അസ്വസ്ഥമാക്കുന്ന കമൽ ഹാസൻ റൊമാൻസും സ്വയം മങ്ങിയ മണി രത്‌നം മാജിക്കും; തഗ് ലൈഫിൽ വേദനയാവുന്നത്...
കമൽ ഹാസനും മണി രത്‌നവും ഒന്നിക്കുന്ന തഗ് ലൈഫിനായി ചിത്രത്തിന്റെ പ്രഖ്യാപനദിവസം മുതൽ കാത്തിരുന്ന സിനിമപ്രേമികൾക്ക് (ലേഖിക ഉൾപ്പെടെ), ഏറ്റവും നിരാശ സമ്മാനിച്ച ദിവസമാണ് ജൂൺ 5. നായകൻ എന്ന ക്ലാസിക് സിനിമയ്ക്ക് ശേഷം ഉലകനായകനും ലെജൻഡറി സംവിധായകനും ഒന്നിക്കുമ്പോൾ, ഒരു കംപ്ലീറ്റ് സിനിമാ അനുഭവത്തിൽ കുറഞ്ഞ ഒന്നും ആരും പ്രതീക്ഷിച്ചു കാണില്ല. എന്നാൽ, വേദനിപ്പിക്കുന്ന വിധം ആവറേജ് ആയ ഒരു ഗ്യാങ്സ്റ്റർ ഡ്രാമയുമായാണ് ഇരുവരും ഇത്തവണ എത്തിയത്.
ചെറിയ സ്‌പോയ്‌ലറുകൾ ശ്രദ്ദിക്കുക...
അസ്വസ്ഥമാക്കുന്ന കമൽ ഹാസൻ റൊമാൻസ്
തഗ് ലൈഫ് എന്ന ചിത്രത്തിൽ ഏറ്റവും അസ്വസ്ഥതയുണ്ടാക്കിയത് ഏതാണ്ട് തന്റെ മകളുടെ പ്രായമുള്ള രണ്ട് നടിമാരുമായുള്ള കമൽ ഹാസന്റെ റൊമാൻസ് ആണ്. കമലിന്റെ ശക്തിവേലും, തൃഷയുടെ ഇന്ദ്രാണിയും ചിത്രത്തിൽ വലിയ പ്രായവ്യത്യാസം ഉള്ള കമിതാക്കൾ തന്നെയാണ്. എന്നാൽ, 70നോടടുത്ത നടനും, നായികയും ഒന്നിച്ചുള്ള പ്രണയ രംഗങ്ങളിൽ സാധാരണ മണി രത്‌നം ചിത്രങ്ങളിൽ കാണാറുള്ള മാജിക് ഇല്ല. സീനിയർ സംവിധായകന്റെ സിനിമകൾ പല തവണ കണ്ടിട്ടുള്ള ആരാധകർക്ക്, ഈ സീനുകൾ എഴുതിയത് അദ്ധേഹമാണെന്ന് വിശ്വസിക്കാൻ പോലും പ്രയാസമാണ്.

നേരെ മറിച്ച്, തഗ് ലൈഫിൽ കണ്ടത് അവസാന നിമിഷം പ്രണയരംഗങ്ങളിൽ പരീക്ഷണങ്ങൾ നടത്താറുള്ള കമൽ ഹാസന്റെ കൈയ്യൊപ്പാണ്. തമിഴ് സിനിമയിൽ വിപ്ലവങ്ങൾ സൃഷ്‌ടിച്ച ഉലകനായകൻ, തന്റെ കരിയറിന്റെ തുടക്കകാലം പ്രണയ രംഗങ്ങളുടെ കാര്യത്തിൽ കാണിച്ചിട്ടുള്ള ധൈര്യം പലപ്പോഴും ചർച്ചയായിട്ടുണ്ട്. എന്നാൽ തഗ് ലൈഫിൽ എത്തുമ്പോൾ, കമലിന്റെ റൊമാൻസ് ബോൾഡ് അല്ല, അരോചകമാണ്. കഥാപാത്രങ്ങൾ തമ്മിലുള്ള ബന്ധത്തെ ന്യായീകരിക്കാൻ വേണ്ടിയാണെങ്കിൽ കൂടിയും, ചിത്രത്തിന്റെ പല രംഗങ്ങളിലും കുത്തിക്കേറ്റിയ ഇന്റിമസി അനാവശ്യമായിരുന്നു.
അഭിരാമി അവതരിപ്പിച്ച ശക്തിവേലിന്റെ ഭാര്യ ജീവയ്ക്ക് തഗ് ലൈഫിന്റെ ലോകം സെറ്റ് ചെയ്യുന്നതിൽ ചെറുതല്ലാത്ത പങ്കുണ്ട്. എന്നാൽ തൃഷയുടെ ഇന്ദ്രാണി കഥപറച്ചിലിൽ തികച്ചും അനാവശ്യമായിട്ടാണ് അനുഭവപ്പെട്ടത്. നടിയുടെ ജീവനില്ലാത്ത പ്രകടനവും അതിന് വലിയൊരു കാരണമാണ്. ഇന്ദ്രാണിയുമായുള്ള ശക്തിവേലിന്റെ ബന്ധവും, പിന്നീട് സിമ്പുവിന്റെ അമരന് ഇതേ സ്ത്രീയോട് തോന്നുന്ന പ്രണയവും, തഗ് ലൈഫിന്റെ കഥയെ താഴേക്ക് വലിക്കുക മാത്രമാണ് ചെയ്തത്. ഒപ്പം, നായകന്റെ പ്രവർത്തികളെ ഒരു തരത്തിലും ചോദ്യം ചെയ്യാത്ത, ആത്മാഭിമാനം തൊട്ടുതീണ്ടിയിട്ടില്ലാത്ത സ്ത്രീ കഥാപാത്രങ്ങൾ കൂടി ചേർന്നപ്പോൾ തകർച്ച പൂർത്തിയായി.

