുടെ ഇടയിലാണ് ഞാൻ ആ ഫോട്ടോസ് വെച്ചിരുന്നത്. ഇത് കാവേരിയല്ലേ ഫോട്ടോ നോക്കി സാർ ചോദിച്ചു.
പല പോസിൽ ഉള്ള ഫോട്ടോസ്, പല വേഷത്തിൽ ഉള്ള ഫോട്ടോസ്, പല ഭാവത്തിൽ ഉള്ള ഫോട്ടോസ്, കൊള്ളാമല്ലോ സാറിനിഷ്ടമായി. എല്ലാ ഫോട്ടോസും നോക്കിയ ശേഷം സാർ പറഞ്ഞു. ഇവൾ തന്നെ നമ്മുടെ നായിക. ഗസ്റ്റ് ഹൗസിൽ എസ്ടിഡി ഇല്ല. ചെറുതുരുത്തി മാഷുടെ ബൂത്ത് വഴി മൂന്ന് എസ്ടിഡി പറന്നു. മമ്മൂട്ടി സാർ, ഹരികുമാർ സാർ, വിജയകുമാർ സാർ. ഉദ്യാനപാലകന്റെ ഷൂട്ടിങ് നടന്നുകൊണ്ടിരിക്കുമ്പോൾ ഷൂട്ടിങ് റിപ്പോർട്ട് വന്ന ചിത്രഭൂമിയിൽ ലോഹിസാർ എഴുതി സിദ്ധാർത്ഥന്റെ ഡയറിയിൽ നിന്നാണ് കാവേരിയെ കണ്ടെത്തിയതെന്ന്.
കാവേരിയായി മലയാളത്തിലും കല്യാണിയായി തെലുങ്കിലും തമിഴിലും കന്നഡയിലും അഭിനയിച്ചു. ഇപ്പോഴും തെലുങ്കിൽ അഭിനയിച്ചുകൊണ്ടിരിക്കുന്നു... സിദ്ധു കുറിച്ചു. ബാലതരമായി അഭിനയിച്ചുകൊണ്ട് സിനിമയിലേക്ക് എത്തിയ കാവേരി ഒരു സമയത്ത് ഒട്ടനവധി ആരാധകരുള്ള പ്രതിഭയായിരുന്നു.


Click it and Unblock the Notifications

















