പ്രതിഫലം ചോദിച്ചപ്പോള്‍ മഞ്ജു വാര്യരുടെ പ്രതികരണം ഇങ്ങനെയായിരുന്നു; വെളിപ്പെടുത്തി നിര്‍മ്മാതാവ്
മലയാളി പ്രേക്ഷകരുടെ സ്വകാര്യ അഹങ്കാരമാണ് മഞ്ജു വാര്യര്‍. നടിയുടെ മടങ്ങി വരവ് ഇന്നും ചര്‍ച്ചാ വിഷയമാണ്. മഞ്ജു തിരികെ വരണമെന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ പ്രേക്ഷകര്‍ ഏറെ ആഗ്രഹിച്ചിരുന്നുവെങ്കിലും പ്രതീക്ഷിക്കാത്ത സമയത്തായിരുന്നു എന്‍ട്രി. ആദ്യം കണ്ട മഞ്ജുവിനെ ആയിരുന്നില്ല രണ്ടാം വരവില്‍ കണ്ടത് . അടിമുടി മാറ്റത്തോടെയായിരുന്നു തിരികെ എത്തിയത്. നടിയുടെ മടങ്ങി വരവിന് ശേഷം മഞ്ജു വാര്യര്‍ക്കായി സിനിമ ഒരുങ്ങുകയായിരുന്നു.

ഇപ്പോഴിത സോഷ്യല്‍ മീഡിയയില്‍ ഇടംപിടിക്കുന്നത് മഞ്ജുവിനെ കുറിച്ച് നിര്‍മ്മാതാവ് പിവി ഗംഗാധരന്‍ പറഞ്ഞ വാക്കുകളാണ്. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് നടിയെ കുറിച്ച് വാചലയായത്. മഞ്ജു വാര്യരുടെ ആദ്യത്തെ കാലത്തെ ഹിറ്റ് ചിത്രമായിരുന്നു തൂവല്‍ക്കൊട്ടാരം. ഈ ചിത്രത്തിലെ അനുഭവമായിരുന്നു പങ്കുവെച്ചത്.
പി.വി. ഗംഗാധരന്റെ വാക്കുകള്‍ ഇങ്ങനെ...'' തൂവല്‍ക്കൊട്ടാരത്തില്‍ മഞ്ജു അഭിനയിക്കാനെത്തുന്നത് തളിപ്പറമ്പില്‍ നിന്നാണ്. അന്ന് അവിടെയാണ് അവര്‍ താമസിക്കുന്നത്. കോഴിക്കോട് വച്ചാണ് സിനിമയെ കുറിച്ച് സംസാരിക്കുന്നത്. ഞങ്ങളുടെ സിനിമയില്‍ അഭിനയിക്കണമെന്ന് പറഞ്ഞു. അത് വളരെ സന്തോഷത്തോടെ അവര്‍ സ്വീകരിച്ചു. പ്രതിഫലം എത്ര വേണമെന്ന് ചോദിച്ചപ്പോള്‍ അതൊന്നും ഞാന്‍ പറയില്ല, നിങ്ങളുടെ ഇഷ്ടമെന്നായിരുന്നു മഞ്ജു പറഞ്ഞത്.

നല്ലൊരു മനസിന്റെ ഉടമ, ആളുകളെ സഹായിക്കാനുള്ള മനസ്ഥിതി എല്ലാം ഞാന്‍ ആ കുട്ടിയില്‍ കണ്ടു. ആരും അറിയാതെ പലരെയും അവര്‍ സഹായിച്ചത് എനിക്ക് വ്യക്തിപരമായി അറിയാം. മഞ്ജു ആദ്യമായിട്ട് സ്വന്തം ശബ്ദത്തില്‍ ഡബ്ബ് ചെയ്തതും ഈ ചിത്രത്തിലാണ്. അഭിനയത്തിന്റെ കാര്യത്തില്‍ അവരെ കാണുമ്പോള്‍ മോഹന്‍ലാല്‍ അഭിനയിക്കുന്നതു പോലെയാണ് തോന്നാറുള്ളത്. അഭിനയിച്ച് ജീവിക്കുകയാണ് ചെയ്യുന്നത്. അതാണ് അവരുടെ വിജയവും. മനസില്‍ എന്ത് പ്രശ്നമുണ്ടെങ്കിലും അതെല്ലാം മാറ്റി വച്ചാണ് മഞ്ജു അഭിനയിക്കുന്നത്'' പിവി ഗംഗാധരന്‍ പറഞ്ഞു.
1995 ല്‍ സാക്ഷ്യം എന്ന ചിത്രത്തിലൂടെയാണ് നടി വെള്ളിത്തിരയില്‍ എത്തുന്നത്. എന്നാല്‍ പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധിക്കപ്പെടുന്നത് തൊട്ട് പിന്നാലെ പുറത്ത് ഇറങ്ങിയ സല്ലാപത്തിലൂടെയാണ്. ഇന്നും സല്ലാപത്തിലെ രാധ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവാറുണ്ട്. രാധ എന്ന ഒറ്റ കഥാപാത്രത്തിലൂടെ മലയാള സിനിമയില്‍ തന്റെതായ സ്ഥാനം ഉറപ്പിക്കുകയായിരുന്നു മഞ്ജു വാര്യര്‍. തുടക്കം മുതല്‍ തന്നെ ശക്തമായ സ്ത്രീ കഥാപാത്രങ്ങളായിരുന്നു മഞ്ജുവിനെ തേടി എത്തിയിരുന്നത്. ഇന്നും കളിയാട്ടത്തിലെ താമരയും കന്മദത്തിലെ ഭാനുമതിയും കണ്ണെഴുതി പൊട്ടുംതൊട്ട് എന്ന ചിത്രത്തിലെ ഭഭ്രയുമെല്ലാം പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ചയാവാറുണ്ട്.
സൂപ്പര്‍ താരങ്ങളോടൊപ്പം സിനിമയില്‍ തിളങ്ങി നില്‍ക്കുമ്പോഴാണ് മഞ്ജു അഭിനയത്തില്‍ നിന്ന് ഇടവേള എടുക്കുന്നത്. സിനിമയില്‍ നിന്ന് മാറി നിന്നുവെങ്കിലും മഞ്ജുവിന്റെ ചിത്രങ്ങള്‍ മലയാളി പ്രേക്ഷകരുടെ സ്വീകരണ മുറികളില്‍ എത്താറുണ്ടായിരുന്നു. തലമുറ വ്യത്യാസമില്ലാതെ ആവേശത്തോടെയായിരുന്നു മഞ്ജുവിന്റെ ചിത്രങ്ങള്‍ പ്രേക്ഷകര്‍ സ്വീകരിച്ചത്. റോഷന്‍ ആന്‍ഡ്രൂസ് ചിത്രമായ ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിലൂടെയായിരുന്നു നടിയുടെ മടങ്ങി വരവ്. ചിത്രം സൂപ്പര്‍ ഹിറ്റ് ആയിരുന്നു. കൊവിഡ് ലോക്ക് ഡൗണ്‍ പ്രതിസന്ധികള്‍ക്ക് ശേഷം മഞ്ജു വീണ്ടും സിനിമയില്‍ സജീവമായിട്ടുണ്ട്. ലളിതം സുന്ദരമാണ് ഏറ്റവും ഒടുവില്‍ പുറത്ത് വന്ന ചിത്രം. ഒടിടി റിലീസായിട്ടാണ് ചിത്രം എത്തിയത്. മഞ്ജുവിന്റേതായി നിരവധി ചിത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട്.


Click it and Unblock the Notifications