ഞാനും മമ്മൂക്കയുടെ മാമാങ്കത്തിന്റെ ഭാഗമാണ്!! എന്നാൽ ആ ചിത്രം ഞാനല്ല, വെളിപ്പെടുത്തി നടൻ സുധീർ
മമ്മൂക്കയുടെ ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തിന് വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ. ഒരു സൂപ്പർതാരത്തിന്റെ ചിത്രം എന്നതിലുപരി മറ്റൊരുപാട് പ്രതീക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്. കേരള ചരിത്രത്തിനോട് വളരെ അടുത്തു നിൽക്കുന്ന സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് സിനിമ ഒരുങ്ങുന്നത്.
വള്ളുവനാടിന്റെ ചരിത്രം പറയുന്ന ചിത്രമാണ് മാമാങ്കം. പന്ത്രണ്ട് വർഷത്തിൽ ഒരിക്കൽ മലപ്പുറം ജില്ലയിലെ തിരുന്നാവായ മണപ്പുറത്ത് മാഘമാസത്തിലെ വെളുത്തവാവിൽ നടക്കുന്ന മാമാങ്കത്തിന്റേയും ഇതിൽ ചാവേറായി പെരുതി മരിക്കുന്ന യോദ്ധാക്കളുടേയും കഥയാണ് ചിത്രം ചർച്ച ചെയ്യുന്നത്. നൂറ്റാണ്ടുകളായി കേൾക്കുന്ന കഥ സ്ക്രീനിൽ എത്തുമ്പോൾ കാണാനുള്ള ആകാംക്ഷയും വർധിക്കാറുണ്ട്. ഏറെ കാത്തിരിപ്പിനൊടുവിലാണ് മാമാങ്കത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്തെത്തിയിരുന്നു. മികച്ച സ്വീകാര്യതയാണ് പോസ്റ്ററിനു ലഭിച്ചത്. മാമാങ്കത്തിലെ പോസ്റ്റർ പുറത്തു വന്നതിനു ശേഷം ഫോൺവിളികളുടേയും മെസേജിന്റേയും ബഹളമായിരുന്നു നടൻ സുധീറിന്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.

ആ ഫോട്ടോ
ചിത്രത്തിൽ ഉണ്ണി മുകുന്ദന്റെ ഗെറ്റപ്പ് കണ്ട് തെറ്റിധരിച്ചാണ് എല്ലാവരും സുധീറിനെ വിളിച്ചത്രേ. സംഭവത്തെ പറ്റി സുധീർ പറഞ്ഞത്. ഇന്നലെ മുതൽ ഫോൺ കോളുകളുടേയും മെസേജിന്റേയും ബഹളമാണ്. മാമാങ്കത്തിന്റെ പോസ്റ്റർ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. അതിൽ മമ്മൂക്കയ്ക്കൊപ്പം നിൽക്കുന്നത് ഞാനാണെന്ന് തെറ്റിധരിച്ചാണ് പ്രേക്ഷകർ അടിപൊളിയായിട്ടുണ്ട് ചേട്ടാ, കൺഗ്രാസ് എന്നെല്ലാം പറഞ്ഞ് മെസേജ് അയക്കുന്നത്. എന്നാൽ അത് എല്ലാവരേയും തിരുത്തി കൊടുത്തിട്ടുണ്ട്. അത് താൻ അല്ലെന്നും നടൻ ഉണ്ണി മുകുന്ദനാണ്. ഫോട്ടോയിലെ എന്തോ ചെറിയ സാമ്യത കൊണ്ടാണ് അങ്ങനെ തോന്നിയതെന്നും സുധീർ പറഞ്ഞു.

അച്ഛനെ തിരുത്തേണ്ടി വന്നു
ഇതിൽ ഏറ്റവും രസകരമായ സംഭവം അച്ഛന് തിരുത്തി കൊടുക്കുക എന്നതായിരുന്നു. പത്രത്തിൽ പടം കണ്ടതിനു ശേഷം അച്ഛൻ തന്നെ വിളിക്കുകയായിരുന്നു. മോനേ മമ്മൂക്കയ്ക്കൊപ്പം നിന്റെ പടം കണ്ടു, അച്ഛന് സന്തേഷമായി എന്നൊക്കെ അദ്ദേഹം പറഞ്ഞു. അത് താൻ അല്ലെന്നും ഉണ്ണി മുകുന്ദനാണെന്നും തിരുത്തേണ്ട അവസ്ഥയിലേയ്ക്ക് കാര്യങ്ങൾ പോയിരുന്നു. അതുകൊണ്ടാണ് ഇങ്ങനെ ലൈവിൽ വന്നതെന്നും സുധീർ പറഞ്ഞു.

മാമാങ്കത്തിന്റെ ഭാഗമാണ്
ഞാനും മാമാങ്കത്തിന്റെ ഭാഗമാണ്. ചിത്രത്തിൽ തെറ്റില്ലാത്തൊരു വേഷത്തിൽ അഭിനയിക്കുന്നുണ്ട്. അതിൽ മമ്മൂക്കയോടും പപ്പേട്ടനോടും നിർമ്മാതാവ് വേണു സാറിനോടും തീർത്താൽ തീരാത്ത കടപ്പാടുണ്ട്. ഈ സിനിമ മലയാളത്തിന്റെ മാത്രമല്ല ഇന്ത്യൻ സിനിമയുടെ തന്നെ ഭാഗമായി മാറട്ടെ എന്ന് ആശംസിക്കുന്നു. ഇനി മാമാങ്കത്തിനായുള്ള കാത്തിരിപ്പിലാണെന്നും സുധീർ പറഞ്ഞു.

ഉണ്ണി മുകുന്ദനെ മനസ്സിലായില്ല
സുധീറിനു മാത്രമല്ല നടൻ ഉണ്ണി മുകുന്ദനും സമാനമായ അനുഭവം നേരിടേണ്ടി വന്നിരുന്നു. പുറത്തു വന്ന പോസ്റ്റിൽ ഉണ്ണി മുകുന്ദനെ ആരാധകർക്ക് മനസ്സിലായിരുന്നില്ല. ഉണ്ണിയെ കാണുന്നില്ല എന്ന് പരാതിപ്പെട്ട് പ്രേക്ഷകർ രംഗത്തെത്തിയിരുന്നു. ഉടുവിൽ ഉണ്ണി തന്നെ പോസ്റ്ററിൽ തന്റെ ചിത്രത്തിന് നേരെ വട്ടമിട്ട് പോസ്റ്റർ പോസ്റ്റർ ചെയ്യുകയായിരുന്നു.


Click it and Unblock the Notifications











