ഫോട്ടോ അയച്ച് കൊടുത്തത് ഭര്‍ത്താവാണ്; ചിത്രത്തില്‍ കാണുന്ന പോലെ അത്രയും പ്രായം തനിക്കില്ലെന്ന് നടി അജിഷ
സിനിമാ തിയറ്ററുകള്‍ വീണ്ടും തുറന്നെങ്കിലും ഒടിടി പ്ലാറ്റ്‌ഫോമുകളിലൂടെയുള്ള റിലീസ് മോശമില്ലാത്ത രീതിയില്‍ തുടരുകയാണ്. ഏറ്റവും പുതിയതായി പ്രേക്ഷകരുടെ മനം നിറച്ച് റിലീസിനെത്തിയ സിനിമയാണ് തിങ്കളാഴ്ച നിശ്ചയം. സിനിമ കണ്ടവരാരും ലളിത എന്ന കഥാപാത്രത്തെ മറക്കില്ല. നാടന്‍ രീതിയില്‍ പഴയ നൈറ്റി ഒക്കെ ധരിച്ച് മുടി കൊണ്ട കെട്ടി വരുന്ന ലളിതയിലേക്കുള്ള ഭാവമാറ്റത്തെ കുറിച്ച് പറയുകയാണ് അജിഷയിപ്പോള്‍. ആദ്യ സിനിമയില്‍ അഭിനയിച്ചതിന്റെ സന്തോഷത്തിന് പുറമേ നല്ലൊരു സിനിമയുടെ ഭാഗമായതിന്റെയും ആളുകള്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയതിനെ കുറിച്ചും അജിഷ പറയുകയാണ്. അന്‍പത് വയസുകാരിയായിട്ടാണ് സിനിമയില്‍ അഭിനയിച്ചതെങ്കിലും തനിക്കത്രയും പ്രായമില്ലെന്നാണ് മാതൃഭൂമിയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ അജിഷ പറയുന്നത്. വിശദമായി വായിക്കാം...
'ആദ്യമായി താന്‍ അഭിനയിക്കുന്ന ചിത്രമാണ് തിങ്കളാഴ്ച നിശ്ചയം. സിനിമയില്‍ മൂന്ന് മക്കളുടെ അമ്മയുടെ റോള്‍ ആണ്. പക്ഷേ തനിക്ക് അത്രയ്ക്ക് പ്രായം ഒന്നുമില്ലെന്നാണ് നടിയിപ്പോള്‍ പറയുന്നത്. മേക്കപ്പ് ഇട്ട് പ്രായമാക്കി മാറ്റിയെന്ന് പറയാം. സിനിമയെ എല്ലാവരും പുകഴ്ത്തി എന്ന് പറയുമ്പോഴും എനിക്ക് സങ്കടം മറ്റൊന്നാണ്. ചിത്രത്തിലെ ബാക്കിയുള്ള എല്ലാവരെയും ആളുകള്‍ തിരിച്ചറിയുന്നുണ്ട്. പക്ഷേ അടുത്ത് അറിയുന്നവര്‍ക്ക് അല്ലാതെ ഞാനാണ് ലളിത എന്ന കഥാപാത്രം ചെയ്തതെന്ന് ആര്‍ക്കും മനസിലായിട്ടില്ല.
സോഷ്യല്‍ മീഡിയയിലൊക്കെ എന്റെ യഥാര്‍ഥ ചിത്രവും കഥാപാത്രത്തിന്റെ ചിത്രവുമൊക്കെ വെച്ച് പോസ്റ്റുകള്‍ വരുമ്പോഴാണ് പലര്‍ക്കും അത് ഞാനാണെന്ന് മനസിലാവുന്നത്. ആദ്യ ദിവസങ്ങളിലൊക്കെ അതൊരു സങ്കടമായിരുന്നു. എന്നാല്‍ അത് ഞാന്‍ ചെയ്ത കഥാപാത്രത്തിന്റെ വിജയമാണെന്ന് ഇപ്പോള്‍ മനസിലാവുന്നുണ്ട്. രണ്ട് വര്‍ഷം മുന്‍പ് ഈ സിനിമയുടെ കാസ്റ്റിങ് കോള്‍ വന്നപ്പോള്‍ ഭര്‍ത്താവായ അരുണാണ് തന്റെ ഫോട്ടോ അയച്ച് കൊടുത്തത്. അങ്ങനെ ഓഡീഷനില്‍ പങ്കെടുത്ത് സെലക്ട് ആയതോടെയാണ് ചിത്രത്തിന്റെ ഭാഗമാവുന്നത്.

