രാത്രി ഉറങ്ങാതെ കാത്തിരിക്കും, എത്തുക ഒരു മണി കഴിഞ്ഞ്; ഇങ്ങനെയാെരു ഭാര്യയെ വിട്ടുകളഞ്ഞല്ലോയെന്ന് സോഷ്യൽ മീഡിയ
തമിഴകത്ത് കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കുള്ളിൽ പല താരങ്ങളും വിവാഹ മോചിതരായിട്ടുണ്ട്. ധനുഷ്-ഐശ്വര്യ രജിനികാന്ത്, രവി മോഹൻ-ആരതി, സൈന്ധവി-ജിവി പ്രകാശ് തുടങ്ങിയവരെല്ലാം ഇതിന് ഉദാഹരണമാണ്. ഇതിൽ ആരാധകരെ ഞെട്ടിച്ച വിവാഹമോചന വാർത്ത സൈന്ധവിയുടെയും ജിവി പ്രകാശിന്റേതുമാണ്. പഠനകാലത്ത് പ്രണയത്തിലായി പിന്നീട് വിവാഹം ചെയ്തവരാണ് സൈന്ധവിയും ജിവി പ്രകാശും. മേഡ് ഫോർ ഈച്ച് അദർ എന്ന് ആരാധകർ വിളിച്ചവർ. 2020 ൽ ഒരു മകളും ഇവർക്ക് പിറന്നു.
സംഗീത സംവിധായകനായ ജിവി പ്രകാശ് പിന്നീട് അഭിനത്തിലേക്കും സിനിമാ നിർമാണത്തിലേക്കും തിരിഞ്ഞു. വേർപിരിയലിന് കാരണം ജിവി പ്രകാശ് സിനിമാ ലോകത്തെ പ്രശസ്തിയിൽ അഭിരമിച്ചതാണെന്ന വാദങ്ങൾ സോഷ്യൽ മീഡിയയിൽ വന്നിരുന്നു. സൈന്ധവിയെയാണ് ആരാധകരിൽ ഭൂരിഭാഗം പേരും പിന്തുണച്ചത്. കാരണം ജിവി പ്രകാശിനെ താനെത്ര മാത്രം ഇഷ്ടപ്പെടുന്നുണ്ടെന്ന് സൈന്ധവി മുമ്പ് നിരവധി അഭിമുഖങ്ങളിൽ പറഞ്ഞതാണ്.

ഇതേക്കുറിച്ച് ജിവി പ്രകാശും സംസാരിച്ചിട്ടുണ്ട്. സ്നേഹനിധിയായ ഭാര്യയെ ജിവി പ്രകാശ് കൈവിട്ടു എന്ന് ഗായികയുടെ ആരാധകർ കുറ്റപ്പെടുത്തി. സൈന്ധവിക്ക് ജിവി പ്രകാശിനോടുണ്ടായിരുന്ന സ്നേഹത്തിന് തെളിവാണ് വീണ്ടും ശ്രദ്ധ നേടുന്ന ഇവരുടെ പഴയ അഭിമുഖം. ജിവി പ്രകാശിനോട് തനിക്കുള്ള സ്നേഹത്തെക്കുറിച്ചും ഭാര്യയെന്ന നിലയിൽ ചെയ്യുന്ന ഉത്തരവാദിത്വങ്ങളെക്കുറിച്ചും ഈ അഭിമുഖത്തിൽ സൈന്ധവി സംസാരിക്കുന്നുണ്ട്.
നേരത്തെ ഉറങ്ങുന്ന ഞാൻ ഇപ്പോൾ വൈകിയാണ് ഉറങ്ങാറ്. സ്റ്റുഡിയോയിൽ നിന്നും അദ്ദേഹം വരാൻ കാത്തിരിക്കും. ലഞ്ചും ഡിന്നറും സ്റ്റുഡിയോയിലേക്ക് അയക്കും. രാവിലെ 1.30 നും മറ്റുമാണ് വീട്ടിലേക്ക് തിരിച്ചെത്തുക. അപ്പോൾ വിശന്നാൽ അദ്ദേഹത്തിന് ഭക്ഷണമുണ്ടാക്കാൻ ഞാൻ കാത്തിരിക്കും. ആരെങ്കിലും വാതിൽ തുറന്ന് കൊടുക്കേണ്ടതുമുണ്ട്. അതുകൊണ്ട് ഞാൻ ഉറങ്ങാതെ കാത്തിരിക്കും. എന്നിട്ടും നേരത്തെ എണീക്കും. ഭർത്താവിന്റെ സമയം നോക്കി എഴുന്നേൽപ്പിക്കുമെന്നും സൈന്ധവി അന്ന് വ്യക്തമാക്കി.

സെെന്ധവി വെജിറ്റേറിയൻ ഭക്ഷണങ്ങൾ നന്നായി കുക്ക് ചെയ്യുമെന്ന് ജിവി പ്രകാശ് അന്ന് പറഞ്ഞു. ഇതേക്കുറിച്ച് സൈന്ധവിയും സംസാരിച്ചു. പാചകം വളരെ ഇഷ്ടമാണ്. അച്ഛനും അമ്മയും വർക്കിന് പോകും. വീട്ടിൽ ആരുമുണ്ടാകില്ല. ചെറുപ്പത്തിലേ താൻ സ്കൂൾ വിട്ട് വന്ന് പാചകം ചെയ്ത് കഴിക്കുമായിരുന്നെന്ന് സൈന്ധവി ഓർത്തു.
എന്റെ അമ്മയും പാട്ടിയുമെല്ലാം നന്നായി കുക്ക് ചെയ്യുമെന്നും അന്ന് സെെന്ധവി പറഞ്ഞു. ഞങ്ങൾക്ക് കുക്കുണ്ട്. കാരണം ജിവി പ്രകാശിന്റെ വീട്ടിൽ എല്ലാവരും നോൺ വെജിറ്റേറിയൻ കഴിക്കും. എനിക്ക് നോൺ വെജിറ്റേറിയൻ ഉണ്ടാക്കാനറിയില്ല. കഴിക്കുകയുമില്ലെന്നും സൈന്ധവി അന്ന് വ്യക്തമാക്കി.
ഇത്രയും സ്നേഹമുള്ള ഭാര്യയെ ജിവി പ്രകാശ് വിട്ടുകളഞ്ഞല്ലോയെന്നാണ് പഴയ അഭിമുഖം വൈറലായതോടെ ആരാധകർ പറയുന്നത്. കഴിഞ്ഞ ദിവസം സൈന്ധവിയെക്കുറിച്ച് ജിവി പ്രകാശ് സംസാരിക്കുകയുണ്ടായി. രണ്ട് പേർക്കും ഇപ്പോഴും പരസ്പര ബഹുമാനമുണ്ടെന്നും അതുകാെണ്ടാണ് പിരിഞ്ഞ ശേഷവും മ്യൂസിക് ഷോയ്ക്ക് ഒരുമിച്ച് വേദി പങ്കിട്ടതെന്നും അന്ന് ജിവി പ്രകാശ് വ്യക്തമാക്കി.


Click it and Unblock the Notifications











