'ദിലീപിനൊപ്പം അഭിനയിക്കാൻ ചാക്കോച്ചൻ തയ്യാറായില്ല, മോന്റെ റോൾ ചെറുതാവില്ലെന്ന് ഉറപ്പ് വേണമെന്നായി പിതാവ്'
ഒരു കാലത്ത് മലയാളത്തിലും തമിഴിലും നിരവധി ആക്ഷൻ-കോമഡി-റൊമാന്റിക്ക് സിനിമകൾ സംവിധാനം ചെയ്ത പ്രതിഭയാണ് തുളസീദാസ്. മുപ്പത്തിനാലോളം ചിത്രങ്ങൾ മലയാളത്തിലും തമിഴിലുയി തുളസീദാസ് സംവിധാനം ചെയ്തിട്ടുണ്ട്. വളരെ കുറഞ്ഞ ചിലവിൽ മികച്ച ചിത്രങ്ങൾ ചെയ്യുന്ന സംവിധായകൻ എന്ന ടാഗായിരുന്നു തുളസീദാസിന് മലയാള സിനിമാ മേഖലയിൽ ഉണ്ടായിരുന്നത്. 2011ൽ കില്ലാടി രാമൻ സംവിധാനം ചെയ്തശേഷം സംവിധാന രംഗത്ത് നിന്നും വിട്ടുനിൽക്കുകയാണ് തുളസീദാസ്. സിനിമാക്കാരുടെ ഫങ്ഷനുകളിൽ വളരെ വിരളമായി മാത്രം പ്രത്യക്ഷപ്പെടാറുള്ള തുളസീദാസ് കഴിഞ്ഞ ദിവസം നിർമാതാവ് കൊട്ടാരക്കര രവിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു.
അതിനിടയിൽ ബട്ടർ നട്ട് മീഡിയ എന്ന ഓൺലൈൻ മീഡിയയോട് സംസാരിക്കവെ തുളസീദാസ് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നത്. ദോസ്ത് സിനിമ സംവിധാനം ചെയ്തപ്പോഴുള്ള അനുഭവങ്ങളും കൊട്ടാരക്കര രവിയുമായുള്ള സൗഹൃദത്തെ കുറിച്ചുമാണ് തുളസീദാസ് സംസാരിച്ചത്.

ദിലീപിനൊപ്പം ദോസ്തിൽ അഭിനയിക്കാൻ കുഞ്ചാക്കോ ബോബൻ ആദ്യം തയ്യാറായിരുന്നില്ലെന്നും തുളസീദാസ് വെളിപ്പെടുത്തി. ഒരു ദിവസം കൊണ്ട് ഉണ്ടായ സിനിമയാണ് ദോസ്ത്. വേറൊരു കഥ ജയറാമുമായിട്ടാണ് ആദ്യം പ്ലാൻ ചെയ്തത്. അത് നടക്കാതെ വന്നപ്പോൾ ഒറ്റ ദിവസം കൊണ്ട് എറണാകുളത്ത് ഇരുന്ന് ഞങ്ങൾ... രവിയേട്ടനും അച്ഛനും ജേഷ്ഠനുമെല്ലാം കൂടി പ്ലാൻ ചെയ്ത സിനിമയാണ് ദോസ്ത്. എന്റെ നല്ലൊരു സിനിമയാണ് ദോസ്ത്.
ഈ സിനിമയിലാണ് ജയസൂര്യയെ ഞാൻ ചെറിയൊരു വേഷത്തിൽ അഭിനയിപ്പിക്കുന്നത്. അവൻ ഇപ്പോൾ സൂപ്പർ സ്റ്റാറായി മാറിയിരിക്കുന്നു. പല സ്ഥലങ്ങളിലും ഞാൻ പോകുമ്പോൾ ആളുകൾ എന്നോട് പറയാറുണ്ട് ദോസ്ത് പോലൊരു സിനിമ എടുക്കുമോയെന്ന്. അത്രത്തോളം ജനങ്ങളുടെ മനസിൽ ആ സിനിമ കയറി കൂടിയിട്ടുണ്ട്.
രവിയേട്ടനുമായി ചേർന്ന് പിന്നെയും സിനിമ ചെയ്യാൻ പ്ലാൻ ചെയ്തു പക്ഷെ നടന്നില്ല. ദോസ്ത് പോലൊരു സിനിമ അദ്ദേഹം പിന്നെ ചെയ്തില്ല. അത് ഇപ്പോഴും രവിയേട്ടൻ പറയാറുണ്ട്. അദ്ദേഹത്തിന്റെ അച്ഛൻ മരിച്ചപ്പോൾ എനിക്ക് എത്താൻ പറ്റിയില്ല. നിർമാതാവ് ഒരു സംവിധായകന് കൊടുക്കുന്ന ഒരു സഹകരണമുണ്ടല്ലോ... നിങ്ങൾ ചെയ്യൂ നിങ്ങളെ എനിക്ക് വിശ്വാസമാണെന്നുള്ളത്. അത് അദ്ദേഹത്തിന് ഒപ്പം പ്രവർത്തിക്കുമ്പോൾ ലഭിക്കാറുണ്ട്.
അതുപോലെ സിനിമയുമായി ബന്ധപ്പെട്ടുള്ള മറ്റൊരു ഓർമ ദോസ്തിൽ ദിലീപിന്റെ കൂടെ അഭിനയിക്കാൻ കുഞ്ചാക്കോ ബോബൻ ആദ്യം തയ്യാറായിരുന്നില്ല. അങ്ങനെ ഞാനും രവിയേട്ടനും അദ്ദേഹത്തിന്റെ അച്ഛനുമെല്ലാം ഒരുമിച്ച് കുഞ്ചാക്കോ ബോബന്റെ വീട്ടിൽ പോയി. അവിടെ ചെന്ന് ചാക്കോച്ചന്റെ അച്ഛനോട് എല്ലാ കഥകളും പറഞ്ഞു.

