നസീര്‍ കുടിച്ച ചായയുടെ ബാക്കി ഷീല കുടിച്ചു; അയ്യോ എന്ന് പറഞ്ഞതോടെ അടുത്ത് വിളിപ്പിച്ചെന്ന് ബാലചന്ദ്ര മേനോൻ
നടന്‍, സംവിധായകന്‍, തിരക്കഥാകൃത്ത് തുടങ്ങി പല വേഷങ്ങള്‍ ഒരുമിച്ച് ചെയ്യാറുള്ള സകലകലാഭല്ലവനാണ് ബാലചന്ദ്ര മേനോന്‍. ഒരു കാലത്ത് അദ്ദേഹമൊരുക്കിയ കുടുംബ ചിത്രങ്ങള്‍ക്ക് വേണ്ടി കാത്തിരുന്ന സിനിമാപ്രേമികളാണ് കേരളത്തിലുണ്ടായിരുന്നത്. ഇപ്പോള്‍ നീണ്ട ഇടവേളകളിലാണ് താരം സംവിധാനം ചെയ്യുന്നത്. പകരം സിനിമകളില്‍ അഭിനയിക്കുന്നുണ്ട്.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്റെ ജീവിതത്തില്‍ നടന്നൊരു സംഭവത്തെ കുറിച്ച് ബാലചന്ദ്ര മേനോന്‍ പറഞ്ഞ വാക്കുകള്‍ വൈറലാവുകയാണ്. ഷീലയുടെയും നസീറിന്റെയും സിനിമയുടെ ചിത്രീകരണം കാണാന്‍ പോയതിനെ പറ്റിയാണ് മുന്‍പ് ജെബി ജംഗ്ഷനില്‍ പങ്കെടുത്ത് ബാലചന്ദ്ര മേനോന്‍ പറഞ്ഞത്.

'സ്‌കൂളില്‍ പഠിക്കുന്ന കാലത്താണ് ഞങ്ങളുടെ നാട്ടില്‍ ഷൂട്ടിങ് വന്നത്. ആ ചിത്രത്തില്‍ അഭിനയിക്കാന്‍ വരുന്നത് നസീറും ഷീലയും. എങ്ങനെയും അവരെ കാണണമെന്ന് വിചാരിച്ചു. പക്ഷേ അച്ഛന്‍ സമ്മതിക്കില്ല. ഷൂട്ടിങ്ങൊക്കെ കാണാന്‍ പോയാല്‍ എന്റെ റേഷന്‍ കട്ട് ചെയ്യും. ഇടാന്‍ നല്ലൊരു ഷര്‍ട്ടില്ല. അങ്ങനെ കൂട്ടുകാരന്‍ ഗോപിയെ കൂട്ടുപിടിച്ചു. അവന്റെ നല്ലൊരു ഷര്‍ട്ട് അലക്കി ഫാനിന് താഴെ വെച്ച് ഉണക്കി, തേച്ച് റെഡിയാക്കി, സൈക്കിളൊക്കെ ചവിട്ടി ഞങ്ങളവിടെ എത്തി.

വലിയ ആള്‍ക്കൂട്ടമാണ്. നോക്കുമ്പോള്‍ അതാ പ്രേം നസീര്‍. തൊട്ടടുത്ത് ഷീലയും. രണ്ട് പേരും മുണ്ടും ഷര്‍ട്ടുമൊക്കെയാണ് വേഷം. നസീര്‍ സാറിനാണെങ്കില്‍ വെള്ളമുണ്ട് അല്ല. വേറെ ഏതോ കളറാണ്. അതെന്താണെന്നുള്ള കൗതുകം എനിക്ക് വന്നു. ബ്ലാക്ക് ആന്‍ഡ് വൈറ്റ് സിനിമയില്‍ വെള്ള വസ്ത്രം ഉപയോഗിക്കില്ല. അതിന്റെ കളര്‍ എഫക്ട് മാറുന്നത് കൊണ്ടാണ്.

പിന്നെ ഞാന്‍ കാണുന്ന സീന്‍ നസീര്‍ സാര്‍ ചായ കുടിക്കുന്നു. അടുത്ത് ഷീല ഇരിക്കുന്നുണ്ട്. ഇവര്‍ എന്തൊക്കെയോ തമാശയൊക്കെ പറയുകയും ചായ കുടിച്ച ഉടന്‍ നസീര്‍ സാര്‍ ആ കപ്പ് ഷീലയ്ക്ക് കൈ മാറുകയാണ്. ഷീല അത് വാങ്ങി കുടിക്കുന്നു. ഞാനത് കണ്ടതും അയ്യേ... എന്ന് പറഞ്ഞ് പോയി. പെട്ടെന്ന് എല്ലാവരും എന്നെ നോക്കി.

ഒരാള് കുടിച്ചതിന്റെ ബാക്കി കുടിക്കാന്‍ പാടില്ലെന്നാണ് എന്റെ ധാരണ. നസീറ് കുടിച്ചതിന്റെ ബാക്കി ഷീല കുടിക്കുന്നത് എങ്ങനെ. അതിനപ്പുറം കാര്യങ്ങളുണ്ടെന്ന് എനിക്കന്ന് അറിയില്ല. അവരുടെ അടുപ്പവും എനിക്ക് അറിയില്ല. എന്റെ വെപ്രാളം കണ്ട് നസീര്‍ സാര്‍ എന്നെ അടുത്തേക്ക് വിളിച്ചു. 'എന്തിനാണ് ചിരിച്ചേ എന്ന് പുള്ളി ചോദിച്ചു'. ഞാന്‍ ഈ പടത്തിന്റെ സംവിധായകന്‍ ആരാണെന്ന് തിരിച്ച് ചോദിച്ചു.

ജെ ഡി തോട്ടന്‍ ആണ് സംവിധായകന്‍. വിവാഹം സ്വര്‍ഗത്തില്‍ എന്ന സിനിമയായിരുന്നു അത്. അദ്ദേഹത്തോട് വരാന്‍ നസീര്‍ സാര്‍ പറഞ്ഞു. വെള്ള ഷര്‍ട്ടും പാന്റും വെള്ള തൊപ്പിയുമാണ് അദ്ദേഹത്തിന്റെ വേഷം. ഞാനും ഷീലയും ഇവിടെ ഇരുന്നിട്ട് ഇയാള്‍ക്ക് ഞങ്ങളെ കാണണ്ട. നിങ്ങളുടെ ആരാധകനാണെന്നാണ് പറഞ്ഞതെന്ന് നസീര്‍ പറഞ്ഞു. ഇത് കേട്ടതോടെ അദ്ദേഹം തലയിലിരുന്ന തൊപ്പിയൂരി എന്റെ തലയില്‍ വെച്ച് തന്നു. അദ്ദേഹത്തെ പിന്നീട് ഞാന്‍ കണ്ടിട്ടില്ല. ഞാന്‍ സിനിമയില്‍ വന്നപ്പോഴെക്കും അദ്ദേഹം പോവുകയും ചെയ്തുവെന്ന് ബാലചന്ദ്ര മേനോന്‍ പറയുന്നു.


Click it and Unblock the Notifications











