'തോന്നുന്നതെല്ലാം ഇന്റർവ്യൂവിൽ പറയരുതെന്ന് പപ്പ പറയും, പപ്പയ്ക്ക് സിനിമയിൽ ശത്രുക്കളില്ല'; നടി അന്ന ബെൻ!
അച്ഛൻ സിനിമയിൽ പിടിപാടുള്ള വ്യക്തിയായിരുന്നിട്ടും അതൊന്നും തന്റെ കരിയർ മെച്ചപ്പെടുക്കാൻ യുവ നടി അന്ന ബെൻ ഉപയോഗിച്ചിട്ടില്ല. ആദ്യ സിനിമയായ കുമ്പളങ്ങി നൈറ്റ്സിന്റ ഓഡീഷനിൽ പങ്കെടുത്ത് അഭിനയം ആരംഭിക്കുന്നത് വരെ തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലത്തിന്റെ മകളാണ് താനെന്നത് അന്ന മറച്ചുവെച്ചു. കുമ്പളങ്ങി നൈറ്റ്സ് ഇന്ത്യയൊട്ടാകെ ശ്രദ്ധിക്കപ്പെട്ട വിജയ ചിത്രമായിരുന്നു. സിനിമ ഹിറ്റായതോടെ നായിക അന്നയും ശ്രദ്ധിക്കപ്പെട്ടു.
അവസരങ്ങൾ താരത്തിന് വർധിച്ചു. കാസ്റ്റിങ് കോൾ കണ്ടാണ് അന്ന കുമ്പളഹ്ങി നൈറ്റ്സിന്റെ ഓഡീഷന് പോയത്. നാല് ഓഡിഷനുകള്‍ പൂർത്തിയാക്കിയ ശേഷമാണ് അന്നയെ കുമ്പളങ്ങി നൈറ്റ്സിലേയ്ക്ക് സെലക്ട് ചെയ്തത്. അരങ്ങേറ്റ ചിത്രത്തിലെ പ്രകടനത്തിന് 2019ലെ മികച്ച നവാഗത നായികയ്ക്കുള്ള സൈമ അവാർഡ് അന്നയ്ക്ക് ലഭിച്ചിരുന്നു.

തൊട്ടടുത്ത വർഷം തന്നെ കപ്പേള എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടിയ്ക്കുള്ള സൈമ ക്രിട്ടിക്സ് അവാർഡും അന്നയെ തേടിയെത്തിയിരുന്നു. 2021ലെ മികച്ച നടിയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡും കപ്പേള എന്ന ചിത്രത്തിലൂടെ അന്ന സ്വന്തമാക്കിയിരുന്നു. ത്രിശങ്കു, കാപ്പാ എന്നിവയാണ് ഏറ്റവും അവസാനം തിയേറ്ററുകളിലെത്തിയ അന്നയുടെ സിനിമകൾ.
അഞ്ച് വർഷത്തെ സിനിമാ ജീവിതം കൊണ്ട് തന്നെ അന്ന മലയാള സിനിമയിലെ മുൻനിര നായികയായി ഉയർന്നിട്ടുണ്ട്. ഫാഷൻ ഡിസൈനിങിൽ ബിരുദധാരിയാണ് അന്ന. കാപ്പയിലെ അന്നയുടെ പ്രകടനത്തിന് നിരവധി പരിഹാസങ്ങൾ ലഭിച്ചിരുന്നു.
ഗുണ്ട ബിനു എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ അന്ന അവതരിപ്പിച്ചത്. എന്നാൽ സിനിമയും അന്നയുടെ കഥാപത്രവും പ്രതീക്ഷിച്ചതുപോലെ ആളുകളിലേക്ക് എത്തിയില്ല. വലിയ രീതിയിൽ പ്രമോഷൻ അടക്കം കാപ്പാ ടീം നടത്തുകയും ചെയ്തിരുന്നു.
ഇപ്പോഴിതാ തന്റെ അഞ്ച് വർഷത്തെ സിനിമാ ജീവിതത്തെ കുറിച്ചും അച്ഛനിൽ നിന്നും ലഭിച്ച ഉപദേശങ്ങളെ കുറിച്ചും ഐ ആം വിത്ത് ധന്യ വർമ എന്ന യുട്യൂബ് ചാനലിലെ ചാറ്റ് ഷോയിൽ പങ്കെടുത്ത് സംസാരിക്കവെ അന്ന ബെൻ പങ്കുവെച്ചു. മനസിൽ തോന്നുന്നതെല്ലാം ഇന്റർവ്യൂവിൽ പറയരുതെന്നും ആളുകൾ നമ്മൾ ഉദ്ദേശിക്കുന്ന രീതിയിൽ എല്ലാം ഉൾക്കൊള്ളില്ലെന്നും പപ്പ ഉപദേശിച്ചിരുന്നുവെന്നും അന്ന പറയുന്നു.

