മകന്റെ കരിയർ മരുമകൻ വിക്രം ഇല്ലാതാക്കും; ത്യാഗരാജൻ ഭയന്നത് നടന്നു; വിക്രമിനും പ്രശാന്തിനുമിടയിലെ പ്രശ്നം
കരിയറിൽ ഇന്ന് താരത്തിളക്കത്തിലാണ് വിക്രം. പ്രശാന്തിന് പക്ഷെ പഴയ താരത്തിളക്കം പോയി. രണ്ടു പേരും ബന്ധുക്കളാണെന്ന് അധികമാർക്കും അറിയില്ല.
തെന്നിന്ത്യൻ സിനിമകളിൽ ഒരു കാലത്ത് നിറഞ്ഞ് നിന്ന നടനാണ് പ്രശാന്ത്. 90 കളിൽ യൂത്ത് ഐക്കണായി തിളങ്ങിയ പ്രാശാന്തിനെ തേടി നിരവധി അവസരങ്ങൾ വന്നിരുന്നു. ശങ്കർ സംവിധാനം ചെയ്ത ജീൻസ് എന്ന സിനിമയിൽ പ്രശാന്തായിരുന്നു നായകൻ. സിനിമയിലെ ഗാന രംഗങ്ങൾ ഇന്നും ജനപ്രിയമാണ്. ഐശ്വര്യ റായാണ് സിനിമയിലെ നായികയായത്. അജിത്ത്, വിജയ്, സൂര്യ തുടങ്ങിയ താരങ്ങൾ ഉയർന്ന് വന്ന സമയത്ത് തന്നെയാണ് പ്രശാന്തിന്റെയും ഉദയം.
എന്നാൽ അജിത്തും സൂര്യയുമെല്ലാം പിന്നീട് സൂപ്പർ താര പദവിയിലേക്കുയർന്നു. അന്ന് ഈ നടൻമാരേക്കാളും താരമൂല്യം ഉണ്ടായിരുന്ന പ്രശാന്ത് കരിയറിൽ വീഴ്ചയും സംഭവിച്ചു. നടന്റെ നിരവധി സിനിമകൾ ശ്രദ്ധിക്കപ്പെടാതെ പോയി. അവസരങ്ങളും കുറഞ്ഞു. സ്റ്റെെലിഷായിരുന്ന പ്രശാന്തിന് പഴയ സ്ക്രീൻ പ്രസൻസും നഷ്ടപ്പെട്ടു.
എന്തുകൊണ്ടാണ് പ്രശാന്തിന്റെ കരിയറിൽ ഇത്തരമൊരു വീഴ്ച സംഭവിച്ചതെന്ന് പലപ്പോഴും ചോദ്യം വരാറുണ്ട്. പൊതുവെ സിനിമാ പശ്ചാത്തലമുള്ള കുടുംബത്തിൽ നിന്ന് വരുന്നവരാണ് തമിഴ്, തെലുങ്ക് സിനിമകളിൽ നായക നിരയിൽ നിലനിൽക്കാറ്. വിജയ്, സൂര്യ, ധനുഷ് തുടങ്ങിയവരെല്ലാം സിനിമാ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നാണ്.

