സ്നേഹം കൂടുതൽ തിരിച്ച് കിട്ടിയത് പെൺമക്കളിൽ നിന്ന്; വാത്സല്യം കാണിച്ചത് ഷമ്മിയോട്, പക്ഷെ...; തിലകനെന്ന പിതാവ്
മലയാളികൾക്ക് മറക്കാനാകാത്ത നടനാണ് അന്തരിച്ച തിലകൻ. അഭിനയ പ്രതിഭയായിരുന്ന തിലകൻ ഇന്നും ഓർമ്മിക്കപ്പെടുന്നത് നടൻ അനശ്വരമാക്കിയ നിരവധി കഥാപാത്രങ്ങൾ കാരണമാണ്. സിനിമാ ലോകം തിലകനോട് കാണിച്ച നീതികേട് ഇന്നും ചർച്ചയാകാറുണ്ട്. വിലക്കുകൾ കാരണം തിലകന് ഒരുപാട് സിനിമകൾ നഷ്ടമായി. മലയാള സിനിമാ ലോകം കണ്ട ഏറ്റവും വലിയ പ്രതിഭകളിലൊരാളായ തിലകൻ പലപ്പോഴും വിവാദങ്ങളിൽ അകപ്പെട്ടിരുന്നു. ദേഷ്യക്കാരനായിരുന്നു തിലകൻ. സെറ്റിൽ പലപ്പോഴും പ്രശ്നമായത് ഇതാണ്.
തിലകന്റെ രണ്ട് ആൺമക്കളും അച്ഛന്റെ പാത പിന്തുടർന്ന് സിനിമാ രംഗത്തേക്ക് വന്നു. ഷമ്മി തിലകൻ വില്ലൻ റോളുകളിൽ തിളങ്ങി. ഷോബി തിലകന് തുടക്കത്തിൽ ഡബ്ബിംഗ് ആർട്ടിസ്റ്റായാണ് അവസരം ലഭിച്ചത്. പിന്നീട് നടനായും ശ്രദ്ധിക്കപ്പെട്ടു. രണ്ട് ഭാര്യമാരാണ് തിലകനുണ്ടായിരുന്നത്. നടി ശാന്തയായിരുന്നു ആദ്യ പങ്കാളി. ഇരുവർക്കും ഷാജി, ഷമ്മി, ഷോബി എന്നീ മൂന്ന് ആൺമക്കൾ ജനിച്ചു. രണ്ടാമത്തെ പങ്കാളി നടി സരോജത്തിൽ ഷിബു തിലകൻ, സോണിയ തിലകൻ, സോഫിയ അജിത്ത് എന്നീ മക്കളും ജനിച്ചു.