'സിനിമയിൽ വന്ന സമയത്ത് പപ്പ എന്നോട് പറയുമായിരുന്നു നിനക്ക് തോന്നുന്നതെല്ലാം ഇന്റർവ്യൂവിൽ പോയി പറയരുതെന്ന്. ആളുകൾ നീ ഉദ്ദേശിക്കുന്നത് തന്നെ ചിന്തിച്ച് കൊള്ളണമെന്നില്ലെന്നാണ് പപ്പ പറഞ്ഞത്. ഇനി ഞാൻ കള്ളം പറയണോ എന്ന ചിന്തയാണ് എനിക്ക് അപ്പോൾ വന്നത്. പപ്പ എന്താണ് എന്നോട് പറയാൻ ഉദ്ദേശിച്ചതെന്ന് പിന്നീട് എനിക്ക് മനസിലായി.'
'ഞാൻ ഉദ്ദേശിക്കുന്നത് ഇന്റസ്ട്രിയിൽ ഉള്ളവരിലേക്ക് എത്തിക്കാൻ ബുദ്ധിമുട്ടാണെന്ന് എനിക്ക് പലപ്പോഴും മനസിലായ കാര്യമാണ്. എല്ലാവരെ കൊണ്ടും നല്ലത് പറയിപ്പിക്കണമെന്നത് വീട്ടിൽ നിന്നും പലപ്പോഴും കേട്ടിട്ടുള്ള ഉപദേശമാണ്.'
'ഞാൻ ഇതെല്ലാം കേട്ട് പിന്നീട് പീപ്പിൾ പ്ലീസിങ് വ്യക്തിയായി മാറി. പക്ഷെ എല്ലാവരോടും അങ്ങനെ ചെയ്യേണ്ടതില്ലെന്നും നോ പറയേണ്ടിടത്ത് നോ പറയണമെന്നതും ഇംപോർട്ടന്റാണ്. ബെന്നി പി നായരമ്പലത്തിന്റെ മകളായതുകൊണ്ട് സ്വന്തം ഐഡന്റിറ്റി സിനിമയിൽ ഉണ്ടാക്കാൻ ബുദ്ധിമുട്ടാണ്. പക്ഷെ പപ്പയുടെ പേരിൽ അറിയപ്പെടുന്നത് എനിക്ക് അഭിമാനവുമാണ്. പപ്പ മുപ്പത് വർഷമായി സിനിമയുടെ ഭാഗമാണ്. എന്നാൽ പപ്പയ്ക്ക് ശത്രുക്കളില്ല.'
'പപ്പ നല്ല രീതിയിൽ ആളുകളെ ഹാൻഡിൽ ചെയ്യും. പപ്പ ഇമോഷണലി ഇന്റലിജെന്റുമാണ്. ദേഷ്യമൊക്കെ ഉള്ള ആളാണെങ്കിലും പ്രൊഫഷണൽ ലൈഫിലേക്ക് പപ്പ അതൊന്നും കൊണ്ടുപോകാറില്ല. പപ്പയുമായുള്ള ബന്ധം വെച്ച് എന്നെ ഇന്റസ്ട്രിയിൽ ഉള്ളവർ കുട്ടിയായിട്ടാണ് കാണുന്നത്. അതുകൊണ്ട് തന്നെ അഭിപ്രായം പറയുമ്പോൾ കുറച്ച് കൂടി ഉറച്ച് പറയേണ്ടി വരാറുണ്ട് എനിക്ക്...', അന്ന ബെൻ പറഞ്ഞു.


Click it and Unblock the Notifications











