മമ്മൂട്ടിയുടെ ഫോണ്‍ സിനിമാ ലൊക്കേഷനില്‍ ഉണ്ടാക്കിയ പൊല്ലാപ്പ്! 25 വർഷം മുൻപ് നടന്ന പ്രശ്നങ്ങളാണ്
കാറുകളുടെ കാര്യത്തില്‍ മലയാളത്തിന്റെ മെഗാസ്റ്റാറിനുള്ള കമ്പം എല്ലാവര്‍ക്കും അറിയുന്നതാണ്. പുതിയ ഏത് മോഡല്‍ കാര്‍ വന്നാലും അത് സ്വന്തമാക്കുന്നതാണ് മമ്മൂട്ടിയുടെ രീതി. ഫോണിന്റെ കാര്യത്തിലും ഏകദേശം അതുപോലെ തന്നെയാണ്. എന്നാല്‍ ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. പത്ത് ഇരുപത്തിയഞ്ച് വര്‍ഷം മുന്‍പത്തെ അവസ്ഥയും ഇതൊക്കെ തന്നെയായിരുന്നു.
25 വര്‍ഷം മുന്‍പ് കേരളത്തില്‍ മൊബൈല്‍ ഫോണ്‍ അപൂര്‍വ്വമായിരുന്നു. അക്കാലത്ത് മമ്മൂട്ടിയുടെ ഫോണ്‍ സിനിമാ സെറ്റുകളില്‍ വലിയ പ്രശ്‌നങ്ങള്‍ക്കും ഒച്ചപ്പാടുകള്‍ക്കും വഴിയൊരുക്കിയെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ സംവിധായകന്‍ തുളസിദാസ്. ഐഎഎന്‍എസിന് നല്‍കിയ അഭിമുഖത്തിലാണ് തുളസീദാസ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

തുളസീദാസ് പറയുന്നതിങ്ങനെ..
ആയിരം നാവുള്ള അനന്തന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുകയാണ്. മമ്മൂട്ടി, ഗൗതമി, മാധവി, ദേവന്‍ അങ്ങനെ വലിയ താരനിര തന്നെ ചിത്രത്തിലുണ്ടായിരുന്നു. മമ്മൂട്ടി ഒരു വലിയ ഫോണുമായി എത്തിയതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങുന്നത്. എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍ മോട്ടറോളയുടെ സെറ്റായിരുന്നു അത്. ആ സമയത്ത് വളരെ അപൂര്‍വ്വം ആളുകളുടെ കൈയിലെ മൊബൈല്‍ ഉള്ളു. തുടര്‍ന്ന് സെറ്റിലെ പ്രധാന ചര്‍ച്ചാ വിഷയമായി മമ്മൂട്ടിയുടെ മൊബൈല്‍ ഫോണ്‍.

സെറ്റിലുണ്ടാക്കിയ പ്രശ്‌നങ്ങള്‍
കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം ഗൗതമിയും മൊബൈലുമായി എത്തി. പിന്നീട് മാധവിയുടെ കൈയിലും മൊബൈല്‍ കണ്ടു. ദേവനും പുതിയ ഫോണ്‍ വാങ്ങി. എന്നാല്‍ മുരളി മാത്രം ഫോണ്‍ വാങ്ങിയില്ല. ഷൂട്ടിംഗിനിടെ മൊബൈല്‍ റിംഗ് ചെയ്യല്‍ പതിവായി. ഇതോടെ അഭിനയം പാതി വഴി നിര്‍ത്തിവെച്ച് താരങ്ങള്‍ അതിന് പിന്നാലെ പോകും. ഇത് മുരളിയ്ക്ക് ഇഷ്ടപ്പെട്ടില്ല. ഇനിയും ഇത് തുടര്‍ന്നാല്‍ ഞാന്‍ ഇറങ്ങി പോവുമെന്ന് മുരളി പറഞ്ഞു. പറഞ്ഞ് മനസിലാക്കാന്‍ കുറേ ബുദ്ധിമുട്ടി. പക്ഷേ പ്രശ്‌നങ്ങള്‍ വേഗം പരിഹരിക്കപ്പെട്ടു. ഷൂട്ട് പുനരാരംഭിക്കുകയും ചെയ്തുവെന്ന് തുളസിദാസ് പറയുന്നു.

ആയിരം നാവുള്ള അനന്തന്‍
മമ്മൂട്ടിയെ നായകനാക്കി തുളസിദാസ് സംവിധാനം ചെയ്ത് 1996 ല്‍ റിലീസിനെത്തിയ സിനിമയായിരുന്നു ആയിരം നാവുള്ള അനന്തന്‍. എസ്എന്‍ സ്വാമിയായിരുന്നു സിനിമയ്ക്ക് തിരക്കഥ ഒരുക്കിയത്. മമ്മൂട്ടി, മുരളി, ഗൗതമി, മാധവി, ദേവന്‍, സുകുമാരി, വിന്ദുജ മേനോന്‍, സ്ഫടികം ജോര്‍ജ്, മണിയന്‍പിള്ള രാജു തുടങ്ങി വമ്പന്‍ താരങ്ങളായിരുന്നു ചിത്രത്തില്‍ അണിനിരന്നത്. മമ്മൂട്ടിയും മുരളിയും ചേട്ടന്‍ അനിയന്മാരായി ഡോക്ടര്‍മാരുടെ വേഷത്തിലായിരുന്നു അഭിനയിച്ചിരുന്നത്.

തുളസീദാസിന്റെ സിനിമകള്‍
മലയാള സിനിമയിലെ ഒരു അറിയപ്പെടുന്ന സംവിധായകനാണ് തുളസീദാസ്. 25ല്‍ പരം ചിത്രങ്ങള്‍ തുളസീദാസ് സംവിധാനം ചെയ്തിട്ടുണ്ട്. 1988ല്‍ പുറത്തിറങ്ങിയ ഒന്നിനുപിറകേ മറ്റൊന്ന് എന്നതാണ് തുളസീദാസിന്റെ ആദ്യ ചിത്രം. സംവിധാനത്തിനൊപ്പം മൂന്നോളം സിനിമകള്‍ക്ക് തുളസിദാസ് രചന നിര്‍വഹിച്ചിട്ടുണ്ട്. സിനിമയ്ക്ക് പുറമേ ടെലിവിഷന്‍ സീരിയലുകളിലും തുളസീദാസ് പ്രവര്‍ത്തിച്ചിട്ടുണ്ട്.


Click it and Unblock the Notifications