പെൺമക്കളോടുള്ള സ്നേഹക്കൂടുതലിനെക്കുറിച്ച് ഒരിക്കൽ അമൃത ടിവിയിൽ തിലകൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ആൺമക്കളോട് പരുക്കനായും പെൺമക്കളോട് സോഫ്റ്റായും പെരുമാറുന്നതിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു നടൻ. പെൺമക്കൾ ആയത് കൊണ്ട് തന്നെയാണ്. എന്റെ അനുഭവത്തിൽ പെൺമക്കളുടെ ഭാഗത്ത് നിന്നാണ് കൂടുതൽ സ്നേഹം തിരിച്ച് കിട്ടിയത്. മറ്റൊന്ന് ഒരു പരിധി കഴിഞ്ഞാൽ അവർ നമ്മളെ വിട്ട് പോകും. കുറേ വർഷങ്ങൾ നമ്മളോടൊപ്പം നിന്ന് അത് കഴിഞ്ഞാൽ വേറൊരു ജീവിതത്തിലേക്ക് പോകും. അത്രയും നാൾ അവർക്ക് വേണ്ടി എന്തൊക്കെ ചെയ്ത് കൊടുക്കാമോ അതൊക്കെ ചെയ്ത് കൊടുക്കണമെന്നും തിലകൻ അന്ന് പറഞ്ഞു.
തിലകനെയും മക്കളെയും കുറിച്ച് സംവിധായകൻ ശാന്തിവിള ദിനേശ് ഒരിക്കൽ സംസാരിച്ചിരുന്നു. തിലകൻ ചേട്ടന്റെ നാല് ആൺമക്കളിൽ ഏറ്റവും പുള്ളിക്ക് വാത്സല്യമുണ്ടായിരുന്നത് ഷമ്മിയോടാണ്. അദ്ദേഹത്തിന് തലവേദന ഉണ്ടായിട്ടുള്ളതും ഷമ്മിയിൽ നിന്നാണ്. പക്ഷെ ഷമ്മിയെ ഭയങ്കര ഇഷ്ടമായിരുന്നു. എന്റെ പിൻഗാമിയെന്ന് വളരെ അന്തസോടെ പറയുമായിരുന്നു. ഒരിക്കൽ കെെരളിക്ക് വേണ്ടി ഞാൻ ഇന്റർവ്യൂ ചെയ്യുമ്പോൾ ഷോബി തിലകൻ അവിടെയുണ്ട്. ബ്രേക്കിന് പുള്ളി അകത്തോട്ട് പോയപ്പോൾ ചേട്ടാ, എന്നെക്കുറിച്ചും ചോദിക്കെന്ന് ഷോബി എന്നോട് പറഞ്ഞു.

ഇന്റർവ്യൂ വീണ്ടും തുടങ്ങിയപ്പോൾ ഷോബിയെക്കുറിച്ച് ഒന്നും പറഞ്ഞില്ലല്ലോ എന്ന് ചോദിച്ചു. നല്ല ശബ്ദമാണ് അവന്റെ, ഇപ്പോൾ ഡബ്ബിംഗിൽ എന്തൊക്കെയോ ചെയ്യുന്നുണ്ട്. ശ്രദ്ധിച്ചാൽ അയാൾക്ക് കൊള്ളാം എന്ന് പറഞ്ഞു. ഷോബിക്ക് നല്ല സന്തോഷമായെന്നും ശാന്തിവിള ദിനേശ് അന്ന് ഓർത്തു. രണ്ട് പങ്കാളികളെയും തിലകൻ നിയമപരമായി വിവാഹം ചെയ്തിരുന്നില്ലെന്നും ശാന്തിവിള ദിനേശ് പറഞ്ഞു. ഈയടുത്ത് തിലകനെക്കുറിച്ച് ഷോബി തിലകൻ സംസാരിച്ചിരുന്നു.
അച്ഛന്റെ വിവാദങ്ങൾ കാരണം മകനായ തനിക്ക് സിനിമയിൽ അവസരം നഷ്ടപ്പെട്ടിട്ടുണ്ടാകാം. എന്നാൽ താനതിനെ മറ്റൊരു രീതിയിലാണ് കാണുന്നതെന്ന് ഷോബി തിലകൻ അന്ന് വ്യക്തമാക്കി. കിട്ടാതെ പോയ അവസരങ്ങൾ എനിക്കുള്ളതല്ലെന്ന് കരുതുന്നു. ഓരോ അരിമണിയിലും അത് കഴിക്കേണ്ടവന്റെ പേരെഴുതി വെച്ചിട്ടുണ്ടെന്ന് പറയും. എനിക്ക് വന്ന കഥാപാത്രങ്ങൾ ഞാൻ ചെയ്യേണ്ടതാണ്. അച്ഛൻ അച്ഛന്റെ രീതിയിലാണ് ജീവിച്ചത്. അതിൽ ഞാനൊരിക്കലും എതിർപ്പ് പറഞ്ഞിട്ടില്ലെന്നും ഷോബി തിലകൻ പറഞ്ഞു. ഷമ്മി തിലകന്റെ മകൻ അഭിമന്യു മാർക്കോ എന്ന സിനിമയിൽ ശ്രദ്ധേയ വേഷം ചെയ്തിരുന്നു.


Click it and Unblock the Notifications