കമൽ ഹാസന്റെ കഥാപാത്രത്തിന് അധികാരത്തോടുളള അഭിനിവേശവും, സിമ്പു അവതരിപ്പിച്ച അമരന്റെ വളർച്ചയിൽ ഉണ്ടാകുന്ന അസ്വസ്ഥതകളും തിരക്കഥ കാര്യമായി പരിഗണിച്ചിരുന്നുവെങ്കിൽ, തഗ് ലൈഫിന്റെ വിധി മറ്റൊന്നായേനേ. എന്നാൽ, ശക്തിവേലിന്റെ പരസ്ത്രീ ബന്ധത്തിൽ ഫോക്കസ് ചെയ്ത് മണി രത്‌നം ചിത്രം ദയനീയമായി പരാജയപ്പെട്ടപ്പോൾ, നായകനുമായി ഒരു തരത്തിലും കണക്ട് ചെയ്യാനാവാതെ, അയാൾക്ക് വേണ്ടി കൈയ്യടിക്കാനാവാതെ, കഷ്ടപ്പെടുകയായിരുന്നു പ്രേക്ഷകർ.
സ്വയം മങ്ങുന്ന മണി രത്‌നം മാജിക്
ആദ്യം താൻ കമൽ ഹാസനെ ചെന്ന് കണ്ടത് ഒരു സയൻസ് ഫിക്ഷൻ സിനിമ ചെയ്യണം എന്ന ഉദ്ദേശത്തിലായിരുന്നുവെന്നും, പകരം തഗ് ലൈഫ് ചെയ്യാമെന്ന് പറഞ്ഞത് കമൽ ഹാസൻ ആയിരുന്നുവെന്നും, മണി രത്‌നം അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. തഗ് ലൈഫ് കണ്ടു മടങ്ങിയ സിനിമാപ്രേമികൾക്ക് പക്ഷെ മനസ്സിലാവാത്തത്, മണി രത്‌നത്തിന്റെ മാജിക്കിന് എങ്ങനെ മങ്ങലേറ്റു എന്നതാണ്. ലെജൻഡറി സംവിധായകന്റെ ആദ്യത്തെ മോശം സിനിമയല്ല തഗ് ലൈഫ്. തിരുടാ തിരുടാ, കടൽ തുടങ്ങി പാളി പോയ ഒരുപിടി സിനിമകൾ അദ്ധേഹത്തിന്റെ കരിയറിൽ ഉണ്ട്.

എന്നാൽ, പറഞ്ഞു പഴകിയ കഥയെ, ഒരു പുതുമയുമില്ലാതെ അവതരിപ്പിച്ചു എന്നതാണ് ഈ കമൽ ഹാസൻ ചിത്രത്തിന്റെ ഏറ്റവും വലിയ പരാജയം. പരീക്ഷണങ്ങൾ നടത്തി പരാജയപ്പെടുന്നതിൽ വിരോധമില്ല, പക്ഷെ സ്വയം ആവർത്തിക്കാനും ക്ലിഷേകൾക്ക് അടിമപ്പെടാനും ഇഷ്ടമല്ല, എന്ന് പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുള്ള മണി രത്‌നം, ആ വാശി കമലിന് വേണ്ടി മാറ്റി വച്ചു എന്ന് വേണം കരുതാൻ. എന്നാൽ വിക്രം പോലൊരു ചിത്രത്തിൽ പരീക്ഷണങ്ങൾക്ക് തയ്യാറായ കമൽ ഹാസനെ, മണി രത്‌നത്തിന് എന്തുകൊണ്ട് അങ്ങിനെ വാർത്തെടുക്കാൻ (പ്രത്യേകിച്ച്, നായകൻ തഗ് ലൈഫിന്റെ സഹ-എഴുത്തുകാരൻ കൂടിയായ സ്ഥിതിക്ക്) സാധിച്ചില്ല എന്ന ചോദ്യം ബാക്കിയാവുന്നു.


Click it and Unblock the Notifications











