'ജീവിതം അതിന്റെ എല്ലാ പൂർണ്ണതയിലും'; ആരാധകരുടെ പ്രവചനം പോലെ സംഭവിച്ചോ?, മാളവികയ്ക്കും കുഞ്ഞിനുമൊപ്പം തേജസ്!
ഏറ്റവും കൂടുതൽ ആരാധകരുള്ള സെലിബ്രിറ്റി കപ്പിളാണ് മാളവിക കൃഷ്ണദാസും തേജസ് ജ്യോതിയും. കുറച്ച് ദിവസം മുമ്പാണ് ഇരുവരുടെയും ജീവിതത്തിലേക്ക് ആദ്യത്തെ കൺമണി എത്തിയത്. മാളവികയ്ക്ക് പത്ത് ലക്ഷത്തിന് മുകളിൽ സബ്സ്ക്രൈബേഴ്സുള്ള യുട്യൂബ് ചാനലുണ്ട്. നായിക നായകൻ എന്ന റിയാലിറ്റി ഷോയ്ക്കുശേഷമാണ് മാളവിക യുട്യൂബ് ചാനൽ ആരംഭിച്ചത്. മാളവികയുടെ ജീവിതത്തിലുണ്ടാകുന്ന വിശേഷങ്ങളെല്ലാം ആരാധകർ അറിയുന്നത് യുട്യൂബ് ചാനൽ വഴിയും ഇരുവരുടെയും സോഷ്യൽമീഡിയ പേജ് വഴിയുമാണ്.
ഗർഭകാലം അഞ്ച് മാസത്തിൽ എത്തിയപ്പോഴാണ് താൻ ഗർഭിണിയാണെന്ന വിവരം മാളവിക ആരാധകരെ അറിയിച്ചത്. ആദ്യം പരസ്യപ്പെടുത്തേണ്ടെന്നാണ് കരുതിയിരുന്നതെന്നും പിന്നീട് പറയാമെന്ന് തീരുമാനിക്കുകയായിരുന്നുവെന്നുമാണ് മാളവിക അന്ന് പറഞ്ഞത്. ഗർഭകാലത്തും മാളവിക യുട്യൂബ് ചാനലുമായി സജീവമായിരുന്നു.

ഗർഭിണിയാകുന്നത് വരെ മാളവിക ആരാധകരെ സമ്പാദിച്ചിരുന്നത് കവർ ഡാൻസ് വീഡിയോകളിലൂടെയാണ്. പിന്നീട് കുഞ്ഞിന് കെയർ ചെയ്യേണ്ടതിനാൽ ഡാൻസ് തൽക്കാലം നിർത്തിവെച്ചു. എങ്കിലും എട്ടാം മാസമായപ്പോൾ രജിനികാന്തിന്റെ വേട്ടയ്യൻ സിനിമയിലെ മനസിലായോ എന്ന ട്രെന്റിങ് ഗാനത്തിന് മാളവിക ചുവടുവെച്ച് എത്തിയിരുന്നു. മർച്ചന്റ് നേവി ഉദ്യോഗസ്ഥനായ തേജസും കഴിഞ്ഞ കുറച്ച് മാസങ്ങളായി നാട്ടിലുണ്ട്.
അതുകൊണ്ട് തന്നെ മാളവികയ്ക്ക് തേജസിന്റെ സാമീപ്യം ഏറ്റവും ആവശ്യമുള്ള ഈ സമയത്തും ഒപ്പം സമയം ചിലവഴിക്കാൻ സാധിച്ചു. ആറ് മാസം കടലിലും ആറ് മാസം കരയിലും എന്നതാണ് തേജസിന്റെ ജോലിയുടെ സ്വഭാവം. ഏറ്റവും അവസാനം പ്രസവത്തിനുള്ള തിയ്യതി അടുത്തതിനെ തുടർന്ന് ഹോസ്പിറ്റൽ ബാഗ് പാക്ക് ചെയ്യുന്ന വീഡിയോയാണ് മാളവിക പങ്കിട്ടത്.
അതിനുശേഷം തേജസ് കുഞ്ഞിന്റെ കൈകളുടെ ചിത്രം ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയായി പോസ്റ്റ് ചെയ്തപ്പോഴാണ് മാളവിക പ്രസവിച്ചുവെന്ന വിവരം ആരാധകർ അറിഞ്ഞത്. പതിവായി പ്രമുഖ യുട്യൂബേഴ്സ് കാണിക്കാറുള്ള കോലാഹലങ്ങളൊന്നും ഇല്ലാതെയാണ് മാളവിക കുഞ്ഞിന് ജന്മം നൽകിയ വിവരം തേജസ് പങ്കുവെച്ചത്.
എന്നാൽ പിറന്നത് ആൺ കുഞ്ഞാണോ പെൺ കുഞ്ഞാണോ എന്നുള്ള വിവരമൊന്നും തേജസ് വെളിപ്പെടുത്തിയിരുന്നില്ല. ഇപ്പോഴിതാ ആദ്യമായി കുഞ്ഞിനൊപ്പം മാളവികയേയും ചേർത്ത് പിടിച്ച് നിൽക്കുന്ന ചിത്രം പങ്കിട്ട് എത്തിയിരിക്കുകയാണ് തേജസ്. ജീവിതം അതിൻ്റെ എല്ലാ പൂർണതയിലും എന്നാണ് ഫോട്ടോയ്ക്ക് തേജസ് നൽകിയ ക്യാപ്ഷൻ. ആശുപത്രി കോറിഡോറിൽ നിന്നും പകർത്തിയതാണ് ചിത്രങ്ങൾ.

