മറ്റൊരു സ്ത്രീയുടെ ഭർത്താവാണ്, അങ്ങനെ സംസാരിക്കുന്നത് മര്യാദയല്ല; ഉർവശി മനോജിനെക്കുറിച്ച് പറഞ്ഞത്
മലയാള സിനിമയിലെ പകരം വെക്കാനില്ലാത്ത നടിയായാണ് ഉർവശിയെ പ്രേക്ഷകർ കാണുന്നത്. പുതു തലമുറയ്ക്കും പഴയ തലമുറയ്ക്കും ഒരുപോലെ പ്രിയപ്പെട്ട ഉർവശിക്ക് ശ്രദ്ധേയമായ നിരവധി സിനിമകളുടെ ഭാഗമാകാൻ സാധിച്ചു. എൺപതുകളിൽ നായിക നടിയായി തിളങ്ങിയ ഉർവശിക്ക് താരമൂല്യത്തിൽ ഇന്നും കുറവില്ല. 55ാം വയസിലും സിനിമാ ലോകത്ത പ്രബല സാന്നിധ്യമായി നിൽക്കാൻ ഉർവശിക്ക് സാധിക്കുന്നു.
കരിയറിലെ താരത്തിളക്കത്തിനപ്പുറം വ്യക്തി ജീവിതത്തിൽ പല ഘട്ടങ്ങൾ ഉർവശി അഭിമുഖീകരിച്ചിട്ടുണ്ട്. നടിയുടെ ആദ്യ വിവാഹവും വേർപിരിയലും വലിയ തോതിൽ ചർച്ചയായി. നടൻ മനോജ് കെ ജയനാണ് ഉർവശിയുടെ മുൻ ഭർത്താവ്. 2000 ൽ വിവാഹിതരായ ഇരുവരും 2008 ൽ വേർപിരിഞ്ഞു. തേജാലക്ഷ്മി എന്നാണ് ഇവർക്ക് പിറന്ന മകളുടെ പേര്. വിവാഹമോചന സമയത്ത് പല ആരോപണങ്ങളും വന്നെങ്കിലും പക്വതയോടെ ഇത് അഭിമുഖീകരിക്കാൻ ഉർവശിക്ക് കഴിഞ്ഞു.

മുൻ ഭർത്താവിനെതിരെ ഒരിക്കൽ പോലും നടി പരസ്യ ആരോപണങ്ങൾ ഉന്നയിച്ചില്ല. ഇതിന്റെ ഉദാഹരണങ്ങളിലൊന്നാണ് മുമ്പൊരിക്കൽ മനോരമ ന്യൂസിന് ഉർവശി നൽകിയ അഭിമുഖം. മനോജ് കെ ജയനെ കുറ്റപ്പെടുത്താൻ താൻ തയ്യാറല്ലെന്ന് ഉർവശി അന്ന് വ്യക്തമാക്കി. എന്റെ ഭാഗം ന്യായീകരിക്കാൻ ഞാൻ ഒരിക്കലും ശ്രമിച്ചിട്ടില്ല. എന്റെ കുഞ്ഞിന്റെ കാര്യമേ സംസാരിച്ചിട്ടുള്ളൂ.
അല്ലാതെ മറ്റൊരാളെ കുറ്റപ്പെടുത്തിയിട്ടില്ല. വേറൊരു സ്ത്രീയുടെ ഭർത്താവാണ്. അങ്ങനെ സംസാരിക്കുന്നത് മര്യാദയല്ലെന്നും ഉർവശി വ്യക്തമാക്കി. മനോജ് കെ ജയൻ മറ്റൊരു വിവാഹം ചെയ്തതിൽ തെറ്റില്ലെന്നും ഉർവശി അന്ന് പറഞ്ഞു. അതൊക്കെ അവരുടെ വ്യക്തിപരമായ കാര്യമാണ്. എപ്പോൾ ഡിവോഴ്സ് ചെയ്തോ അപ്പോൾ മറ്റൊരാളായി മാറിക്കഴിഞ്ഞെന്നും ഉർവശി അന്ന് വ്യക്തമാക്കി.

തന്റെ ജീവിതത്തിലുണ്ടായ പ്രശ്നങ്ങളുടെ 90 ശതമാനം ഉത്തരവാദിത്തവും താൻ തന്നെ ഏറ്റെടുക്കുന്നെന്നും ഉർവശി പറഞ്ഞു. എനിക്കിഷ്ടപ്പെട്ടു, എനിക്കത് ശരിയെന്ന് തോന്നിയെന്ന് കരുതി ചെയ്തു. അതിലെ ശരികേടുകളൊക്കെ അനുഭവിക്കാൻ ബാധ്യസ്ഥയാണ് ഞാൻ. അതിലെന്റെ മകൾ വിഷമിക്കുന്നത് മാത്രമാണ് തന്നെ ദുഖിപ്പിക്കുന്നതെന്നും ഉർവശി വ്യക്തമാക്കി.
മാധ്യമങ്ങൾ തന്നെ അനാവശ്യമായി വിചാരണ ചെയ്തു എന്ന തോന്നലില്ലെന്നും ഉർവശി പറഞ്ഞു. ചിലപ്പോൾ നമ്മുടെ സ്വകാര്യതയിൽ പിറകെ നടന്ന് ശല്യം ചെയ്യുന്നു എന്ന് ചിലപ്പോൾ തോന്നും. പക്ഷെ അവർക്കും അവരുടെ ജോലി ചെയ്യാതെ നിവൃത്തിയില്ല. മീഡിയ എന്നെ ഹരാസ് ചെയ്തു എന്ന് പറയാൻ പറ്റില്ലെന്നും ഉർവശി പറഞ്ഞു. അതേസമയം ഔചിത്യമില്ലാതെ ചോദ്യങ്ങൾ ആരോടും ചോദിക്കരുതെന്നും ഉർവശി അന്ന് വ്യക്തമാക്കി.
മലയാളത്തിലെ ഒരു സംവിധായകൻ അവശത അനുഭവിക്കുന്ന സമയത്ത് അദ്ദേഹത്തിന്റെ ഒരു അഭിമുഖം എടുത്തിരുന്നു. അദ്ദേഹത്തിന്റെ പ്രണയവും ആ നടി റൂമിൽ വന്നിട്ടുണ്ടോ എന്നൊക്കെയായിരുന്നു ചോദ്യങ്ങൾ. സ്വന്തം ബോധം പോലും നഷ്ടപ്പെട്ട് കൊണ്ടിരിക്കുന്ന മനുഷ്യനോടാണ് അങ്ങനെ ചോദിക്കുന്നത്. ഇത് കേട്ട് കൊണ്ടിരിക്കുന്ന വ്യക്തികൾക്ക് ഭയങ്കരമായ ഇറിറ്റേറ്റ് ആകും. ആരോട്, എപ്പോൾ എന്ത് എന്നതിനെല്ലാം ഒരു കണക്കുണ്ടെന്നും ഉർവശി ചൂണ്ടിക്കാട്ടി.


Click it and Unblock the Notifications