പ്രശാന്തിന്റെ കാര്യത്തിലും മറിച്ചായിരുന്നില്ല സാഹചര്യം. ഫിലിം മേക്കർ ത്യാഗരാജിന്റെ മകനാണ് പ്രശാന്ത്. അച്ഛന്റെ പിന്തുണ കരിയറിൽ പ്രശാന്തിനുണ്ടായിരുന്നു. എന്നാൽ കരിയറിലെ തിരക്കുകൾക്കിടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്നങ്ങൾ നടനെ ബാധിച്ചു. വിവാഹവും വിവാഹ മോചനവും ഏറെ ചർച്ചയായിരുന്നു.
ഇതിനപ്പുറം നടൻ വിക്രമിനെയും പ്രശാന്തിനെയും ചേർത്ത് ചില കഥകൾ തമിഴ് സിനിമാ രംഗത്ത് ഒരു കാലത്ത് പ്രവർത്തിച്ചിരുന്നു. യഥാർത്ഥത്തിൽ അടുതത ബന്ധുക്കളാണ് വിക്രമും പ്രശാന്തും. വിക്രമിന്റെ അമ്മാവനാണ് പ്രശാന്തിന്റെ അച്ഛൻ ത്യാഗരാജൻ. എന്നാൽ ഇരുവരും ഈ ബന്ധത്തെക്കുറിച്ച് പൊതുവേദിയിൽ സംസാരിക്കാറില്ല.
ഒരു കാലത്ത് ഇരു കുടുംബങ്ങളും തമ്മിൽ അസ്വാരസ്യങ്ങളും ഉണ്ടായിരുന്നത്രെ. പ്രശാന്ത് കരിയറിൽ ശ്രദ്ധിക്കപ്പെട്ട് നിൽക്കുന്ന സമയത്താണ് വിക്രമും സിനിമാ രംഗത്തേക്ക് വരുന്നത്. വിക്രമിന്റെ വളർച്ച തന്റെ മകന്റെ കരിയറിന് ദോഷമാവുമെന്ന് ത്യാഗരാജന് തോന്നിയത്രെ.
വിക്രമിന്റെ പല അവസരങ്ങളും ഇതിനാൽ ത്യാഗരാജൻ മുടക്കിയെന്നും അന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. വിക്രമിന്റെയും പ്രശാന്തിന്റെയും കുടുംബം ഇക്കാരണത്താൽ അകന്നു. എന്നാൽ പിന്നീട് വിക്രം കരിയറിൽ കുതിക്കുന്നതും പ്രശാന്തിന് അടിപതറുന്നതുമാണ് സിനിമാ ലോകം കണ്ടത്. ഇന്ന് തമിഴകത്തെ താരമൂല്യമുള്ള മുൻനിര നായക നടനാണ് വിക്രം. പൊന്നിയിൻ സെൽവനാണ് വിക്രമിന്റെ അടുത്തിടെയിറങ്ങിയ വൻ ഹിറ്റായ സിനിമ. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ.

പ്രശാന്ത് ഇന്ന് താരമൂല്യത്തിൽ വിക്രമിനേക്കാളും ബഹുദൂരം പിന്നിലാണ്. വ്യക്തി ജീവിതത്തിൽ സംഭവിച്ച ചില കാര്യങ്ങളും പ്രശാന്തിനെ ബാധിച്ചിട്ടുണ്ട്. 2005 ലായിരുന്നു പ്രശാന്തിന്റെ വിവാഹം. 2009 ഓടെ ഈ ബന്ധം പിരിഞ്ഞു. ഭാര്യ ഗൃഹലക്ഷ്മി പ്രശാന്തിനും കുടുംബത്തിനുമെതിരെ സ്ത്രീധന പീഡന പരാതി കൊടുക്കുന്ന സാഹചര്യവും ഉണ്ടായി.
സിനിമാ ലോകത്തെ നടന്റെ ഇമേജിനെ ഇത് ബാധിച്ചു. സിനിമാ ലോകത്തേക്കുള്ള പ്രശാന്തിന്റെ ശക്തമായ തിരിച്ച് വരവ് ആഗ്രഹിക്കുന്ന ആരാധകർ തമിഴകത്തുണ്ട്. സിനിമാ ലോകത്ത് ഇത്തരത്തിൽ നിരവധി പേർ വാഴുകയും വീഴുകയും ചെയ്തിട്ടുണ്ട്. മലയാളത്തിലുൾപ്പെടെ കരിയറിൽ തിരിച്ചടി വന്ന നടീനടൻമാർ ചർച്ചയാവാറുണ്ട്.


Click it and Unblock the Notifications