മണിച്ചിത്രത്താഴിലെ ആ സീൻ ശോഭന ഒറ്റയ്ക്ക് ചെയ്തതല്ല; ഷോട്ട് കഴിഞ്ഞും ശോഭനയ്ക്ക് അമ്പരപ്പ്; പ്രൊഡക്ഷൻ കൺട്രോളർ
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് ശോഭന. 90 കളിൽ സിനിമാ ലോകത്ത് സജീവ സാന്നിധ്യമായിരുന്ന ശോഭന മലയാളം സിനിമകൾക്കാണ് തുടക്കം മുതലേ പ്രാധാന്യം കൊടുത്തത്. തമിഴ്നാട്ടിൽ ജീവിക്കുന്ന തന്നെ ആ നാട്ടിൽ പലർക്കും അറിയുക പോലുമില്ലെന്ന് ശോഭന തന്നെ അടുത്തിടെ തുറന്ന് പറഞ്ഞിട്ടുണ്ട്. തമിഴരെ സംബന്ധിച്ച് ശോഭന ദളപതിയിലെ നായികയാണ്. ശോഭനയെന്ന പേര് പോലും ഇവർക്കിടയിൽ അത്ര പരിചിതമല്ല. എന്നാൽ മലയാളികൾക്ക് ശോഭന തങ്ങൾ ഏറ്റവും കൂടുതൽ ആരാധിക്കുന്ന നടിമാരിലൊരാളാണ്.
അത്രമാത്രം കഥാപാത്രങ്ങൾ ശോഭന മലയാളത്തിൽ ചെയ്തിട്ടുണ്ട്. ഇതിൽ ഇന്നും ഐക്കണിക്കായി നിലനിൽക്കുന്നത് മണിച്ചിത്രത്താഴ് എന്ന സിനിമയിലെ നാഗവല്ലിയാണ്. രണ്ടര പതിറ്റാണ്ടിനപ്പുറവും നാഗവല്ലി എന്ന കഥാപാത്രവും മണിച്ചിത്രത്താഴ് എന്ന സിനിമയും അനശ്വരമായി നിലനിൽക്കുന്നു. നാഗവല്ലിയുടെ മനസ്സിനെ ഇന്നും പുനർവായന ചെയ്യുന്നവർ ഏറെയാണ്.

ക്ലാസിക്കൽ ഡാൻസർ കൂടിയായ ശോഭനയുടെ കൈയിൽ നാഗവല്ലി എന്ന കഥാപാത്രം ഭദ്രമായിരുന്നു. മികച്ച നടിക്കുള്ള ദേശീയ അവാർഡ് ശോഭനയ്ക്ക് ആദ്യമായി ലഭിക്കുന്നത് ഈ സിനിമയിലൂടെയാണ്. അന്നും ഇന്നും ശോഭനയെന്നാൽ മലയാളികൾക്ക് ഒപ്പം വരുന്ന പേര് നാഗവല്ലിയെന്നാണ്. നാഗവല്ലിയുടെ ഭാവങ്ങൾ ഇന്നും ശോഭനയിൽ അവശേഷിക്കുന്നുണ്ടെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്.
മണിച്ചിത്രത്താഴിൽ ശോഭനയുടെ മികച്ച സീനുകളിലൊന്ന് നകുലനോട് വിടമാട്ടെ, എന്ന് ചോദിച്ച് ഗംഗ അനിയന്ത്രിതമായി ദേഷ്യപ്പെടുന്നതാണ്. ഈ സീനിൽ ശോഭന അഭിനയിച്ചതിനെക്കുറിച്ച് സിനിമയിൽ പ്രൊഡക്ഷൻ കൺട്രോളറായിരുന്ന ബാബു ഷാഹിർ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. സഫാരി ടിവിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ശോഭനയുടെ അടുത്ത് വന്ന് അല്ലിയുടെ കല്യാണത്തിന് പോവേണ്ട എന്ന് പറയുന്നു. എന്തുകൊണ്ട് പോയിക്കൂടാ എന്ന് ചോദിക്കുന്നു, പതുക്ക ശോഭന തുടങ്ങി വെക്കുന്നു. ഷൂട്ടിംഗ് ഞങ്ങൾ കണ്ട് കൊണ്ടിരിക്കുകയാണ്. ചിലപ്പോൾ ശോഭന സ്റ്റേറ്റ് അവാർഡ് കൊണ്ട് പോവാൻ ചാൻസുണ്ടെന്ന് ഞങ്ങളങ്ങോട്ടും ഇങ്ങോട്ടും പറയുന്നുണ്ടായിരുന്നു. അവരുടെ എക്സ്പ്രഷൻ ഭയങ്കരമായിരുന്നു'

'വിടമാട്ടെ എന്ന് പറഞ്ഞുള്ള ആക്ഷനാണ്. ഭയങ്കര വെയ്റ്റുള്ള കട്ടിലാണ്. ആ കട്ടിൽ വലിച്ചിട്ട് പൊങ്ങുന്നില്ല. അവസാനം ഈ കട്ടിൽ പൊക്കാൻ വേണ്ടി ക്യാമറയുടെ സൈഡിൽ അസിസ്റ്റന്റുകളെ വെച്ചു. ശോഭന കൈ കൊണ്ട് ആക്ഷൻ കാണിക്കുമ്പോൾ തന്നെ പതുക്കെ ഒന്ന് പൊക്കിക്കൊടുക്കണം എന്ന് പറയും. ടൈംമിഗിൽ അവർ പൊക്കിക്കൊടുക്കുകയും ചെയ്തു. എല്ലാവരും കൈയടിച്ചു' ഷോട്ട് കഴിഞ്ഞ് അയ്യോ ഈ കട്ടിൽ ഞാൻ പൊക്കിയോ എന്ന് ശോഭന ചോദിക്കുകയും ചെയ്തെന്നും ബാബു ഷാഹിർ ഓർത്തു.
നാഗവല്ലിയായി ഡാൻസ് ചെയ്യുന്ന രംഗവും സിനിമയുടെ ക്ലെെമാക്സിലും ശോഭന തകർത്തഭിനയിച്ചെന്ന് പ്രേക്ഷകർ പറയുന്നു. മണിച്ചിത്രത്താഴ് പിന്നീട് പല ഭാഷകളിൽ റീമേക്ക് ചെയ്തു. തമിഴിൽ ചന്ദ്രമുഖി എന്ന പേരിലാണ് സിനിമ റീമേക്ക് ചെയ്തത്. ശോഭനയുടെ വേഷം ചെയ്തത് നടി ജ്യോതികയും.
രജിനികാന്ത് നായകനായ സിനിമ വൻ ഹിറ്റായിരുന്നു. ഭൂൽ ഭുലയ്യ എന്ന പേരിലാണ് സിനിമ ഹിന്ദിയിൽ റീമേക്ക് ചെയ്തത്. വിദ്യ ബാലനായിരുന്നു സിനിമയിലെ നായിക. ഈ സിനിമയും ഹിറ്റായി. എന്നാൽ ഇവർക്കാർക്കും ശോഭനയുടെ പെർഫോമൻസിനോട് കിടപിടിക്കാൻ സാധിച്ചില്ലെന്ന് ഏവരും പറയുന്നു.
സിനിമകളിൽ ഇപ്പോൾ പഴയത് പോലെ സജീവമല്ല ശോഭന. വരനെ ആവശ്യമുണ്ട് എന്ന സിനിമയിലാണ് നടി അവസാനമായി അഭിനയിച്ചത്. അനൂപ് സത്യൻ സംവിധാനം ചെയ്ത സിനിമ ശ്രദ്ധിക്കപ്പെട്ടിരുന്നു. സുരേഷ് ഗോപി, ദുൽഖർ സൽമാൻ, കല്യാണി പ്രിയദർശൻ, കെപിഎസി ലളിത എന്നിവരാണ് സിനിമയിൽ മറ്റ് വേഷങ്ങൾ ചെയ്തത്. സിനിമയ്ക്കപ്പുറം നൃത്തത്തിനാണ് ശോഭന പ്രഥമ പരിഗണന കൊടുക്കുന്നത്.


Click it and Unblock the Notifications











