»   » സിനിമാപ്രേമികളെ പുറത്താക്കുന്ന തിയറ്ററുകള്‍

സിനിമാപ്രേമികളെ പുറത്താക്കുന്ന തിയറ്ററുകള്‍

Posted By:
Subscribe to Filmibeat Malayalam
സിനിമ മാറുന്നു, തിയറ്ററുകളും മാറുന്നു. ഒപ്പം കാഴ്‌ചയുടെ സംസ്‌ക്കാരവും അപ്പാടെ മാറുന്നു എന്ന്‌ തെറ്റിദ്ധരിക്കരുത്‌. മള്‍ട്ടിപ്ലക്‌സുകളും ന്യൂ ജനറേഷന്‍ വികാരവും ഫെയ്‌സ്‌ബുക്ക്‌ ട്രെന്‍ഡുകളും പുതിയ സിനിമയ്‌ക്ക്‌ കരുത്തു പകരുന്നുണ്ടെങ്കിലും എക്കാലത്തും സിനിമയെ കൂടെ നിര്‍ത്തിയ അടിസ്ഥാന വര്‍ഗ്ഗ പ്രേക്ഷകര്‍ ഇവിടെയുണ്ട്‌. ഗ്രാമങ്ങളിലും നഗരങ്ങളിലും ഇവരുടെ സാന്നിധ്യത്തില്‍ വല്ലാതെ കുറവും വന്നിട്ടില്ല.

മാറിമാറി വരുന്ന സിനിമകള്‍ തിയറ്ററുകള്‍ തോറും കയറിയിറങ്ങി കാണുന്ന ഇവര്‍ ചുരുങ്ങിയ വേതനം കൊണ്ട്‌ ജീവിക്കുന്ന വലിയ സഹൃദയന്‍മാരാണ്‌. അവര്‍ക്കാണ്‌ വലിയ നഗരങ്ങളിലെ തിയറ്ററുകള്‍ പണികൊടുത്തിരിക്കുന്നത്‌. മാസത്തില്‍ പത്തു സിനിമകളെങ്കിലും തിയറ്ററില്‍ പോയി കാണുന്ന ഇവര്‍ക്ക്‌ അറുപതു രൂപയുടെ ടിക്കറ്റെടുക്കേണ്ട ഗതികേടാണ്‌ കൊച്ചി പോലുളള നഗരം സമ്മാനിക്കുന്നത്‌.

ഫസ്‌റ്റ്‌, സെക്കന്റ്‌, തേര്‍ഡ്‌, ക്ലാസുകളുണ്ടായിരുന്ന തിയറ്ററുകളില്‍ പലതും പരിഷ്‌കരിച്ചപ്പോള്‍ തേര്‍ഡ്‌ ക്ലാസ്‌ ഇല്ലാതായി. തിയറ്ററുകളുടെ ഏകീകരണത്തിനും പരിഷ്‌കരണത്തിനും നിരവധി നടപടികള്‍ പ്രാവര്‍ത്തികമാക്കികൊണ്ടിരിക്കുന്ന സര്‍ക്കാറും ഈ അവസ്ഥയെ കണ്ടില്ലെന്ന്‌ നടിക്കുന്നു.

മള്‍ട്ടിപ്ലക്‌സുകളില്‍ ഏറ്റവും ചുരുങ്ങിയത്‌ 150 രൂപയാണ്‌ നിരക്ക്‌. സമ്പന്നര്‍ക്കും വല്ലപ്പോഴും സിനിമ കാണുന്നവര്‍ക്കും ഇതൊക്കെ അനുകൂലമാണ്‌. എന്നാല്‍ സാധാരണക്കാരന്റെ വിനോദ കേന്ദ്രമായ തിയറ്ററുകള്‍ എസിയുടെ മറവില്‍ ഇങ്ങനെ കളം മാറിയത്‌ കടുപ്പമായിപ്പോയി.

ഏറ്റവും പഴക്കമുള്ളതും നല്ല തിയറ്ററുകളുമായി ഇന്നും കണക്കാക്കുന്ന തൃശൂര്‍ ജോര്‍ജ്ജേട്ടന്‍സ്‌ രാഗവും, തിരുവനന്തപുരം ശ്രീപദ്‌മനാഭയുമൊക്കെ ഇപ്പോഴും പഴയരീതി പിന്‍തുടരുന്നത്‌ ആശാവഹമാണ്‌. കൊച്ചിയാണ്‌ ഏറ്റവും കടുത്ത അനീതി കാട്ടികൊണ്ടിരിക്കുന്നത്‌.

നാട്ടിന്‍പുറത്തെ തിയറ്ററുകള്‍ ഇല്ലാതാവുകയും നഗരത്തിലെ തിയറ്ററുകള്‍ സമ്പന്നന്‍മാര്‍ക്കു വേണ്ടി മാത്രം പ്രവര്‍ത്തിക്കുകയും ചെയ്യുമ്പോള്‍ നഷ്ടം സിനിമയ്‌ക്കാണ്‌. ചേമ്പറും എക്‌സിബിറ്റേഴ്‌സും മറ്റ്‌ സംഘടനകളും ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കേണ്ടിയിരിക്കുന്നു.

മുന്നിരിലിരിക്കുന്നവരുടെ ആവേശവും കമന്റുകളും, തിയറ്റര്‍ വിട്ട്‌ പുറത്തിറങ്ങിയാല്‍ സിനിമയെ കുറിച്ചുള്ള അവലോകനങ്ങളും വളരെ പ്രസക്തമാണ്‌ സിനിമയ്‌ക്ക്‌. ഇവരുടെ ആദ്യ അഭിപ്രായങ്ങളാണ്‌ സിനിമയെ തുടര്‍ ദിവസങ്ങളില്‍ നിലനിര്‍ത്തുന്നതും നിഷ്‌കാസനം ചെയ്യുന്നതും പെട്ടെന്നുണ്ടായ യൂത്ത്‌ കാമ്പസ്‌ ട്രെന്‍ഡില്‍ മാത്രം സിനിമ നിലനില്‌ക്കില്ല. കാമ്പസിനും അഭികാമ്യം കുറഞ്ഞ നിരക്കുകളാണ്‌.

സിനിമയുടെ നിരന്തരകാഴ്‌ചക്കാരെ പുതുക്കിയ നിരക്കുകള്‍ കൊണ്ട്‌ തിയറ്ററില്‍ നിന്ന്‌ ഓടിക്കരുത്‌. കുറഞ്ഞ നിരക്കില്‍ കൂടുതല്‍ ആളുകള്‍ എത്തുന്നത്‌ തന്നെയാണ്‌ തിയറ്ററുകള്‍ക്കും സിനിമയ്‌ക്കും അഭികാമ്യം.

English summary
The victory of film industry is based on the common man's passion for movies. He watches all releasing movies in theatre
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam