എല്ലാം നഷ്ടപ്പെടുത്തിയ ശേഷമാണ് അച്ഛന്‍ ഞങ്ങളെ വിട്ടുപോയത്! എല്ലാം തിരിച്ചു പിടിച്ചിട്ടാണ് സുബി പോയത്- തെസ്‌നി
കഴിഞ്ഞ വര്‍ഷം ഫെബ്രുവരി ഇരുപത്തിരണ്ടിനാണ് മലയാള സിനിമാലോകത്തെ ഞെട്ടിച്ച് കൊണ്ട് നടി സുബി സുരേഷിന്റെ വിയോഗ വാര്‍ത്ത വരുന്നത്. അസുഖബാധിതയായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന സുബിയുടെ അവസ്ഥ ഗുരുതരമാണെന്ന കാര്യം പോലും പുറംലോകം അറിഞ്ഞിരുന്നില്ല.
ഇന്നേക്ക് സുബി സുരേഷ് വിടപറഞ്ഞിട്ട് ഒരുവര്‍ഷം തികഞ്ഞിരിക്കുകയാണ്. സമൂഹമാധ്യമങ്ങളിലൂടെ സുബിയെ പറ്റിയുള്ള കുറിപ്പുകളൊക്കെ വരികയാണ്. ഇതിനടിയില്‍ നടി തെസ്‌നി ഖാന്‍ മുന്‍പ് സുബിയെ കുറിച്ച് പറഞ്ഞ കാര്യങ്ങളും ശ്രദ്ധേയമാവുകയാണ്. രണ്ട് ദശാബ്ദത്തോളം സുബിയുടെ കൂടെ ഒരുമിച്ച് പ്രവര്‍ത്തിച്ചതിനെ പറ്റിയും തങ്ങളുടെ സൗഹൃദത്തെ പറ്റിയുമാണ് ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ തെസ്‌നി ഖാന്‍ സംസാരിച്ചത്.

സുബി തനിക്ക് സഹോദരിയായിരുന്നു എന്നാണ് തെസ്‌നി ഖാന്‍ പറയുന്നത്. അത്രയേറെ ദിവസങ്ങള്‍ ഞങ്ങള്‍ ഒന്നിച്ച് ചെലവഴിച്ചിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് സൂര്യ കൃഷ്ണമൂര്‍ത്തിയുടെ നേതൃത്വത്തില്‍ എറണാകുളത്ത് നടത്തിയ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോയ്ക്കിടെയാണ് ഞാന്‍ സുബിയെ ആദ്യമായി പരിചയപ്പെടുന്നത്. അന്ന് അതിഥികളെ വരവേല്‍ക്കാനുള്ള ടീമില്‍ എനിക്കൊപ്പം സുബിയുമുണ്ടായിരുന്നു.
സെറ്റ് മുണ്ടൊക്കെ ഉടുത്ത ഒരുമെലിഞ്ഞ പെണ്‍കുട്ടി, അതായിരുന്നു അന്ന് സുബി. അക്കാലത്ത് അവള്‍ എറണാകുളത്ത് പഠിക്കുകയാണ്. പിന്നീട് ഞങ്ങള്‍ കാണുന്നതും അടുത്ത സുഹൃത്തുക്കളാകുന്നതും ഏഷ്യാനെറ്റിലെ ഹാസ്യപരിപാടിയായ സിനിമാലയില്‍ വെച്ചാണ്.
സിനിമാലയില്‍ ആദ്യഘട്ടം മുതല്‍ ഉണ്ടായിരുന്ന സ്ത്രീ അഭിനേതാക്കള്‍ ഞാനും സുബിയുമായിരുന്നു. പതിനഞ്ച് കൊല്ലത്തോളം ഞങ്ങള്‍ ഒന്നിച്ച് സിനിമാലയുടെ നിരവധി എപ്പിസോഡുകളില്‍ അഭിനയിച്ചു. ഞാന്‍ സുബിയുടെ അമ്മ, ചേച്ചി, കൂട്ടുകാരി, ശത്രു തുടങ്ങി വിവിധ വേഷങ്ങള്‍ ചെയ്തു.
സുബി സ്റ്റേജില്‍ എന്നെക്കാള്‍ മിടുക്കിയാണ്. സ്‌കിറ്റ് ചെയ്യുന്നതിലും ആങ്കറിങ് ചെയ്യുന്നതിലുമെല്ലാം അവള്‍ക്ക് പ്രത്യേക കഴിവുണ്ടായിരുന്നു. ഞാന്‍ സിനിമയില്‍ വിവിധ കഥാപാത്രങ്ങള്‍ ചെയ്ത സമയത്ത് സുബി സ്റ്റേജുകളില്‍ നിന്ന് സ്റ്റേജുകളിലേക്ക് പറന്നു. എന്നും വിളിക്കുന്ന സൗഹൃദമായിരുന്നില്ല ഞങ്ങളുടേത്. ഇടയ്ക്ക് വിളിച്ച് വിശേഷങ്ങള്‍ അന്വേഷിക്കും. നേരിട്ട് കാണുമ്പോള്‍ സ്‌നേഹം കൈമാറും അതായിരുന്നു ഞങ്ങളുടെ രീതി.

അവള്‍ക്ക് എല്ലാം കുടുംബമായിരുന്നു. കുടുംബത്തിന് വേണ്ടിയാണ് അവള്‍ ജീവിതത്തിന്റെ വലിയൊരു ഭാഗവും ചെലവഴിച്ചത്. സുബിയുടെ പിതാവിന് കുറെ വാഹനങ്ങള്‍ ഉണ്ടായിരുന്നു. സാമ്പത്തിക ബാധ്യതമൂലം അതെല്ലാം വില്‍ക്കേണ്ടി വന്നു. പിതാവിന്റെ മരണശേഷം അവളും അമ്മയും സഹോദരനും വാടക വീട്ടിലാണ് താമസിച്ചത്.
സമ്പാദിച്ച കാശുകൊണ്ട് എട്ടുവര്‍ഷം മുന്‍പ് അവള്‍ നല്ലൊരു വീടുവെച്ചു. അന്ന് ഗൃഹപ്രവേശത്തിന് ഞങ്ങളെല്ലാം പോയി. സുബിയുടെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ ദിവസമായിരുന്നു അത്. അവള്‍ അന്നെന്നോട് പറഞ്ഞത് 'ഉണ്ടായതെല്ലാം നഷ്ടപ്പെടുത്തിയ ശേഷമാണ് അച്ഛന്‍ ഞങ്ങളെ വിട്ടുപോയത്. അതെല്ലാം തിരിച്ചുപിടിക്കാനാണ് ഞാന്‍ ശ്രമിക്കുന്നതെന്നാണ്.'
പറഞ്ഞതുപോലെ അവളെല്ലാം തിരിച്ചു പിടിച്ചു. ടിപ്പര്‍, ടെമ്പോ ട്രാവലര്‍, ലോറി എന്നിങ്ങനെയുള്ള വണ്ടികള്‍ വീണ്ടും വാങ്ങിച്ചു. അനിയന് പുതിയൊരു വീട് വെച്ചുകൊടുത്തു. അടുത്തിടെ ആ വാഹനങ്ങളെല്ലാം വിറ്റ് കുറച്ച് സ്ഥലം ദേശീയ പാതയ്ക്കരികില്‍ വാങ്ങി. ഒരുതരത്തിലും പണം ധൂര്‍ത്തടിച്ചിരുന്നില്ല. ചുറ്റുമുള്ളവരെ എല്ലാം സാമ്പത്തികമായി സുരക്ഷിതരാക്കിയ ശേഷമാണ് അവള്‍ ഈ ലോകത്തോട് വിടപറഞ്ഞതെന്ന് തെസ്‌നി ഖാന്‍ ഓര്‍മ്മിക്കുന്നു.


Click it and Unblock the Notifications











