അന്ന് വസ്ത്രത്തിൽ ചവിട്ടിയ ആൾ; നയൻതാര ദേഷ്യപ്പെട്ടതിന് കാരണമുണ്ട്; വെളിപ്പെടുത്തി ബിസിനസ് പങ്കാളി
സിനിമാ കരിയറിനൊപ്പം ബിസിനസ് രംഗത്തേക്കും ശ്രദ്ധ തിരിച്ചിരിക്കുകയാണ് നടി നയൻതാര. അടുത്തിടെയാണ് 9 സ്കിൻ എന്ന സ്കിൻ കെയർ ബ്രാൻഡിന് നടി തുടക്കമിട്ടത്. ബ്രാൻഡിന്റെ ലോഞ്ചിംഗ് വലിയ തോതിൽ വാർത്താ പ്രാധാന്യം നേടി. ഏറെ പ്രതീക്ഷകൾ പുതിയ ബിസിനസ് സംരഭത്തിൽ നയൻതാരയ്ക്കും ഭർത്താവ് വിഘ്നേശ് ശിവനും ഉണ്ട്. ലോഞ്ചിംഗ് ദിവസം നയൻതാരയുടെ ഒരു വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായി. വേദിയിലേക്ക് പോകവെ പിന്നിൽ നിന്ന് വസ്ത്രത്തിൽ ചവിട്ടിയ ആളെ നയൻതാര രൂക്ഷമായി നോക്കുന്ന വീഡിയോയയാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായത്.
നയൻതാരയ്ക്കെതിരെ വ്യാപക വിമർശനവും വന്നു. പൊതുവേ ദേഷ്യക്കാരിയാണെന്ന ഇമേജാണ് നയൻതാരയ്ക്കുള്ളത്. ഇപ്പോഴിതാ അന്ന് നടന്ന സംഭവത്തെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് 9 സ്കിന്നിന്റെ ബിസിനസ് പങ്കാളി ഡെയ്സി മോർഗൺ. സ്വാഭാവികമായ പ്രതികരണമാണ് നയൻതാരയുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് ഡെയ്സി പറയുന്നു.

അവൾ വളരെ നല്ല വ്യക്തിയാണ്. എല്ലാവർക്കും ഇമോഷനുകളുണ്ട്. നയൻതാരയുടെ വസ്ത്രത്തിൽ ചവിട്ടിയ ആൾ ഞങ്ങളുടെ കൂട്ടത്തിലുള്ളയാളാണ്. ടെൻഷനോടെയാണ് നയൻതാര പോകുന്നത്. ആളുകൾ കാത്തിരിക്കുന്നുണ്ട്. ഞങ്ങൾ വൈകിയിരുന്നു. വേഗത്തിൽ നടക്കുന്നതിനിടെയാണ് വസ്ത്രത്തിൽ ചവിട്ടയത്. ചവിട്ടിയ ആൾ ശ്രദ്ധിക്കേണ്ടതായിരുന്നു. ഒരുപാട് ടെൻഷനുകൾക്കിടെയാണ് നയൻതാര തിരിഞ്ഞ് നോക്കുന്നത്. ആ നോട്ടം വലിയ ചർച്ചയായി.
അതിനപ്പുറം നയൻതാര വളരെ നല്ല വ്യക്തിയാണ്. നമ്മൾ ഭക്ഷണം കഴിച്ചെന്ന് ഉറപ്പ് വരുത്തും. വളരെ സ്നേഹമുള്ള ആളാണ്. അധികം സംസാരിക്കില്ല. ചെറിയൊരു സർക്കിളുള്ളയാണ്. വളരെയധികം അധ്വാനിക്കുന്നു. കുടുംബത്തിലെ എല്ലാവർക്കും വേണ്ടി ഏറ്റവും മികച്ചത് മാത്രം നൽകുന്നു. ഒരു നടിയാകുന്നത് എളുപ്പമല്ല. ആളുകൾ അവർക്ക് പേഴ്സണൽ സ്പേസ് കൊടുക്കില്ല.

പുറത്ത് പോകാനും റെസ്റ്റോറന്റിൽ പോകാനും അവർ ആഗ്രഹിക്കും. പക്ഷെ ആ സമയത്തും ആരെങ്കിലും ഫോട്ടോയ്ക്ക് വരും. നയൻതാരയ്ക്കൊപ്പം പുറത്ത് പോയപ്പോൾ ഞാനിത് കണ്ടതാണ്. അവൾ കുട്ടികൾക്കൊപ്പം കളിക്കുന്നതിനിടെ ഒരു ഫോട്ടോയെടുത്തോട്ടെ എന്ന് ചോദിച്ച് ആരെങ്കിലും വരും. ഒരാൾ കഴിഞ്ഞാൽ അടുത്തയാൾ വരും. അതേസമയം ആരാധകരില്ലാതെ സൂപ്പർതാരങ്ങളില്ലെന്നും ഡെയ്സി ചൂണ്ടിക്കാട്ടി. നയൻതാരയുമായുള്ള ബിസിനസ് പങ്കാളിത്തത്തെക്കുറിച്ചും ഡെയ്സി സംസാരിച്ചു.
പത്ത് വർഷത്തോളമായി ഞങ്ങൾ സുഹൃത്തുക്കളാണ്. ഇരുപത് വർഷം മുമ്പ് ഞാൻ സ്കിൻ കെയർ ബിസിനസിലേക്ക് കടന്നിട്ടുണ്ട്. സ്കിൻ കെയറിനെക്കുറിച്ച് ഞങ്ങൾ സംസാരിക്കുമായിരുന്നു. വിക്കി എനിക്ക് സഹോദരനെ പോലെയാണ്. വിക്കിക്ക് ഒരുപാട് ബിസിനസ് ഐഡിയകൾ ഉണ്ട്. ഒപ്പം എനിക്ക് ഇത്രയും വർഷത്തെ അനുഭവങ്ങൾ ഉണ്ട്. ബ്രാൻഡ് തുടങ്ങാൻ ഒരുപാട് വർഷങ്ങളെടുത്തു. ആദ്യഘട്ടത്തിൽ വേറെ പോരും ഫോർമുലയുമായിരുന്നു.
പിന്നീട് ഇന്ത്യക്കാരുടെ ചർമ്മത്തിന് എന്താണ് അത്യാവശ്യം എന്ന ചിന്തയിലേക്കെത്തി. അങ്ങനെയാണ് 9 സ്കിൻ തുടങ്ങുന്നത്. ഞങ്ങൾ മൂന്ന് പേരുമാണ് കമ്പനിയിലുള്ളത്. നയൻതാര ബോട്ടിലുകളുടെ ഡിസെെനിംഗ് ശ്രദ്ധിച്ചു. വിക്കി മാർക്കറ്റിംഗ് ഭാഗം ശ്രദ്ധിക്കും. താൻ ഫോർമുലേഷൻ, ഡിസ്ട്രിബ്യൂഷൻ തുടങ്ങിയവ നോക്കുമെന്നും ഡെയ്സി വ്യക്തമാക്കി. ബിസിനസിനൊപ്പം നയൻതാരയ്ക്ക് സിനിമകളുടെ തിരക്കുമുണ്ട്. അന്നപൂർണിയാണ് താരത്തിന്റെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. സമ്മിശ്ര പ്രതികരണമാണ് സിനിമയ്ക്ക് ലഭിച്ചത്.


Click it and Unblock the Notifications