മക്കളുടെ കാര്യത്തിലും നിബന്ധന, അതും നയൻതാര സമ്മതിച്ചു; ബന്ധം തകർത്തത് പ്രഭുദേവയുടെ മൂന്ന് കണ്ടീഷനുകളോ?
നയൻതാരയെ പോലെ സ്വകാര്യ ജീവിതം ഇത്രയധികം ചർച്ചയായ നടിമാർ തമിഴകത്ത് കുറവാണ്. സംഭവ ബഹുലമായാണ് താരത്തിന്റെ ജീവിതം മുന്നോട്ട് പോയത്. പലപ്പോഴും ഗോസിപ്പുകൾ നയൻതാരയെ വിടാതെ പിന്തുടർന്നു. പ്രഭുദേവ-നയൻതാര ബന്ധം ഒരു കാലത്തുണ്ടാക്കിയ ചർച്ചകൾ ചെറുതല്ല. വിവാഹിതനും രണ്ട് കുട്ടികളുടെ അച്ഛനുമായിരിക്കെയാണ് പ്രഭുദേവ നയൻതാരയുമായി അടുക്കുന്നത്. കടുത്ത പ്രണയത്തിലായ ഇരുവരും ഒന്നിച്ച് ജീവിക്കാൻ തീരുമാനിച്ചു. പിന്നീടുണ്ടായ വിവാദങ്ങൾ ഏവരും അറിഞ്ഞതാണ്.
വിവാഹേതര ബന്ധമെന്ന കുറ്റപ്പെടുത്തലും വിമർശനങ്ങളും വന്നപ്പോഴും പ്രഭുദേവയും നയൻതാരയും ശക്തമായി ഒന്നിച്ച് നിന്നു. ഭാര്യ റംലത്തിൽ നിന്നും വിവാഹമോചനം നേടിയ പ്രഭുദേവ നയൻതാരയ്ക്കൊപ്പം ജീവിതവും ആരംഭിച്ചു. അപ്പോഴേക്കും നയൻതാര സിനിമകളുടെ കമ്മിറ്റ്മെന്റുകൾ തീർത്തിരുന്നു. കരിയർ വിടാനും കുടുംബ ജീവിതത്തിലേക്ക് കടക്കാനും താരം തീരുമാനിച്ചു. എന്നാൽ ഇവരുടെ ബന്ധത്തിന് അധിക കാലം ആയസുണ്ടായില്ല. 2011 ൽ രണ്ട് പേരും ബ്രേക്കപ്പായി. നയൻതാര മാനസികമായി തകർന്ന് പോയ നാളുകളായിരുന്നു ഇത്.

എല്ലാത്തിൽ നിന്നും അകന്ന് സ്വന്തം വീട്ടിനുള്ളിലേക്ക് നയൻതാര ഒതുങ്ങി. പിന്നീട് ശക്തമായ തിരിച്ച് വരവ് നടത്താനും സാധിച്ചു. എന്താണ് പ്രഭുദേവയ്ക്കും നയൻതാരയ്ക്കും ഇടയിൽ പ്രശ്നമായതെന്ന് ഇന്നും പലർക്കും അറിയില്ല. തന്റെ ഡോക്യുമെന്ററിയിൽ പോലും ഇക്കാര്യം നയൻതാര വ്യക്തമാക്കുന്നില്ല. പ്രഭുദേവയുടെ നിർദ്ദേശ പ്രകാരമാണ് താൻ കരിയർ വിട്ടതെന്ന് നയൻതാര പേരെടുത്ത് പറയാതെ പറയുന്നുണ്ട്.
എന്നാൽ പിരിഞ്ഞതിന് കാരണം എന്തെന്ന് വ്യക്തമാക്കുന്നില്ല. ഇതേക്കുറിച്ചുള്ള ചില അഭ്യൂഹങ്ങളാണിപ്പോൾ ചർച്ചയാകുന്നത്. റിപ്പോർട്ടുകൾ പ്രകാരം മൂന്ന് നിബന്ധനകളാണ് നയൻതാരയ്ക്ക് മുന്നിൽ പ്രഭുദേവ വെച്ചത്. നടി മതം മാറണമെന്നായിരുന്നു ഇതിലൊരു നിബന്ധന. നയൻതാര ഇതിന് തയ്യാറായി. പ്രഭുദേവയുടെ ആദ്യ ഭാര്യയും വിവാഹത്തിന് മുമ്പ് മതം മാറിയിരുന്നു. റംലത്ത് എന്ന പേര് ലത എന്ന് മാറ്റുകയും ചെയ്തു. വിവാഹ ബന്ധം പിരിഞ്ഞെങ്കിലും മക്കൾ രണ്ട് പേരുടെയും ഉത്തരവാദിത്വം പ്രഭുദേവയ്ക്കായിരുന്നു. മക്കൾ തനിക്കൊപ്പമുണ്ടാകുമെന്ന് പ്രഭുദേവ പറഞ്ഞു. റിപ്പോർട്ടുകൾ പ്രകാരം ഇതിൽ നയൻതാരയ്ക്ക് എതിർപ്പുണ്ടായിരുന്നെങ്കിലും സമ്മതിച്ചു.

എന്നാൽ മൂന്നാമത്തെ നിബന്ധന നയൻതാരയ്ക്ക് ഉൾക്കൊള്ളാൻ വലിയ പ്രയാസമായിരുന്നു. അഭിനയ രംഗം വിടണമെന്നായിരുന്നു പ്രഭുദേവയുടെ ആവശ്യം. നയൻതാര ഇതിന് സമ്മതിച്ചെങ്കിലും സിനിമ തനിക്കെത്ര മാത്രം പ്രിയപ്പെട്ടതും പ്രധാനപ്പെട്ടതുമാണെന്ന് അവസാന സിനിമയായിരുന്ന ശ്രീ രാമ രാജ്യത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായി വിട പറയുന്ന ദിവസം നയൻതാര പൊട്ടിക്കരഞ്ഞു. ഇതേക്കുറിച്ച് തന്റെ ഡോക്യുമെന്ററിയിൽ നയൻതാര സംസാരിക്കുന്നുമുണ്ട്.
അതേസമയം മറുവശത്ത് നയൻതാരയ്ക്ക് വേണ്ടി പ്രഭുദേവയും ത്യാഗം ചെയ്തിട്ടുണ്ട്. വർഷങ്ങളോളം ഒരുമിച്ച് ജീവിച്ച ഭാര്യയിൽ നിന്നും പിരിയാൻ പ്രഭുദേവ തീരുമാനിച്ചു. കോടികളാണ് റംലത്തിന് പ്രഭുദേവ ജീവനാംശമായി നൽകിയത്. നയൻതാരയ്ക്ക് മുന്നിലുള്ള നിബന്ധനകൾ ജീവിതം തന്നെ മാറ്റി മറിക്കുന്നതായിരുന്നു. കരിയർ വിട്ട് വീട്ടിലേക്കൊതുങ്ങിയിരുന്നെങ്കിൽ ഇന്ന് ലെെം ലെെറ്റിലേ നയൻതാര ഉണ്ടാകുമായിരുന്നില്ല. ഇന്ന് സംവിധായകൻ വിഘ്നേശ് ശിവനൊപ്പം സന്തോഷകരമായ കുടുംബ ജീവിതം നയിക്കുകയാണ് നയൻതാര. ഇരട്ടക്കുഞ്ഞുങ്ങളും ദമ്പതികൾക്ക് പിറന്നു. മക്കൾക്കൊപ്പമുള്ള ഫോട്ടോകൾ താര ദമ്പതികൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്.


Click it and Unblock the Notifications