പിറന്നത് ആൺകുഞ്ഞാണെന്നാണ് ക്യാപ്ഷനൊപ്പം തേജസ് നൽകിയ കുഞ്ഞിന്റെ ഇമോജിയിൽ നിന്നും ആരാധകർ മനസിലാക്കിയെടുത്തത്. എന്നാൽ അത് തെറ്റാണെന്നും പിറന്നത് പെൺകുഞ്ഞാണെന്നും കമന്റുകളുണ്ട്. കുഞ്ഞിന്റെ ചിത്രങ്ങളും പേരും ഇരുവരും പുറത്ത് വിടുന്നത് കാണാനായാണ് ആരാധകരും കാത്തിരിക്കുന്നത്.
നിരവധി പേരാണ് ഇരുവർക്കും ആശംസകൾ നേർന്ന് എത്തിയത്. ഏഴാം മാസത്തിൽ ഗർഭിണികൾക്കായി നടത്താറുള്ള വളൈകാപ്പ് ചടങ്ങ് മാളവികയും നടത്തിയിരുന്നു. അന്ന് മാളവികയുടെ ബേബി ബംപ് കണ്ട് പിറക്കുന്നത് ആൺകുഞ്ഞായിരിക്കുമെന്നാണ് ഏറെയും ആരാധകർ കുറിച്ചത്. ആണോ പെണ്ണോ എന്നതല്ല ആരോഗ്യമുള്ള കുഞ്ഞിന് ജന്മം നൽകാൻ കഴിയണമെന്നത് മാത്രമായിരുന്നു മാളവികയിടേയും തേജസിന്റെയും ആഗ്രഹം.
ഗർഭിണിയായശേഷം മേക്കപ്പ് അടക്കമുള്ളവയുടെയും ജങ്ക് ഫുഡിന്റെയും ഉപയോഗം മാളവിക നിർത്തിയിരുന്നു. ഗർഭകാലത്തിലേക്ക് കടന്നശേഷം മാളവികയും തേജസും എറണാകുളത്ത് ഫ്ലാറ്റെടുത്താണ് താമസം. ഒന്നര വർഷം മുമ്പായിരുന്നു മാളവികയുടേയും തേജസിന്റെയും വിവാഹം.
ഇരുവരും ഒരുമിച്ച് നായിക നായകൻ എന്ന റിയാലിറ്റി ഷോയിൽ പങ്കെടുത്തിരുന്നു. പക്ഷെ അന്നൊന്നും വിവാഹം എന്നതിനെ കുറിച്ച് ചിന്തിക്കുകയോ പ്രണയത്തിലേക്ക് വഴി മാറുകയോ ഒന്നും ചെയ്തിരുന്നില്ല. വീട്ടുകാർ ആലോചിച്ച് ഉറപ്പിച്ച വിവാഹമായിരുന്നു ഇരുവരുടേതും.


Click it and Unblock the Notifications