പയ്യന്നൂര്‍, കാഞ്ഞങ്ങാട് ഭാഗത്തുള്ളവരെ ആവശ്യമുണ്ട് എന്നായിരുന്നു കാസ്റ്റിങ് കോളില്‍ പറഞ്ഞിരുന്നത്. ഓഡിഷനില്‍ തന്ന ഭാഗമൊക്കെ കാഞ്ഞങ്ങാട് ഭാഷയില്‍ ഉള്ളതായിരുന്നു. ഭാഷ തനിക്ക് അത്ര പ്രശ്‌നമായിരുന്നില്ല. ആ രീതിയില്‍ സംസാരിക്കാന്‍ ഞങ്ങള്‍ക്ക് തയ്യാറെടുപ്പ് ഒന്നും വേണ്ടി വന്നിട്ടില്ല. ഞങ്ങള്‍ എന്നും പറയുന്ന, അല്ലെങ്കില്‍ ദിവസവും കേള്‍ക്കുന്ന സംസാര രീതിയാണ് ചിത്രത്തിലുള്ളതെന്ന് അജിഷ പറയുന്നു. സിനിമ എന്താണെന്നോ കഥ എന്താണെന്നോ സത്യം പറഞ്ഞാല്‍ അഭിനയിച്ച് തീരും വരെ ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു. ഞങ്ങളാരും സ്‌ക്രീപ്റ്റ് പോലും വായിച്ചിട്ടില്ല. എടുക്കാന്‍ പോകുന്ന സീന്‍ ഇതാണെന്ന് ആദ്യം പറഞ്ഞ് തരും. ബാക്കി അഭിനയമൊക്കെ നമ്മള്‍ സ്വന്തമായി ചെയ്യണം.
സിനിമയിലെ പല ഡയലോഗുകളും അങ്ങനെ ഉണ്ടായതാണ്. ക്ലൈമാക്‌സിലുള്ള ആ അടി സീനിലൊക്കെ ഡയലോഗുകള്‍ ഞങ്ങള്‍ അപ്പോള്‍ തോന്നിയത് വിളിച്ച് പറഞ്ഞതാണ്. അത് കൊണ്ടാവും സീനുകള്‍ അത്രയും സ്വാഭാവികമായത് എന്ന് തോന്നുന്നു. 2019 ഡിസംബറിലായിരുന്നു ഷൂട്ടിങ്. ജനുവരിയില്‍ പൂര്‍ത്തിയാക്കി. ഏപ്രില്‍-മേയ് മാസത്തിലായിരുന്നു റിലീസ് തീരുമാനിച്ചത്. എന്നാല്‍ ലോക്ഡൗണ്‍ കാരണം അത് നീണ്ട് പോയി. കാഞ്ഞങ്ങാട് വെച്ച് നടന്ന ഷൂട്ടിങ്ങ് ഒരു ലൊക്കേഷനാണെന്ന് ഒരിക്കല്‍ പോലും തോന്നിയിട്ടില്ലെന്നാണ് അജിഷയുടെ അഭിപ്രായം. എല്ലാവരും പരസ്പരം സഹായിച്ചും പറഞ്ഞ് കൊടുത്തും കുറച്ച് ദിവസം ഒരുമിച്ച് ജീവിക്കുകയായിരുന്നു.
സിനിമ കണ്ട് ഒരുപാട് പേര്‍ നേരിട്ടും സോഷ്യല്‍ മീഡിയയിലൂടെയുമെല്ലാം അഭിപ്രായം പറഞ്ഞിരുന്നു. നാട്ടിലുള്ള മിക്കവരും വിളിച്ചിട്ട് പറയുന്നത് ഇതെന്റെ വീട്
പോലെ, ഇതെന്റെ നാട് പോലെ, ഇവരെന്റെ അമ്മായിയെ പോലെ എന്നൊക്കെയാണ്. അങ്ങനെയൊക്കെ കേള്‍ക്കുമ്പോള്‍ ഒരുപാട് സന്തോഷം തോന്നുന്നുണ്ട്.
സിനിമയിലെ ഓരോരുത്തരേയും നമ്മള്‍ എപ്പോഴെങ്കിലും എവിടെയെങ്കിലുമൊക്കെ വെച്ച് കണ്ടവരോ സംസാരിച്ചവരോ ഒക്കെ ആണെന്നാണ് പലരും പറയുന്നത്.


Click it and Unblock the Notifications