മതം മാറണമെന്ന് പുള്ളി പറഞ്ഞു! ശങ്കരാടിയുമായി വിവാഹനിശ്ചയം നടന്നിട്ടും മുടങ്ങി! പൊന്നമ്മയുടെ പ്രണയകഥ
പതിനാലാമത്തെ വയസില്‍ അഭിനയിക്കാനെത്തി പിന്നീട് നടിയായും ഒടുവില്‍ അമ്മയായി അഭിനയിച്ചും വിട വാങ്ങിയിരിക്കുകയാണ് നടി കവിയൂര്‍ പൊന്നമ്മ. മലയാള സിനിമയില്‍ സന്തോഷവതിയായി ജ്വലിച്ച് നിന്നെങ്കിലും, പൊന്നമ്മയുടെ കുടുംബജീവിതം അത്ര സുഖകരമായിരുന്നില്ല. കരിയര്‍ തുടങ്ങിയപ്പോഴുണ്ടായ പ്രണയം പരാജയപ്പെടുകയും വിവാഹനിശ്ചയിച്ചിട്ട് മുടങ്ങി പോവുകയും ചെയ്തിട്ടുണ്ട്.
ഒടുവില്‍ നിര്‍മ്മാതാവ് എംകെ മണിസ്വാമിയെ വിവാഹം കഴിച്ചെങ്കിലും അതൊരു ദുരന്ത ജീവിതമായി. തന്റെ വിവാഹ ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങളെ പറ്റി പല അഭിമുഖങ്ങളിലും നടി തുറന്ന് പറഞ്ഞിട്ടുണ്ട്. അതിനൊപ്പം തനിക്കൊരു പ്രണയം ഉണ്ടായിരുന്നതിനെ കുറിച്ചും നടന്‍ ശങ്കരാടിയുമായി വിവാഹനിശ്ചയം നടത്തിയിട്ടും അത് മുടങ്ങി പോയതിനെ കുറിച്ചുമൊക്കെ കവിയൂര്‍ പൊന്നമ്മ വെളിപ്പെടുത്തിയിരുന്നു.

18-ാം വയസ്സില്‍ നടന്‍ ശങ്കരാടിയുമായി വിവാഹ നിശ്ചയം കഴിഞ്ഞതിനെ കുറിച്ചും പിന്നീടെന്താണ് സംഭവിച്ചതെന്നതിനെ പറ്റിയും നടി പറഞ്ഞതിങ്ങനെയാണ്... 'എനിക്ക് 18 വയസ്സാണ് അന്ന് പ്രായം. അന്ന് നാടക രംഗത്ത് സജീവമായിരുന്നു ഞാന്‍. ചില സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. അപ്പോഴാണ്, ശങ്കരാടി ചേട്ടന്‍ എന്നെ വിവാഹം കഴിക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് പറഞ്ഞ് സമിതിയില്‍ എത്തിയത്. എനിക്ക് അങ്ങനെ പ്രണയമൊന്നും ഉണ്ടായിരുന്നില്ല.
പക്ഷെ, സമിതി മുഴുവന്‍ ഞങ്ങള്‍ പ്രണയത്തിലാണെന്ന വാര്‍ത്ത പരന്നു. ഇക്കാര്യം എന്റെ വീട്ടിലും അറിഞ്ഞു. അന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മേല്‍നോട്ടത്തിലായിരുന്ന കെപിഎസി. പാര്‍ട്ടി അച്ഛനെ വിളിച്ച് കാര്യങ്ങള്‍ അന്വേഷിച്ചു. അങ്ങനെ വിവാഹ നിശ്ചയം കഴിഞ്ഞു. പക്ഷെ, പല കാരണങ്ങള്‍ക്കൊണ്ട് ആ വിവാഹം നടന്നില്ലെന്നാണ്' നടി പറഞ്ഞത്.
ഇതിനൊപ്പം തനിക്കുണ്ടായിരുന്ന ഇഷ്ടത്തെക്കുറിച്ചും നടി തുറന്ന് പറഞ്ഞിരുന്നു. എനിക്ക് ചെറിയൊരു ഇഷ്ടമുണ്ടായിരുന്നു. യാതൊരു തരത്തിലുള്ള തെറ്റായ അര്‍ത്ഥവും വിചാരിക്കരുത്. വളരെ പരിശുദ്ധമായൊരു ഇഷ്ടം. കല്യാണം കഴിച്ചേനെ. പക്ഷെ എന്നോട് മതം മാറണം എന്ന് പറഞ്ഞു. എനിക്ക് താഴെ പെണ്‍കുട്ടികളൊക്കെയുണ്ട്. അവിടെ ആണ്‍കുട്ടികള്‍ മാത്രമേയുള്ളൂ.
അച്ഛനോട് പോയി സംസാരിച്ച ശേഷം വന്നു. മതം മാറണം എന്നാണ് അച്ഛന്‍ പറഞ്ഞതെന്ന് പറഞ്ഞു. അത് നടക്കില്ലെന്ന് ഞാന്‍ പറഞ്ഞു. മതവും ജാതിയും അന്വേഷിച്ചിട്ടല്ലല്ലോ ഇഷ്ടപ്പെട്ടത്, അതിനാല്‍ മതം മാറില്ലെന്ന് പറഞ്ഞു. എനിക്ക് സഹോരിമാരുണ്ട്. എന്റെ കുടുംബം നോക്കിയിരുന്നത് ഞാനാണ്. എനിക്ക് കുടുംബം നോക്കണം എന്ന് പറഞ്ഞു.
അന്ന് കവിയൂര്‍ പൊന്നമ്മ പ്രണയിച്ചതരാണെന്ന് നടി പറഞ്ഞില്ലെങ്കിലും പരിപാടിയില്‍ കൂടെയുണ്ടായിരുന്ന തിലകന്‍ അവരുടെ മൗനസമ്മതത്തോടെ രഹസ്യം വെളിപ്പെടുത്തി. പ്രമുഖ സംവിധായകന്‍ ജെ സി ഡാനിയേലിനെയായിരുന്നു പൊന്നമ്മ സ്നേഹിച്ചതും വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചതും.