പണ്ട് നസീർ സാറും മമ്മൂട്ടിയും സുകുമാരനും സോമനും സത്യൻ മാഷുമൊക്കെ ഒരുമിച്ച് അഭിനയിച്ചിട്ടുള്ളതിന്റെ പല കാര്യങ്ങളും ഞാൻ പറഞ്ഞു. എത്രയോ ഹീറോകൾ ഒരുമിച്ച് അഭിനയിക്കുന്നു എന്നൊക്കെ പറഞ്ഞ് പറഞ്ഞാണ് ഞാൻ സമ്മതിപ്പിച്ചത്. എന്റെ മകന്റെ റോള് ചെറുതാവില്ല... മോശമാവില്ലെന്ന് ഒരു എഗ്രിമെന്റ് പോലെ തരണമെന്ന് ഞങ്ങളോട് ചാക്കോച്ചന്റെ പിതാവ് പറഞ്ഞു.
ദിലീപ് കൂടെ നിന്ന് അഭിനയിക്കുന്നത് കൊണ്ട് ചാക്കോച്ചന്റെ റോൾ ചെറുതാകുമോയെന്ന സംശയം അദ്ദേഹത്തിനുണ്ടായിരുന്നു. പിന്നെ സംസാരിച്ചശേഷം പടത്തിന്റെ അഡ്വാൻസ് കൊടുത്തു എന്നാണ് സിനിമാ ഓർമകൾ പങ്കിട്ട് തുളസീദാസ് പറഞ്ഞത്. കുഞ്ചാക്കോ ബോബന്-ദിലീപ് കൂട്ടുകെട്ടിൽ പിറന്ന എക്കാലവും റിപ്പീറ്റ് വാല്യുവുള്ള സിനിമയെന്നാണ് ദോസ്തിനെ കുറിച്ച് സിനിമാ പ്രേമികൾ പറയാറുള്ളത്.
സിനിമയിലെ പാട്ടുകളെല്ലാം വൻ ഹിറ്റായിരുന്നു. ചിത്രത്തിൽ ദിലീപിനും കുഞ്ചാക്കോ ബോബനും പുറമെ കാവ്യ മാധവൻ, ജഗതി ശ്രീകുമാർ, കലാഭവൻ മണി, ബിന്ദു പണിക്കർ തുടങ്ങി വലിയൊരു താരനിരയും അഭിനയിച്ചിരുന്നു.


Click it and Unblock the Notifications











