അസിന്റെ കണ്ണ് വല്ലാതെ ചിമ്മുന്നത് പ്രശ്‌നമായിരുന്നു, നിറത്തിലെ നായികയാവാന്‍ വന്ന നടിയെ മാറ്റിയതിന്റെ കാരണമിത്
സിനിമ പ്രേമികള്‍ ഏറ്റവും അധികം ആഘോഷമാക്കിയതും മലയാളത്തില്‍ സൂപ്പര്‍ ഹിറ്റായി മാറിയ സിനിമകളുടെ പിന്നാമ്പുറത്ത് പല കഥകളുമുണ്ട്. സിനിമയില്‍ അഭിനയിക്കാന്‍ കാത്തിരുന്നിട്ട് അവസരങ്ങള്‍ നഷ്ടപ്പെട്ടവരും പ്രതീക്ഷിക്കാതെ കഥാപാത്രങ്ങള്‍ ലഭിച്ചവരും ഒക്കെ ഇതില്‍പ്പെടും.
അത്തരത്തില്‍ കുഞ്ചാക്കോ ബോബനും ശാലിനിയും നായിക നായകന്മാരായി അഭിനയിച്ച് ഹിറ്റായി മാറിയ നിറം സിനിമയുടെ പിന്നാമ്പുറ കഥകള്‍ വെളിപ്പെടുത്തുകയാണ് സംവിധായകന്‍ കമല്‍. ശാലിനിയെ ആദ്യം നായികയാക്കാന്‍ തീരുമാനിച്ചെങ്കിലും അവര്‍ക്ക് വരാന്‍ സാധിച്ചിരുന്നില്ല. ഇതോടെ പുതുമുഖങ്ങളെ നായികയാക്കാന്‍ തീരുമാനിച്ചു.

നായികയ്ക്ക് വേണ്ടിയുള്ള ഓഡിഷനെ കുറിച്ച് പത്രത്തില്‍ പരസ്യം കൊടുത്തത് പ്രകാരം നിരവധി പെണ്‍കുട്ടികള്‍ നിറത്തില്‍ അഭിനയിക്കാന്‍ വന്നു. എന്നാല്‍ അവരില്‍ ആരില്‍ നിന്നും ചാക്കോച്ചനൊപ്പം പിടിച്ചുനില്‍ക്കാന്‍ കഴിയുന്ന ഒരു നടിയെ അന്ന് കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. പിന്നീട് തമിഴില്‍ അഭിനയിക്കാന്‍ പോയ ശാലിനി അവിടുത്തെ സിനിമ മുടങ്ങിയതോടെ തിരികെ നായികയായി നിറത്തിലേക്ക് വന്നു.
അന്ന് നിറത്തിന്റെ ഓഡിഷന് വന്ന പെണ്‍കുട്ടികളുടെ കൂട്ടത്തില്‍ പിന്നീട് ഇന്ത്യന്‍ സിനിമയിലെ പ്രമുഖയായി മാറിയ ഒരു നടി കൂടി ഉണ്ടായിരുന്നു. തമിഴിലും ബോളിവുഡിലും ഒക്കെ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം നായികയായി അഭിനയിച്ച അസിന്‍ ആയിരുന്നു ആ നടി. എന്തുകൊണ്ടാണ് അസിനെ അന്ന് നായികയായി തിരഞ്ഞെടുത്തില്ല എന്ന ചോദ്യത്തിന് വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ തുറന്ന് പറയുകയാണ് കമല്‍.
'നിറത്തില്‍ നായികയെ തേടിയുള്ള ഓഡിഷന് വന്നതില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു കുട്ടി പിന്നീട് കമല്‍ഹാസന്റെയും ആമിര്‍ ഖാന്റെയും ഒക്കെ നായികയായി വളര്‍ന്നു വലിയ താരമായി. അസിന്‍ തോട്ടുങ്കല്‍ ആയിരുന്നു ആ നടി. ഓഡിഷന്റെ സമയത്ത് വല്ലാതെ കണ്ണ് ചിമ്മുന്നത് ആയിരുന്നു കുഴപ്പം.

ക്ലോസപ്പ് ഷോട്ടുകള്‍ അത് ബാധിക്കുമെന്ന് തോന്നിയത് കൊണ്ടാണ് അസിനെ ഒഴിവാക്കിയത്. പിന്നീട് ഒരിക്കല്‍ എയര്‍പോര്‍ട്ടില്‍ വച്ച് കണ്ടപ്പോള്‍ അസിനോട് ഞാന്‍ ഈ കാര്യം പറഞ്ഞിരുന്നു. അപ്പോഴേക്കും അവര്‍ ബോളിവുഡിലെ തിരക്കുള്ള നടിയായി കഴിഞ്ഞിരുന്നു. അന്ന് ഞാന്‍ ചൂണ്ടിക്കാണിച്ച ന്യൂനത മനസ്സിലായതായും പിന്നീട് പങ്കെടുത്ത ഓഡിഷനുകളില്‍ അത് പരിഹരിക്കാന്‍ തനിക്ക് കഴിഞ്ഞതായും അസിന്‍ പറഞ്ഞു.' എന്നാണ് കമല്‍ സൂചിപ്പിച്ചത്.
മലയാളത്തിൽ അഭിനയിച്ചു തുടങ്ങി പിന്നീട് ബോളിവുഡിലും തെന്നിന്റെ ഭാഷകളിലും ഒക്കെ സൂപ്പർ നായികയായി വളർന്ന അസിന്റെ ജന്മദിനം ആയിരുന്നു കഴിഞ്ഞ ദിവസം. 1985 ഒക്ടോബർ 26നാണ് നടി ജനിച്ചത്. നിറത്തിൽ കുഞ്ചാക്കോ ബോബന്റെ നായികയായില്ലെങ്കിലും 2001ൽ പുറത്തിറങ്ങിയ നരേന്ദ്രൻ മകൻ ജയകാന്തൻ വക എന്ന ചിത്രത്തിൽ അസിൻ നായിക വേഷത്തിൽ എത്തിയിരുന്നു.


Click it and Unblock the Notifications