അങ്ങനെ ആ പ്രണയം ഒഴിവായ സമയത്താണ് മണിസ്വാമി തന്നോട് നേരിട്ട് വന്ന് വിവാഹ കാര്യം ചോദിക്കുന്നതെന്നാണ് കവിയൂര്‍ പൊന്നമ്മ പറഞ്ഞത്. റോസി എന്ന സിനിമയുടെ നിര്‍മ്മാതാവായിരുന്നു മണിസ്വാമി. നല്ലോണം പഠിച്ചയാളാണ്, സ്വാതികനായിരിക്കും, എന്റെ കുടുംബം രക്ഷിപ്പെടുമെന്ന് കരുതി.
എന്നാല്‍ എല്ലാം തകിടം മറിഞ്ഞ് നേരെ വിപരീതമായാണ് സംഭവിച്ചത്. തങ്ങളുടേത് പ്രണയവിവാഹം ആയിരുന്നില്ല. അക്കാലത്ത് മണിസ്വാമിയെ താന്‍ ഒട്ടും മൈന്റ് ചെയ്തിരുന്നില്ല. അയാള്‍ നിര്‍മ്മാതാവല്ലേ രാവിലെ വന്നാല്‍ ഒരു ഗുഡ് മോണിംഗ് എങ്കിലും പറഞ്ഞു കൂടേ എന്നൊക്കെ മറ്റുള്ളവര്‍ എന്നോട് ചോദിച്ചിട്ടുണ്ട്. അത്ര പോലും ഞാന്‍ പുള്ളിയെ ഗൗനിച്ചിരുന്നില്ലെന്നും നടി പറഞ്ഞു.
1969 ലായിരുന്നു നിര്‍മാതാവ് മണിസ്വാമിയും കവിയൂര്‍ പൊന്നമ്മയും വിവാഹം കഴിക്കുന്നത്. ഈ ബന്ധത്തിലുള്ള മകള്‍ ബിന്ദു അമേരിക്കയില്‍ സെറ്റില്‍ഡാണ്. വിവാഹജീവിതം അത്ര സുഖകരമല്ലാത്തതിനെ തുടര്‍ന്ന് നടിയും ഭര്‍ത്താവും തമ്മില്‍ അകല്‍ച്ചയിലായിരുന്നു. ഇടയ്ക്ക് അദ്ദേഹം പൊന്നമ്മയെ ഉപേക്ഷിച്ച് പോവുകയും ചെയ്തു. അസുഖബാധിതനായി ലോഡ്ജില്‍ കിടക്കുമ്പോഴാണ് നടി തന്നെ പോയി കൂട്ടികൊണ്ട് വരുന്നത്. അദ്ദേഹത്തെ അവസാന കാലം വരെ സംരക്ഷിച്ചതും നടി തന്നെയായിരുന്നു.


Click it and Unblock the Notifications











